റോഡ് നിർമാണത്തിൽ അപാകമാരോപിച്ച് പഞ്ചായത്തിലേക്ക് മാർച്ച്
15/06/2022
തുമരംപാറ-കൊപ്പം റോഡ് നിർമാണത്തിൽ അപാകമാരോപിച്ച് എരുമേലി ഗ്രാമപ്പഞ്ചായത്തിന് മുമ്പിൽ പ്രദേശവാസികൾ നടത്തിയ ധർണ
ഇരുമ്പൂന്നിക്കര: 25 ലക്ഷം രൂപ ചിലവിൽ നിർമിച്ച തുമരംപാറ-കൊപ്പം റോഡിന്റെ നിർമാണത്തിൽ അപാകം ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ. റോഡിന്റെ പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥലവാസികൾ പ്രകടനമായെത്തി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. തുമരംപാറ സഹൃദയ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനവും ധർണയും.
25 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ചെങ്കിലും റോഡ് ശോച്യാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. ടാറിങ് നടത്തിയത് പലേടങ്ങളിലും പൊളിഞ്ഞതായും, കലുങ്ക് നിർമാണത്തിലെ അശാസ്ത്രീയതകാരണം മഴയത്ത് റോഡ് ചെളിക്കുളമാകുന്നതായും റോഡിന്റെ സംരക്ഷണഭിത്തികൾ വീടുകൾക്ക് അപകട ഭീഷണിയാണെന്നും സ്ഥലവാസികൾ പറഞ്ഞു.
സംഘം പ്രതിനിധികളായ അരുൺകുമാർ, വിനോദ് പുളിക്കൽ, രാജൻ തൈക്കൂട്ടത്തിൽ, തോമാച്ചൻ, നിസാം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വംനൽകി.