എസ്ഡിയുടെ പ്രഥമ കായിക മേധാവി പ്രഫ. ടി.ജെ. കുര്യൻ ഓർമയായി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിലെ പ്രഥമ കായികവിഭാഗം മേധാവി പ്രഫ. ടി.ജെ. കുര്യൻ ഓർമയായി. 1966 -1995 കാലത്ത് കോളജിന്റെ കായിക വിഭാഗം മേധാവി ആയിരിക്കെ സർവകലാശാല അന്തർ സർവകലാശാല തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കോളജിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി. 1970 -80 കാലഘട്ടത്തിൽ കേരള സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ കാഞ്ഞിരപ്പള്ളിയുടെ വോളിബോൾ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കോളജ് ടീം സർവകലാശാല വിജയികളായത് കുര്യൻ സാറിന്റെ നേതൃത്വത്തിലാണ്.
ക്രോസ് കൺട്രി, അത്ലറ്റിക്സ് തുടങ്ങിയ ഇനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. രാജ്യത്തിന്റെ കായിക രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ച ഇ.ജി. പ്രകാശ്, കെ.എസ്. സുകുമാരൻ, ജോജി മാത്യു, റോയി കെ. മാണി, നൈനാൻ വി. മാത്യു തുടങ്ങി ഒട്ടനവധി അന്തർദേശീയ താരങ്ങൾ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നുവന്നവരാണ്.
കായിക പശ്ചാത്തല സൗകര്യങ്ങളിൽ എംജി സർവകലാശാലയിലെ തന്നെ ഏറ്റവും മികച്ച കോളജായി എസ്ഡി കോളജ് മാറിയതും കുര്യൻ സാറിന്റെ അക്ഷീണ പരിശ്രമത്തിലാണ്. എംജി സർവകലാശാലയിലെ കോളജുകളിൽ ആദ്യമായി 400 മീറ്റർ ട്രാക്കോടു കൂടിയ സ്റ്റേഡിയവും ബാസ്കറ്റ് ബോൾ, വോളീ ബോൾ, ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങൾക്കുള്ള കോർട്ടുകളും നിലവിൽ വന്നത് ഈ കാലയളവിലാണ്. കാഞ്ഞിരപ്പള്ളിയുടെ കായിക ചരിത്രത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചുകൊണ്ടാണ് പ്രഫ. ടി.ജെ. കുര്യൻ വിട വാങ്ങുന്നത്. സംസ്കാരം ഇന്ന് 9.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടക്കും.