പരിസ്ഥിതി നിയമലംഘനം: തടവിനുപകരം പിഴ ശുപാർശചെയ്ത് മന്ത്രാലയം
പരിസ്ഥിതിസംരക്ഷണനിയമങ്ങളുടെ ലംഘനം ക്രിമിനൽക്കുറ്റമാകുന്ന രീതിക്ക് മാറ്റംവരുന്നു. ഇത്തരം സംഭവങ്ങളിൽ തടവുശിക്ഷയ്ക്കുപകരം പിഴ ചുമത്താനുള്ള നടപടികളാണ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
പരമാവധി അഞ്ചുകോടി രൂപയോ ലംഘനംമൂലം പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം അതിലുമുപരിയാണെങ്കിൽ തത്തുല്യമായ തുകയോ പിഴയായി ഈടാക്കാനുള്ള കരടിനാണ് രൂപംനൽകിയിരിക്കുന്നത്. ഇതുപ്രകാരം, പിഴത്തുക നിശ്ചയിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കായിരിക്കും. കേന്ദ്രതലത്തിൽ ജോയന്റ് സെക്രട്ടറിമാരും സംസ്ഥാനതലത്തിൽ സെക്രട്ടറി റാങ്കിലുള്ളവരും പിഴത്തുക നിശ്ചയിക്കും.
പിഴ അടയ്ക്കാത്തവർക്കുള്ള ശിക്ഷയും കരടിൽ നിർദേശിക്കുന്നുണ്ട്. ഇവർ മൂന്നുവർഷംവരെ തടവിനും പത്തുകോടി രൂപവരെ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടേക്കാം.
നിലവിൽ നിയമലംഘനത്തിന് അഞ്ചുവർഷംവരെ തടവോ ഒരുലക്ഷംവരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ആണ് ശിക്ഷ. ആവർത്തിക്കുന്നവരിൽനിന്ന് ലംഘനം തുടരുന്ന എല്ലാദിവസവും 5000 രൂപവരെ അധികപിഴ ഈടാക്കും. ഒരുവർഷത്തിലേറെ ലംഘനം തുടർന്നാൽ ഏഴുവർഷംവരെ തടവ് ലഭിക്കും.
ഈരീതിക്ക് മാറ്റംവന്നാലും പരിസ്ഥിതിനിയമലംഘനം ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ കാരണമായാൽ അത് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പരിധിയിൽവരും. പിഴയായി ഈടാക്കുന്ന തുക സമാഹരിച്ച് പരിസ്ഥിതിസംരക്ഷണഫണ്ട് രൂപവത്കരിക്കാനും ഭേദഗതിയിൽ നിർദേശിക്കുന്നുണ്ട്.