സ്വത്ത് തർക്കത്തെ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇരട്ടക്കൊലപാതകം: പോലീസ് കുറ്റപത്രം സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി എന്ന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 85-ാം ദിവസമാണ് അന്വേഷണസംഘം കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ കരുതിക്കൂട്ടി കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അടച്ചിട്ട മുറിയിൽ നടന്ന കേസിന് ആസ്പദമായ സംഭവത്തിൽ ദൃക്‌സാക്ഷികൾ ആരുമില്ല എന്നത്, കോടതിയിൽ കുറ്റം തെളിയിക്കുവാൻ പോലീസിന് വെല്ലുവിളിയായിരിക്കുമെന്ന് കാണാക്കപ്പെടുന്നു..
സ്വത്ത് തർക്കത്തെ തുടർന്ന് അനുജൻ മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (49), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യൂസ് സ്‌കറിയ (പൂച്ചക്കല്ലിൽ രാജു,-78) എന്നിവരെ പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. അനുജനും ജ്യേഷ്ഠനും തമ്മിലുള്ള സ്വത്ത് തർക്കം പരിഹരിക്കാനെത്തിയതായിരുന്നു മാത്യൂസ് സ്‌കറിയ. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണചുമതല.