എലിക്കുളം നാട്ടുചന്തക്ക് മൂന്ന് വയസ്സ്
എലിക്കുളം : കൃഷിക്കാരിൽനിന്ന് വാങ്ങിവിറ്റത് 160 ടൺ ഏത്തക്കുല, ചെറുകുല 70 ടൺ…പാലാ-പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയിലെ എലിക്കുളം നാട്ടുചന്തനാട്ടുകാർക്ക് ഏറെ ആശ്വാസമാവുകയാണ് . പശു, ആട്, കോഴി, വീട്ടിലെ കുളത്തിൽ വളർത്തുന്ന മീനുകൾ, പച്ചക്കറി, പഴവർഗങ്ങൾ, കപ്പ, ചേന, കാച്ചിൽ, ചേമ്പ് തുടങ്ങി എന്തും എത്ര കുറഞ്ഞ അളവിലാണെങ്കിലും മടികൂടാതെ കർഷകർക്ക് വിൽപ്പനയ്ക്കെത്തിക്കാൻ നാട്ടുചന്ത സഹായമായി.
ചന്തയ്ക്ക് ഇപ്പോൾ പ്രായം മൂന്ന്; നാലാം വയസ്സിലേക്ക് പദമൂന്നുന്നതിന്റെ ആഘോഷം ഈമാസം ഏഴിന് തുടങ്ങും. തളിർ പച്ചക്കറി ഉത്പാദകസംഘം പ്രവർത്തകർ കൃഷിഭവൻ, എലിക്കുളം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് നടത്തിപ്പ്.
കർഷകർക്ക് എന്തും ഏതും വിൽക്കാനും വാങ്ങാനും പ്രിയപ്പെട്ട ഇടമായി മാറി, ഇപ്പോൾ എലിക്കുളം നാട്ടുചന്ത. വയസ്സ് മൂന്നു കഴിഞ്ഞതേയുള്ളൂവെങ്കിലും ബാലാരിഷ്ടതയില്ല. ലോക്ഡൗൺ കാലയളവിൽ പോലും പ്രവർത്തനംനിർത്താതെ കൃഷിക്കാർക്കൊപ്പം നിന്നു. കടയടച്ചിട്ട സമയത്ത് പ്രവർത്തകർ വീടുകളിലെത്തി ഉത്പന്നങ്ങൾ വാങ്ങി, ആവശ്യക്കാർക്ക് കൊടുത്ത് പണം വീട്ടിലെത്തിച്ചു.
എല്ലാ വ്യാഴാഴ്ചകളിലും പഞ്ചായത്ത് പരിധിയിൽനിന്നല്ലാത്ത കർഷകരും ഇപ്പോൾ തങ്ങളുടെ ഉത്പന്നങ്ങളുമായെത്താറുണ്ട്.
ഇടനിലക്കാരില്ലാതെ വിറ്റഴിച്ച് കൃത്യമായി പണം നൽകും. വ്യാപാരികൾ നാടൻ ഉത്പന്നങ്ങൾ വാങ്ങാൻ ആശ്രയിക്കുന്നതും ഇവിടെ.
പശു, ആട്, കോഴി, വീട്ടിലെ കുളത്തിൽ വളർത്തുന്ന മീനുകൾ, പച്ചക്കറി, പഴവർഗങ്ങൾ, കപ്പ, ചേന, കാച്ചിൽ, ചേമ്പ് തുടങ്ങി എന്തും എത്ര കുറഞ്ഞ അളവിലാണെങ്കിലും മടികൂടാതെ കർഷകർക്ക് വിൽപ്പനയ്ക്കെത്തിക്കാൻ നാട്ടുചന്ത സഹായമായി.