തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി കോരുത്തോട് പള്ളിപ്പടി മേഖല
കോരുത്തോട്: കോരുത്തോട് പള്ളിപ്പടിക്ക് സമീപം തെരുവുനായശല്യം രൂക്ഷം. കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിൽ പൊങ്ങംപാറയിൽ കുമാരൻ നായർക്ക് പരിക്കേറ്റിരുന്നു.
പള്ളിപ്പടി, ബാങ്ക്പടി മേഖലയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളുടെ എണ്ണം ഓരോ ദിവസം വർധിക്കുകയാണ്. മുന്പ് രാത്രി കാലങ്ങളിലായിരുന്നു തെരുവുനായ ശല്യം രൂക്ഷമെങ്കിൽ ഇപ്പോൾ പകൽ സമയങ്ങളിലും റോഡിലൂടെ നടന്നു പോകുന്ന ആളുകളെവരെ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. ഇതോടെ ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്.
സമീപത്തെ സ്കൂളിലെ വിദ്യാർഥികളടക്കം നടന്നു പോകുന്ന വഴിയിൽ തെരുവുനായകൾ കൂട്ടമായി നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. മുന്പ് കോരുത്തോട് ടൗണിലും തെരുവുനായ ശല്യം രൂക്ഷമായിരുന്നു. ഉടമസ്ഥരില്ലാതെ നടക്കുന്ന നായകൾ പെറ്റു പെരുകി പല സ്ഥലങ്ങളിലായി വലിയ കൂട്ടമായി മാറിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാരുടെ നേരെ കുരച്ച് കൊണ്ട് ഓടുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നായകൾക്ക് പേവിഷ പ്രതിരോധ മരുന്നുകൾ നൽകാറുണ്ടെങ്കിലും തെരുവു നായകൾക്ക് ഇത് നൽകാറില്ല. സമീപ പ്രദേശമായ പാറത്തോട് പഞ്ചായത്തിൽ ഒരു വർഷം മുന്പ് തെരുവുനായ പത്തോളം ആളുകളെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.