കാഞ്ഞിരപ്പള്ളി ബൈപാസ് ടെൻഡർ വീണ്ടും വൈകുന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപ്പാസ് ടെന്‍ഡര്‍ നടപടി വീണ്ടും വൈകുന്നു. സ്ഥലം വിട്ടു നല്കുന്നതില് മൂന്നു സ്വകാര്യ വ്യക്തികളുടെ സമ്മതപത്രം ലഭിക്കാത്തതിനെത്തുടർന്നാണ് ടെന്‍ഡര്‍ നടപടി വൈകുന്നത്. നിര്‍ദിഷ്ട ബൈപാസ് തുടങ്ങുന്ന പഞ്ചായത്ത് ഓഫീസ് പടിക്കലെ ദേശീയ പാതയോരത്തു മൂന്നു പേരുടെ 6.25 സെന്റ് സ്ഥലംകൂടി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇവര്‍ മുന്‍കൂര്‍ സമ്മതപത്രം നല്കിയാല് ജൂലൈ ആദ്യവാരം ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാനാകുമായിരുന്നെന്ന് റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
ഇവര്‍ മുന്‍കൂര്‍ സമ്മതപത്രം നല്‍കാത്ത സ്ഥിതിക്കു സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന് ഒരു മാസത്തിലേറെ വേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. 13 വര്‍ഷം മുന്‍പ് തുടക്കമിട്ട പദ്ധതി ഒട്ടേറെ പ്രതിസന്ധികളും നിയമ കുരുക്കുകളും തരണം ചെയ്ത് ഏറ്റെടുത്ത സ്ഥലത്തു പൊതുമരാമത്ത്, വനംവകുപ്പ് എന്നീ വകുപ്പുകളുടെ മൂല്യ നിര്‍ണയ നടപടികളും സര്‍വേയും പൂര്‍ത്തിയാക്കി ജില്ലാ സൂപ്രണ്ട് സ്കെച്ചും പ്ലാനും അംഗീകരിക്കുകയും ചെയ്തിരുന്നു.
ഏറ്റെടുക്കൽ
ടൗണ്‍ ഹാള്‍ മുതല്‍ ഫാബീസ് ഓഡിറ്റോറിയം വരെയുള്ള ഭാഗത്തെ സ്ഥലമാണ് ആദ്യം ഏറ്റെടുത്തത്. കാഞ്ഞിരപ്പള്ളി വില്ലേജില്‍ 41 സബ് ഡിവിഷനുകളിലായി 23 സര്‍വേ നമ്പറുകളില്‍പ്പെട്ട 32 പേരുടെ ഉടമസ്ഥതയില്‍ കിടക്കുന്ന 8.64 ഏക്കര്‍ സ്ഥലമാണ് ആദ്യം ഏറ്റെടുത്തത്.
ഇതിനായി 24.76 കോടി രൂപ വിപണി വിലയായി നല്കി. രണ്ടാം ഘട്ടമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ ഉള്‍പ്പെടെ ദേശീയ പാതയോരത്ത് എട്ടു പേരുടെ ഉടമസ്ഥതയിലുള്ള 21 സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ പഞ്ചായത്തിന്റെ 10.5 സെന്റ് ഉള്‍പ്പെടെ അഞ്ചു പേരും സ്ഥലം വിട്ടു നല്കി. ഇനി മൂന്നു പേരുടെ ഉടമസ്ഥതയിലുള്ള 6.25 സെന്റ് സ്ഥലം കൂടിയാണ് ഏറ്റെടുക്കാനുള്ളത്.
78 കോടിയുടെ പദ്ധതി
ആര്‍ബിഡിസിയുടെ പുതിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരം സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ 78.69 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി കിഫ്ബിയില്‍നിന്ന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ബൈപ്പാസിന്റെ നിര്‍മാണത്തിനു പുതുക്കിയ റേറ്റ് പ്രകാരം 30 കോടി രൂപയാണ് എസ്റ്റിമേറ്റ് തുകയായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ദേശീയ പാതയില്‍നിന്നു മണിമലയ്ക്കും ചിറ്റാര്‍പുഴയ്ക്കും മീതെ ഫ്ലൈ ഓവര്‍ നിര്‍മിക്കുന്നിനു11 കോടി രൂപ വിനിയോഗിക്കും.
ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കല്‍നിന്ന് ആരംഭിച്ചു മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും മീതെ പാലം ഫ്ലൈ ഓവര്‍ നിര്‍മിച്ചു ടൗണ്‍ ഹാളിനു സമീപത്തു കൂടി ഫാബീസ് ഓഡിറ്റോറിയത്തിന് അരികിലൂടെ പൂതക്കുഴിയില്‍ ദേശീയപാതയില്‍ പ്രവേശിപ്പിക്കുന്നതാണ് നിര്‍ദിഷ്ട ബൈപാസ്.
ഒരു പാലം, അഞ്ച് കലുങ്ക്
ദേശീയ പാതയിലേക്കു പ്രവേശിക്കുന്ന സ്ഥലത്തെ അപകട സാധ്യത കണക്കിലെടുത്തു മതിയായ സുരക്ഷാ മാനദന്ധങ്ങള്‍ പാലിച്ചു ഡിവൈഡറുകളും റൗണ്ടാനകളും നിര്‍മിക്കും. 1.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസില്‍ ഒരു പാലവും അഞ്ച് കലുങ്കുകളും നിര്‍മിക്കും. ശരാശരി 15 മുതല്‍ 20 മീറ്റര്‍ വരെയായിരിക്കും വീതി.
ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലാണ്. വില നിര്‍ണയം കഴിഞ്ഞ് ഉടമസ്ഥര്‍ക്കു വില നിശ്ചയിച്ചു നല്കിയ ശേഷം 19 (1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ണമാകും. തുടര്‍ന്ന് ആര്‍ബിഡിസി ടെന്‍ഡര്‍ നടപടികളിലേക്കും കടക്കും. അഞ്ചു മാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാനാകുമെന്ന പ്രതീക്ഷിയിലാണ് അധികൃതർ.
ബൈപാസ് യാഥാർഥ്യമായാല്‍ കാഞ്ഞിരപ്പള്ളി നഗരത്തിലെ കുരിശുങ്കല്‍ ജംഗ്ഷന്, ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്,പേട്ടക്കവല എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരമാകും. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കൊല്ലം – തേനി ദേശീയ പാതയിലൂടെയെത്തുന്ന ദീര്‍ഘദൂര വാഹനങ്ങള്‍ക്കു ടൗണില്‍ പ്രവേശിക്കാതെ കടന്നുപോകാം. ഇതോടെ വീതി കുറഞ്ഞ ടൗണിലെ ഗതാഗതം സുഗമമാകും.