വീട്ടിൽ തോക്കുണ്ട്, പിസി ഇല്ലാതെ പറ്റില്ല; പിണറായി അനുഭവിക്കും: ഉഷ ജോർജ്

ഒരൊറ്റ ദിവസം കൊണ്ടാണ് ഉഷ ജോർജ് കേരള രാഷ്ട്രീയത്തിൽ ഇടം പിടിച്ചത്. പി.സി. ജോർജിന്റെ ഭാര്യയാണ് ഉഷ. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഉഷ മനംനൊന്ത് പറഞ്ഞ പ്രതികരണം താമസിക്കാതെ സോഷ്യൽ മീഡിയയിൽ വൈറലായി. അന്ന് ഒരുപാട് ട്രോളുകളിൽ നിറഞ്ഞപ്പോഴും 2 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ രണ്ടാം ഇന്നിങ്സിലെ ആദ്യത്തെ വിക്കറ്റ് വീണു. അതോടെ ഉഷ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ചിലർക്കെങ്കിലും തോന്നി. ഉഷയുടെ ശാപം ചർച്ചയായി. ശരിക്കും ഉഷ ശപിച്ചതാണോ. ഉഷയ്ക്ക് ശപിക്കാന്‍ കഴിയുമോ. അതിനുള്ള ശക്തിയുണ്ടോ. പൊതുവേ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാർ പറയാത്ത കാര്യമാണ് ഉഷ പറഞ്ഞത്. തന്റെ ശാപവാക്കുകളെക്കുറിച്ചും അതു പറയാനിടയായ സാഹചര്യത്തെക്കുറിച്ചും ഉഷ ജോർജ്  മനസ്സു തുറക്കുന്നു. 

∙ പി.സി. ജോർ‍ജിനെ അറസ്റ്റ് ചെയ്തപ്പോൾ അത്രയും രൂക്ഷമായി പ്രതികരിക്കാൻ കാരണം എന്താണ് 

1981ലായിരുന്നു ഞങ്ങളുടെ വിവാഹം. ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് 40 വർഷം കഴിഞ്ഞു. ഇതിനിടയിൽ ഉയർച്ചകളും താഴ്ചകളും ഒരുപോലെ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്നും എന്തിനെയും ഒന്നിച്ചാണ് നേരിട്ടത്. എന്റെ ജീവിതമാണ് അദ്ദേഹം. അദ്ദേഹത്തിന് എന്നും ഒരു രാഷ്ട്രീയ പ്രവർത്തകനായി നിൽക്കാനുള്ള സാഹചര്യം വീട്ടിൽ ഞാൻ ഒരുക്കിയിരുന്നു. പൊതു പ്രവർത്തനമായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. അതിനായി അദ്ദേഹം സമൂഹത്തിലേക്ക് പരന്നൊഴുകിയപ്പോൾ ഞാൻ വീടിന്റെ ചുമതലകൾ ഏറ്റെടുത്ത് അകത്തേക്ക് ഒതുങ്ങി. വീടിന്റേതായ ഒരു കാര്യങ്ങളും അദ്ദേഹത്തെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. കുടുംബത്തിന്റെ നെടുംതൂണായി ഞാൻ നിന്നു. അദ്ദേഹത്തിന്റെ പൂർണ പിന്തുണ അതിനുണ്ടായിരുന്നു. 

അന്നു പുള്ളിയെ അറസ്റ്റു ചെയ്ത് റിമാൻഡിൽ വിട്ടിരുന്നേൽ ഞാൻ നേരെ തിരുവനന്തപുരത്തേക്കു പോയേനെ. അന്ന് അങ്ങനെ പോയിരുന്നെങ്കിൽ അവിടെ എന്തൊക്കെ ചെയ്തുകൂട്ടിയിരുന്നേനെ എന്നു പറയാൻ കഴിയില്ല. എന്റെ ജീവന്റെ ഭാഗമാണ് പുള്ളി. പുള്ളിയില്ലാതെയിരിക്കാൻ എനിക്കു കഴിയില്ല. പുള്ളിയെ വിട്ടിട്ട് ഒരു ദിവസത്തേക്ക് ഞാൻ വീട്ടിൽ പോലും പോകാറില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞാൻ ഇടയ്ക്കു വീട്ടിൽ പോകുമായിരുന്നു. ആ ദിവസങ്ങളിൽ പുള്ളി രാത്രി തന്നെ എന്റെ വീട്ടിലെത്തും. പിരിഞ്ഞിരിക്കാൻ ഞങ്ങൾക്കു കഴിയില്ല. ഞങ്ങൾ തമ്മിലുള്ള സ്നേഹം അതാണ്. പുള്ളിയുടെ കാര്യങ്ങൾ നോക്കാൻ ഞാൻ വേണം. അതെനിക്കറിയാം. 

ഈ ജന്മത്തിൽ അദ്ദേഹം ചെയ്യില്ലെന്നു എനിക്കുറപ്പുള്ള 2 കാര്യങ്ങളാണുള്ളത്. ഒന്ന് കൈക്കൂലി, അടുത്തത് പീഡനം. അത് അദ്ദേഹത്തിനെ അറിയാവുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ ഞങ്ങളെ ആരെങ്കിലും ഈ സാഹചര്യത്തിൽ വെറുതേ വിടുമോ. കേൾക്കേണ്ടി വന്ന പഴിയിൽ എരിയുന്നത് ഒരു കുടുംബം മുഴുവനുമാണ്. 

∙ പിസി. ജോർജിനെ സർക്കാർ വേട്ടയാടുകയാണോ 

അദ്ദേഹത്തെ വിടാതെ ആക്രമിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതും പീഡന കേസ്. മറ്റെന്തെങ്കിലുമാണെങ്കിൽ ക്ഷമിക്കാമായിരുന്നു. പുള്ളിയെ പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അതു തന്നെ ആരോപിച്ചിരിക്കുന്നത്. പുറത്തു കാണിക്കുന്നില്ലന്നേയുള്ളൂ. അദ്ദേഹത്തിനു നല്ല വിഷമമുണ്ട്. അത് എനിക്കറിയാം. പുറകേ പുറകെ ഓരോ കേസ് ഉണ്ടാക്കുകയാണ്. സാക്ഷിയാക്കാമെന്നു പറഞ്ഞു കൊണ്ടുപോയി പീഡന കേസിൽ അകത്താക്കുന്ന അത്രയും ദ്രോഹം മറ്റെന്തുണ്ട്? അന്ന് ദൈവം കനിഞ്ഞാണ് അദ്ദേഹത്തിനു ജാമ്യം കിട്ടിയത്. ആദ്യമായാണ് പീഡനക്കേസിൽ പേരു വന്നത്. ഇതുപോലെ അദ്ദേഹം വിഷമിച്ച സംഭവം മുൻപ് ഉണ്ടായിട്ടില്ല. 

ആ സമയത്തൊക്കെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ സ്ത്രീകൾ തന്നെ പി.സി. ജോർജ് നല്ല മനുഷ്യനാണെന്നു പറഞ്ഞു രംഗത്തു വന്നു. എന്നെ വിളിച്ച ചില സ്ത്രീകൾ പിസിക്കെതിരെ ഇനിയൊരു വിഷയമുണ്ടായാൽ കേരളത്തിലെ വനിതകൾ ഉണരണമെന്നു പറഞ്ഞു. അവർ പ്രക്ഷോഭങ്ങളുമായി രംഗത്തു വരും. ഉറപ്പാണ്. ഒട്ടേറെപ്പേർ പ്രശ്നം വന്നപ്പോൾ തിരുവന്തപുരത്തുപോയി സത്യഗ്രഹം ഇരിക്കാമെന്നു പറഞ്ഞിരുന്നു. ഇനി എന്തെങ്കിലും ഉണ്ടായാൽ ഞാൻ നന്നായി പ്രതികരിച്ചിരിക്കും. 

പീഡനകേസിൽ പ്രതിയായതും ആരോപിക്കപ്പെട്ടതുമായ ആളുകളുടെ ഭാര്യമാർ ആരെങ്കിലും പ്രതിഷേധവുമായി രംഗത്തു വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ആദ്യമായി പ്രതിഷേധിച്ചത് ഞാനല്ലേ. അതെനിക്ക് അത്രയും ഉറപ്പുണ്ടായിരുന്നതുകൊണ്ടു തന്നെയാണ്. ചെയ്യാത്ത തെറ്റിനു തെറ്റിദ്ധരിക്കപ്പെട്ടു. അതാണ് ഏറ്റവും മനപ്രയാസം ഉള്ള കാര്യം. 

∙ പിസി അറസ്റ്റിലാക്കപ്പെട്ട ആ ദിവസം എന്താണ് സംഭവിച്ചത് 

‘ഇനി ഇവരെങ്ങാനും ചതിക്കുമോ, പറ്റിച്ച് അകത്താക്കാനാണോ വിളിക്കുന്നത്..’ ഇങ്ങനെ പിസി പോകുന്നതിന്റെ തലേന്നു ഞങ്ങൾ വീട്ടിലിരുന്നു തമാശയായി സംസാരിച്ചിരുന്നു. പക്ഷെ അത്രയും നാണംകെട്ട ഗെയിം പ്രതീക്ഷിച്ചില്ല. എന്നാൽ അതുപോലെ സംഭവിച്ചു. എന്റെ സഹോദരൻ ഭക്ഷണം വാങ്ങാനായി പുറത്തു പോയപ്പോൾ അവിടുള്ളവരാണ് വാർത്ത കണ്ടല്ലേ എന്നു ചോദിച്ചത്. നമ്മൾ പറഞ്ഞതുപോലെ അവരു ചതിച്ചു കേട്ടോ എന്നാണ് അവൻ വന്ന് പറഞ്ഞത്. പിന്നീട് ഓരോ കാര്യവും ടിവിയിൽക്കൂടിയാണ് അറിഞ്ഞത്. അതൊരു ചതിയാണെന്നു ഞങ്ങൾക്കു ഉറപ്പായിരുന്നു. അദ്ദേഹത്തിനു ജാമ്യം ലഭിച്ചു. പൊലീസ് ഉപദ്രവിച്ചോ എന്നതായിരുന്നു ജഡ്ജിയുടെ ആദ്യത്തെ ചോദ്യം. ഇല്ലെന്ന് അദ്ദേഹം മറുപടി നൽകി. പിന്നീട് പുള്ളി എനിക്കൊന്നു സംസാരിക്കണം എന്നു ജഡ്ജിനോടു പറ​ഞ്ഞു. സംസാരിച്ചു കഴിഞ്ഞ് ജഡ്ജി ചേംബറിലേക്കു കയറിപ്പോയി. പിന്നീട് കുറേ സമയം കഴിഞ്ഞ് തിരിച്ചിറങ്ങിവന്നാണ് ജാമ്യക്കാരുണ്ടോ എന്നു ചോദിച്ചത്. അതിനിടയിൽ അവർ കേസിനെക്കുറിച്ചു പഠിച്ചിട്ടുണ്ടാകണം. 

ഈ സമയത്തെല്ലാം ഞങ്ങൾ വീട്ടിലിരുന്നു പ്രാർഥിക്കുകയായിരുന്നു. എന്തു സംഭവിച്ചാണെങ്കിലും ഈ കേസിൽ നിന്ന് ഒന്നു ഊരിപ്പോരണമേ എന്നതായിരുന്നു ഏക പ്രാർഥന. ടിവിയിൽ കാര്യങ്ങൾകണ്ടു കൊച്ചു മക്കൾ അടക്കം മുത്തച്ഛൻ എന്താ അമ്മൂമ്മേ ചെയ്തത് എന്നൊക്കെ ചോദിക്കാൻ തുടങ്ങി. വേറെ എന്തു കേസാണെങ്കിലും കുഴപ്പമില്ല. പക്ഷെ ഇതിൽ നിന്ന് ഊരിപ്പോന്നില്ലെങ്കിലേ….. ഇതുപോലൊരു ഷോക്ക് എനിക്കുണ്ടാകാനില്ല. ഇനിയും ഞാൻ അതിൽ നിന്നു മുക്തയായിട്ടില്ല.

∙ ആരാണ് ഈ കേസ് ആസൂത്രണം ചെയ്തത് 

മുഖ്യമന്ത്രി ഇടപെട്ട ആസൂത്രണമാണ് കേസ് എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ സംഭവങ്ങൾ നടക്കുന്നതിന്റെയും 2 ആഴ്ച മുൻപ് സോളർ കേസിൽ പ്രതിയായ സ്ത്രീ തന്റെ അപ്പനു തുല്യമാണ് പിസി ജോർജ് എന്നും രാഷ്ട്രീയക്കാരിൽ അവരെ പീഡിപ്പിക്കാത്തത് പിസി മാത്രമാണെന്നും പറഞ്ഞിരുന്നല്ലോ.. 2 ആഴ്ചകൊണ്ടു അതൊക്കെ എങ്ങനെ മാറിമറിഞ്ഞു? സോളാർ കേസിന്റെ സമയത്താണ് ആ സ്ത്രീ ആദ്യമായി പിസിയെ ചെന്നു കാണുന്നത്.  ആ സ്ത്രീയെ സഹായിച്ചതാണ് പിസി ചെയ്ത ഏക തെറ്റ്. 

∙ വീട്ടിൽ തോക്കുണ്ടോ 

വീട്ടിൽ തോക്കുണ്ടന്നത് സത്യമാണ്. അത് എന്റെ അപ്പൻ പിസിക്ക് കൊടുത്തതാണ്. ഉപയോഗിക്കാൻ ലൈസൻസുമുണ്ട്. ഈ വിഷയം നടന്ന സമയത്ത് എന്റെ ചില സുഹൃത്തുക്കളാണ് ‘ഉഷേ, അവിടെ തോക്കിരിപ്പില്ലേ, അതെടുത്ത് അയാൾക്കിട്ട് 2 എണ്ണം പൊട്ടിക്ക്’ എന്നു വിളിച്ചു പറഞ്ഞത്. അതൊക്കെ എന്റെ മനസ്സിൽ കിടക്കുവല്ലേ.. പെട്ടന്ന് മീഡിയ വന്നപ്പോൾ അറിയാതെ വായിൽ നിന്നു വീണുപോയി. ആ പരാമശത്തിൽ എനിക്കൊരു ദുഖവുമുണ്ട്. ഒരു മുഖ്യമന്ത്രിയെ അങ്ങനെ പറയോമോന്നു പലരും ചോദിച്ചു.

 പൊലീസ് ക്രൈംബ്രാഞ്ചുമൊക്കെ മൊഴിയെടുക്കാ‍ൻ വന്നിരുന്നു. അന്നേരത്തെ ആ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നു എല്ലാവർക്കും മനസ്സിലായി. എന്നു വച്ച് ആ പരാമർശമൊഴിച്ച് അന്നു പറഞ്ഞതിൽ മറ്റൊന്നിനും എനിക്കു കുറ്റബോധമൊന്നും  എനിക്കില്ല. പറഞ്ഞതു കൂടിപ്പോയി എന്ന തോന്നല്ല, കുറഞ്ഞുപോയി എന്ന തോന്നലേ എനിക്കുള്ളൂ.

∙ ഉഷയുടെ ശാപമാണോ സജി ചെറിയാന്റെ രാജി 

ജീവിതത്തിൽ സത്യസന്ധത പുലർത്തിയ ഒരു സ്ത്രീയുടെ മനസ്സു നൊന്ത വാക്കുകളായിരുന്നു അത്. മുഖ്യമന്ത്രി അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ. ഞാനും എന്റെ കുടുംബവും അതിനായി പ്രാർഥിക്കുന്നുണ്ട്. ഈ സംഭവങ്ങൾ നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രി സഭയിലെ ഒരാൾ പുറത്തായി. അന്ന് പലരും വിളിച്ചു പറഞ്ഞു ചേച്ചിയുടെ കൊന്തയുടെ ശക്തികൊണ്ടാണ് അതെന്ന്. 

പക്ഷേ ഞാൻ സജിക്ക് എതിരായി അല്ലായിരുന്നു പറഞ്ഞത്. ഏതായാലും മുഖ്യമന്ത്രി അനുഭവിക്കും. സ്വർണക്കടത്തു കേസിലെ സത്യങ്ങളും മുഖ്യമന്ത്രിയുടെ പങ്കും മറനീക്കി പുറത്തുവരും. സത്യം തെളിയും. ദൈവം തെളിയിക്കും. ഒരു കുടുംബം മുഴുവന്റെയും പ്രാർഥനയാണത്.

∙ മുതുകത്തു കയറാൻ വന്നാൽ സമ്മതിക്കില്ല

പെട്ടന്നാണ് പിസിയെ അറസ്റ്റ് ചെയ്യുന്നത്. ചെറുക്കാനുള്ള സമയം പോലും കൊടുക്കില്ല. പിസിയെ മാത്രമല്ലേ പിണറായിക്ക് അങ്ങനെ അറസ്റ്റ് ചെയ്യാൻ കഴിയുന്നുള്ളൂ. പേടിയാണ് പിസി പറയുന്ന യാഥാർത്യങ്ങളെ പേടിയാണ്. അതാണു കാര്യം. ഇതിനു മുന്നേ പലരുടെയും പലകാര്യങ്ങളും പുള്ളി വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്. എത്രയോ രാഷ്ട്രീയക്കാരുടെ സ്വകാര്യ രഹസ്യങ്ങൾ പുള്ളിക്കറിയാം. 

പുള്ളിയായിട്ട് ആരെയും ഉപദ്രവിക്കില്ല. എന്നാൽ ഉപദ്രവിക്കാൻ വന്നാൽ വെറുതേ വിടത്തുമില്ല. എന്നാൽ ആരുടെയെങ്കിലും കണ്ണുനീർ കണ്ടാൽ അതിലലിയുന്ന ഹൃദയമാണ് പുള്ളിയുടേത്. ഒരു പച്ചയായ മനുഷ്യനാണ് അദ്ദേഹം. നിഷ്കളങ്കതകൊണ്ടുള്ള സംസാരമാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. അദ്ദേഹം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നുവെന്നു പറയുന്നത് ശരിയല്ല. ശരിയായ കാര്യങ്ങളാണു പുള്ളി പറയുന്നത്. മറ്റുള്ളവർക്കു തുറന്നു പറയാനുള്ള ധൈര്യം ഇല്ല. എന്നാൽ പുള്ളിക്കതുണ്ട്. അതാണ് പ്രശ്നവും. എൽഡിഎഫും യുഡിഎഫും പുള്ളിയെ ചതിക്കുന്നതിൽ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. ആ വി.ഡി. സതീശനൊക്കെ പണ്ട് എത്ര മോശമായാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്? ഞങ്ങളുമായി ഒരു പ്രശ്നവും സതീശനില്ല. എന്നിട്ടും അദ്ദേഹത്തെ തുറങ്കലിൽ അടയ്ക്കണമെന്നു പോലും പറഞ്ഞു. കെ. സുധാകരൻ അനൂകൂലിച്ച് രംഗത്തു വന്നതോടെയാണ് സതീശൻ പറച്ചിൽ നിർത്തിയത്. ഇത്തവണത്തെ പീഡനക്കേസു വന്നപ്പോൾ അതുകൊണ്ടു സതീശൻ ഒന്നും മിണ്ടിയില്ല. പുള്ളിയെ ചതിച്ചത് ആരൊക്കെയാണെങ്കിലും ചെവിയേൽ നുള്ളി ഇരുന്നാൽ മതി. ആരെയും പിസി ജോർജ് വെറുതേ വിടാൻ പോകുന്നില്ല.

error: Content is protected !!