ചിലർ‍ തമാശയ്ക്ക് ‘പൊറോട്ട വക്കീൽ’ എന്നു വിളിക്കും; രണ്ട് സ്ത്രീകളുടെ സ്വപ്നമാണ് ഈ എൽഎൽബി: അനശ്വര പറയുന്നു

അഡ്വ.അനശ്വര ഹരി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍– ഇതാണ് കോവിഡ് കാലത്ത് പൊറോട്ടയടിച്ച് വൈറലായ അനശ്വരയുടെ പുതിയ മേൽവിലാസം. ചിലർ തമാശയ്ക്ക് പൊറോട്ട വക്കീൽ എന്നു വിളിക്കുമെങ്കിലും അനശ്വരയ്ക്ക് പരിഭവങ്ങളില്ല. വക്കീൽ പഠനത്തിനിടയിൽ പൊറോട്ട വിഡിയോ വൈറലായി അങ്ങനെയൊരു പേരു വീണെങ്കിലും അഭിഭാഷക എന്ന നിലയിൽ പേരെടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ചുറുചുറുക്കിന്റെ പര്യായമായ ഈ പെൺകുട്ടി. അതിനു കരുത്തു പകർന്ന് അനശ്വരയുടെ ഇടവും വലവും ചേർന്നു നിൽക്കുന്ന രണ്ടു സ്ത്രീകളുണ്ട്. അനശ്വരയുടെ അമ്മ സുബിയും വല്യമ്മ സതിയും. ഇവർ കണ്ട സ്വപ്നമാണ് അനശ്വരയുടെ ഈ പുഞ്ചിരിയും അവൾ സ്വന്തമായുണ്ടാക്കിയ മേൽവിലാസവും.

അച്ഛന്റെയോ ഭർത്താവിന്റെയോ അമ്മയുടെയോ കുടുംബക്കാരുടെയോ പേരിലല്ല, ഒരു പെൺകുട്ടിക്ക് സ്വന്തമായൊരു മേൽവിലാസം ഉണ്ടാകണമെന്ന അവരുടെ നിർബന്ധബുദ്ധിയാണ് അനശ്വരയുടെ ജീവിതവും കാഴ്ചപ്പാടും മാറ്റിമറിച്ചത്. നിയമപുസ്തകങ്ങളിൽ നിന്നല്ല സ്വന്തം അമ്മയുടെയും വല്യമ്മയുടെയും ജീവിതങ്ങളിൽ നിന്നാണ് അനശ്വര ലിംഗനീതിയെക്കുറിച്ചുള്ള വലിയ പാഠങ്ങൾ ആദ്യം പഠിച്ചത്. പാതയോരത്തെ ചെറിയൊരു ചായക്കടയിൽ പൊറോട്ടയടിച്ചും ഭക്ഷണമുണ്ടാക്കി വിൽപന നടത്തിയും ട്യൂഷനെടുത്തും നിയമപഠനം പൂർത്തിയാക്കി. ഒരുപാട് പെൺകുട്ടികൾക്ക് മാതൃകയായ അനശ്വര ജീവിതം പറയുന്നു.

ഇത് അവർ കണ്ട സ്വപ്നം

അമ്മയുടെ ചേച്ചിയാണ് എൽഎൽബി എന്ന മോഹം എന്നിലേക്ക് ആദ്യം നിറയ്ക്കുന്നത്. ഞാൻ ചിറ്റമ്മ എന്നാണ് വല്യമ്മയെ വിളിക്കുക. ചിറ്റമ്മ വിവാഹം ചെയ്തിട്ടില്ല. വക്കീൽ ആകണമെന്നായിരുന്നു ചിറ്റമ്മയുടെ വലിയ ആഗ്രഹം. അതു നടന്നില്ല. ഞാൻ പ്ലസ്ടു കഴിഞ്ഞ സമയത്ത് ചിറ്റമ്മ ചോദിച്ചു, നിനക്ക് എൽഎൽബിക്ക് ശ്രമിച്ചു കൂടെ എന്ന്! അങ്ങനെയാണ് എൻട്രൻസ് എഴുതിയും അൽ അസർ തൊടുപുഴയിൽ അഡ്മിഷൻ ലഭിച്ചതും. ചിറ്റമ്മ എൽഎൽബിയെക്കുറിച്ചു പറഞ്ഞപ്പോൾ എനിക്കും താൽപര്യം തോന്നിയിരുന്നു. പക്ഷേ, ഞങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമായിരുന്നില്ല. എങ്കിലും, അമ്മയും ചിറ്റമ്മയും കൂടെ നിന്നു പിന്തുണ നൽകി. അങ്ങനെയാണ് ഞാൻ അഭിഭാഷകയായത്.

ആദ്യമായി വക്കീൽ കുപ്പായം ഇട്ടപ്പോൾ

ആദ്യമായി വക്കീൽ കുപ്പായം ഇട്ടപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു. രോമാഞ്ചം എന്നൊക്കെ പറയില്ലേ… അതുപോലൊരു ഫീൽ! അത് ഞാൻ ശരിക്കും ആസ്വദിച്ചു. എന്നെ ആ വേഷത്തിൽ കണ്ടപ്പോൾ അമ്മയുടെയും ചിറ്റയുടെയും കണ്ണു നിറഞ്ഞു. എന്നെക്കൊണ്ട് ഇത് സാധിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. കുട്ടിക്കാലത്ത് ഞാൻ നന്നായി പഠിച്ചിരുന്നെങ്കിലും പിന്നീട് മഹാ ഉഴപ്പലായിരുന്നു. എന്നാൽ, പ്ലസ്ടു പഠനകാലം എനിക്ക് വഴിത്തിരിവായി. ഞാനൊരു വേദിയിൽ കയറി രണ്ടക്ഷരം സംസാരിക്കാൻ തുടങ്ങിയത് പ്ലസ്ടുവിൽ എൻഎസ്എസിന് ചേർന്നപ്പോഴാണ്. പിന്നെ ലോ കോളജിലെത്തി. അവിടെ ഞാൻ എല്ലാ പ്രവർത്തനങ്ങളിലും ആക്ടീവ് ആയിരുന്നു. വൈറൽ വിഡിയോ എന്റെ ജീവിതം മാറ്റി മറിച്ചു. അതിലൂടെ എന്നെ ഒരുപാടു പേർ തിരിച്ചറിയാൻ തുടങ്ങി. അതു വലിയ ഉത്തരവാദിത്തമായി. പരീക്ഷയിൽ വല്ല സപ്ലിയും വന്നിരുന്നുവെങ്കിൽ ഞാൻ ആ വൈറൽ വിഡിയോ കാരണം ഉഴപ്പിയതാണെന്നേ ആളുകൾ പറയൂ. അതുകൊണ്ട് നല്ല രീതിയിൽ കഠിനാധ്വാനം ചെയ്തു. അതിന് ഫലമുണ്ടായി. ഇനി പ്രാക്ടീസ് ചെയ്യണം. അതിനായി കൊച്ചിയിലേക്ക് വരാനുള്ള തയാറെടുപ്പിലാണ്.

എന്റെ ജീവിതത്തിലെ കരുത്തരായ സ്ത്രീകൾ

ഞാൻ പലർക്കും മാതൃകയാണെന്നു പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ ലഭിക്കാറുണ്ട്. സത്യത്തിൽ ഞാനല്ല റോൾ മോഡൽ. എന്റെ അമ്മയും ചിറ്റമ്മയുമാണ്. അമ്മയെ ഒരുപാടു പേർ പരിഹസിച്ചിട്ടുണ്ട്… അപമാനിച്ചിട്ടുണ്ട്. മാറി നിന്നു കുറ്റം പറഞ്ഞിട്ടുണ്ട്. അമ്മയെ മാത്രമല്ല, ചിറ്റമ്മയേയും അങ്ങനെ ചെയ്തിട്ടുണ്ടാകാം. ഇതൊന്നും വക വയ്ക്കാതെയാണ് അവർ എന്നെ വളർത്തിയതും പഠിപ്പിച്ചതും. അതിനിടയിൽ, ഇത്രയും കാശു മുടക്കി എന്നെ പഠിപ്പിക്കണോ, കല്യാണം കഴിപ്പിച്ചു വിടാനുള്ളതല്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. അത്തരം ചോദ്യങ്ങളൊന്നും അവരെ പിന്തിരിപ്പിച്ചില്ല. അവർക്ക് എത്താൻ കഴിയാത്തിടത്ത് അവരുടെ മകളെ അവർ എത്തിച്ചു! ഞാനേറെ ഭാഗ്യവതിയാണ്. കാരണം, സാധാരണ എല്ലാ വീടുകളിലും പഠനം കഴിഞ്ഞാൽ ഉടനെ പെൺകുട്ടികളെ കെട്ടിച്ചു വിടുന്നതാണ് പതിവ്. എന്നാൽ, എന്റെ വീട്ടിൽ അങ്ങനെയല്ല. ജോലിയായി സ്വന്തം കാലിൽ നിന്നിട്ടു മതി വിവാഹം എന്നാണ് എന്റെ അമ്മയും ചിറ്റമ്മയും മറ്റുള്ളവരോട് പറയുക.

സ്വന്തം കാലിൽ നിന്നിട്ടു മതി വിവാഹം

പഠനം കഴിഞ്ഞ്, സ്വന്തമായി വരുമാനം കണ്ടെത്തിയ ശേഷം മതി പെൺകുട്ടികൾക്ക് വിവാഹം എന്നാണ് എന്റെ നിലപാട്. ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ജീവിതത്തിൽ വരികയാണെങ്കിലും സ്വന്തമായി വരുമാനമുണ്ടെങ്കിൽ അതായത് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഒരു ധൈര്യമാണ്. പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നത് കണ്ടിട്ടുണ്ട്. വിവാഹശേഷവും പഠിക്കാമല്ലോ എന്നൊക്കെ പറഞ്ഞാവും അവരെ വിവാഹം ചെയ്യിപ്പിക്കുന്നത്. അങ്ങനെ ചെയ്യുന്നതിനോടും എനിക്ക് യോജിപ്പില്ല. ആ രീതിയിൽ പഠിച്ചു ജോലി നേടിയതിനുശേഷം, ‘ഞാൻ പഠിപ്പിച്ചിട്ടല്ലേ നീ പഠിച്ചത്… ജോലി നേടിയത്’ എന്ന മട്ടിലുള്ള പരാമർശങ്ങൾ ഭർത്താവിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ കേൾക്കേണ്ടി വന്നേക്കാം. അതുണ്ടാകാതിരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അങ്ങനെ ഒരു ഔദാര്യത്തിന്റെ ആവശ്യമില്ല.

നിരാശയല്ല, വിശ്വാസമാണ് നയിക്കേണ്ടത്

ജീവിതത്തിൽ നിരാശ തോന്നാൻ പല കാരണങ്ങളും ഉണ്ടാകും. നമ്മെ നിരുത്സാഹപ്പെടുത്താനാകും ചുറ്റുമുള്ളവർ ശ്രമിക്കുക. ചിലപ്പോൾ വാക്കു കൊണ്ടാകാം… പ്രവർത്തി കൊണ്ടാകാം… എന്നാലും, നമ്മെ പിന്തുണയ്ക്കുന്ന ഒരാൾ മതി… ഒരു തോന്നൽ മതി. നമുക്ക് ജീവിതത്തിൽ എന്തെങ്കിലും സാധിച്ചെടുക്കാൻ കഴിയും. തോറ്റു പോയെന്ന് നമ്മൾ സ്വയം വിശ്വസിച്ചാൽ ശരിക്കും തോറ്റു പോകും. പക്ഷേ, നമുക്ക് ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ടെങ്കിൽ നമ്മൾ അതു നേടുക തന്നെ ചെയ്യും. ആ വിശ്വാസം േവണം.

ഇനിയുമുണ്ടേറെ സ്വപ്നങ്ങൾ, ചിറ്റമ്മ സതി പറയുന്നു

ഞങ്ങളുടെ കാലഘട്ടത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് ജീവിക്കാനുള്ള ചുറ്റുപാടില്ല. മറ്റുള്ളവർക്കൊക്കെ ഒരു പുച്ഛമായിരുന്നു. ഇവരൊക്കെ എന്തിനു പോകുവാണ് എന്നൊരു ഭാവമായിരുന്നു പലർക്കും. നമ്മൾ ഒരു വീട്ടിൽ കേറിച്ചെന്നാൽ, അവർ ഇരിക്കാൻ പറയില്ല. അതു മാറി കിട്ടണം എന്നതായിരുന്നു ആഗ്രഹം. അത് ഇപ്പോൾ സാധിച്ചു. അനശ്വരയ്ക്ക് ഇന്ന് ഒരു മേൽവിലാസമുണ്ട്. അവൾ ഒരിടത്ത് കേറി ചെന്നാൽ ഇരിക്കാൻ പറയും. അതാണ് പ്രത്യേകത. ഞാനെപ്പോഴും ഇവരോടു പറയും, ഒരു പത്തുരൂപയ്ക്കു വേണ്ടി ആരുടെ മുമ്പിലും കൈനീട്ടേണ്ടി വരരുത്. അതുകൊണ്ട് പഠിക്കണം. ജോലി വാങ്ങിക്കണം. ഇതായിരുന്നു ഞാൻ ആവശ്യപ്പെട്ടത്. അനശ്വരയെ വക്കീൽ വേഷത്തിൽ കണ്ടപ്പോൾ അഭിമാനവും സന്തോഷവും കൊണ്ടു കണ്ണു നിറഞ്ഞു പോയി. ഇനി അവളെ എൽഎൽഎമ്മിന് വിടണമെന്നാണ് ആഗ്രഹം. ആ കോഴ്സും പൂർത്തിയാക്കി അനശ്വര അഭിഭാഷകയായി പേരെടുക്കണം, ചിറ്റമ്മ സതി പുഞ്ചിരിയോടെ പറഞ്ഞു.

error: Content is protected !!