‘തോൽപിച്ചതിന് ജനങ്ങള്‍ക്ക് നന്ദി, ഇനിയുമേറെ പുറത്തുവരും, പിണറായിയെ രാജിവയ്പിക്കും’
ഒന്നിനു പിറകെ ഒന്നായാണ് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജിനെതിരെയുള്ള കേസുകൾ. വിദ്വേഷ പ്രസംഗത്തിൽ തുടങ്ങി ഇപ്പോൾ പീഡനക്കേസിൽ വരെ അതെത്തി നിൽക്കുന്നു. പക്ഷേ ആയിരം കേസുകൾ വന്നാലും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ചിട്ടേ അടങ്ങൂ എന്നു പറയുന്നു പി.സി. ജോർജ്. 10 വർഷം മുൻപ് ഇരു മുന്നണികൾക്കും ഒഴിച്ചു കൂടാനാകാത്ത ‘ട്രബിൾ ഷൂട്ടറാ’യിരുന്നു പി.സി. ജോർജ്. അതിൽനിന്ന് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് മാറിയതെങ്ങനെയാണ്? എന്തുകൊണ്ടാണ് തുടരെത്തുടരെ കേസുകൾ വരുന്നത്? എതിരാളികൾക്ക് പി.സിയെ ഭയമുണ്ടോ? എല്ലാറ്റിനും മറുപടി പറയുകയാണ് പി.സി.ജോർജ്.
∙ തുടർച്ചയായി വേട്ടയാടപ്പെടുകയാണെന്നു തോന്നുന്നുണ്ടോ?
അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗം മുതലാണ് കേസുകൾ ഒന്നിനു പിന്നാലെ ഒന്നായി വന്നത്. ഹിന്ദുക്കൾ പല വിഭാഗങ്ങളായി നിൽക്കാതെ ഒന്നിക്കണമെന്നു പറഞ്ഞു. അതിനൊപ്പം അവഗണിക്കപ്പെടുന്ന ക്രൈസ്തവരും കൂടെയുണ്ടാകണം. ചെറു വിഭാഗം ഒഴികെയുള്ള മുസ്‌ലിം വിശ്വാസികളും ഇതിനൊപ്പമുണ്ടാകും. പിണറായി വിജയൻ നോക്കിയപ്പോൾ ഇങ്ങനെ ഒരു ഐക്യമുണ്ടായാൽ അവർക്കാണ് നഷ്ടം. അന്നു മുതലാണ് കേസുകൾ ആരംഭിച്ചത്. എറണാകുളത്തെ ക്ഷേത്രത്തിലും വളരെ മാന്യമായാണു സംസാരിച്ചത്. ദൈവത്തെ മുറുകെ പിടിക്കണം എന്നാണു പറഞ്ഞത്. അതും വർഗീയതയായി ചിത്രീകരിച്ചു.
∙ എന്താണ് പി.സി.ജോർജിന് പിന്നാലെ ഇങ്ങനെ കേസുകൾ?
സത്യം തുറന്നു പറയുന്നതാണ് വേട്ടയാടുന്നതിനു കാരണം. 2004ലെ മലപ്പുറം സമ്മേളനത്തിൽ വി.എസ്.അച്യുതാനന്ദനെ തകർത്ത് പിണറായി വിജയൻ പാർട്ടി പിടിച്ചെടുത്തു. അതിന്റെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്. അതിന് ഫാരിസ് അബൂബക്കറിന്റെ സഹായമുണ്ട്. ‘ഷാഡോ ക്യാരക്ടറാണ്’ ഫാരിസ് എന്ന് സിപിഎം തന്നെ പറഞ്ഞതാണ്. യഥാർഥ കമ്യൂണിസ്റ്റുകൾ ഇന്നു പാർട്ടിയിൽനിന്ന് അകലുകയാണ്. ഇതൊക്കെ തുറന്നു പയുന്നതാണ് വിരോധം.
∙ എതിരാളികൾക്കു പി.സി.ജോർജിനെ ഭയമുണ്ടോ?
ശക്തമായ നിലപാട് എടുക്കുന്നതിനാലാണ് പേടിപ്പിക്കാനായി കേസുകൾ എടുക്കുന്നത്. എന്നെ പേടിപ്പിക്കാൻ നോക്കുന്നു. കുടുംബത്തെ പേടിപ്പിക്കാൻ നോക്കുന്നു. ഇപ്പോഴും വീടിനു പുറത്ത് പൊലീസുണ്ട്. 15ാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതാണ്. അന്ന് ഈ പൊലീസിനെതിരെ സമരം ചെയ്തു തന്നെയാണ് വളർന്നത്. അതുകൊണ്ട് പൊലീസിനെ കാണിച്ച് പേടിപ്പിക്കാൻ നോക്കിയാൽ നടക്കില്ല.
∙ പി.സി. ജോർജിന് ആരെയെങ്കിലും ഭയമുണ്ടോ?
ദൈവം തമ്പുരാനെയും അരുവിത്തുറ വല്യച്ചനെയും മാത്രമാണു ഭയം. വേറെയാരെയും പേടിയില്ല.
∙ താങ്കളുടെ നിലപാടുകളാണ് ഈ അവസ്ഥയിൽ എത്തിച്ചതെന്നു തോന്നുന്നുണ്ടോ?
എന്റെ നിലപാടുകൾ കടുത്ത നിലപാടുകളാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ശരിയോടൊപ്പം നിൽക്കുന്ന നിലപാടാണ്. പൊതുപ്രവർത്തകൻ എന്നാൽ മാന്യതയുണ്ടാകണം എന്ന നിലപാടാണ്. ആ നിലപാടിൽ മുന്നോട്ടു പോകുമ്പോൾ ഒരു കേസിലും പെടുത്താൻ കഴിയാത്തതിനാൽ പെണ്ണു കേസിൽ വരെ പെടുത്തിയില്ലേ. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ എന്നിവർ ഈ കേസിന് എതിരെ പറഞ്ഞിട്ടുണ്ട്. എനിക്കൊരു പ്രശ്നമില്ല. ഇതൊക്കെ പറയട്ടെ.
∙ ധൈര്യത്തോടെ തുറന്നു പറയുന്ന രീതിയാണോ ശത്രുക്കളെ സൃഷ്ടിക്കുന്നത്?
ഒരു സ്ഥാനം വേണമെന്ന് ആഗ്രഹം ഉണ്ടെങ്കിലോ, നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യമെന്ന ആഗ്രഹമുണ്ടെങ്കിലോ അല്ലേ ഭയപ്പെടേണ്ട കാര്യമുള്ളൂ. എനിക്ക് ആരു പിണങ്ങിയാലും സ്നേഹിച്ചാലും പ്രശ്നമില്ല. ഇപ്പോൾ കേരളത്തിൽ എന്നെ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ. പിണക്കമുള്ളവർ ഇല്ലെന്നല്ല, അതിന് എത്രയോ ഇരട്ടിയാണ് എന്നെ സ്നേഹിക്കുന്നത്. അതിനു കാരണം ഞാൻ സത്യം പറയുന്നതു കൊണ്ടാണ്.
∙ 10 വർഷം മുൻപ് ഇരു മുന്നണികൾക്കും താങ്കൾ ഒഴിച്ചു കൂടാനാകാത്ത ട്രബിൾ ഷൂട്ടറായിരുന്നില്ലേ. അതിൽനിന്ന് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് മാറിയതെങ്ങനെ?
സിപിഎമ്മിൽ നിന്ന് എംഎൽഎമാരെ തട്ടിക്കൊണ്ടു പോയ ചരിത്രം ഇല്ല ഇതു വരെ സിപിഎമ്മിൽ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സർക്കാരിനെ ഉറപ്പിക്കാൻ ഒരു എംഎൽഎ കൂടി വേണം. ഒരാൾ കൂടി വന്നാൽ കോൺഗ്രസ്–ലീഗ്–കേരള കോൺഗ്രസ് പാർട്ടികൾക്ക് ഭരിക്കാം. അങ്ങനെ നോക്കി വന്നപ്പോൾ ഒരാളെ എനിക്ക് കിട്ടി. എന്റെ പാർട്ടിയിൽ ചേർത്തില്ല. കോൺഗ്രസുകാർക്ക് കൊടുക്കുകയാണ് ചെയ്ത്. അതാണ് സിപിഎമ്മിന് ആദ്യമായി ഉണ്ടായ അകൽച്ച. അന്നത്തെ സാഹചര്യത്തിൽ യുഡിഎഫിൽ നിൽക്കുമ്പോൾ അവർക്കു വേണ്ടി വർക്ക് ചെയ്യണ്ടേ. യുഡിഎഫിന് പിണക്കമുണ്ടാകാൻ കാരണം പ്രദേശികമായുണ്ടായ ബാങ്ക് തിരിമറിയാണ്. അതു നാട്ടിലെ ജനങ്ങളുടെ പ്രശ്നമായി. അപ്പോൾ എതിർക്കാതിരിക്കാൻ പറ്റുമോ. 2016 ൽ സ്ഥാനാർഥി നിർണയം വന്നപ്പോൾ യുഡിഎഫ് എതിർപ്പായി. അപ്പോൾ ഞാൻ സ്ഥാനാർഥിയാകുന്നില്ല എന്നു പറഞ്ഞ് സ്വതന്ത്രനായി നിന്നു. ആ തിരഞ്ഞെടുപ്പിൽ ജയിച്ചു. അതാണ് വൈരാഗ്യം കൂട്ടിയത്.
∙ എംഎൽഎ അല്ലാത്തത് ബലഹീനതയാണോ?
എംഎഎൽഎ അല്ലാത്തതാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങളുടെ കാരണം. കൂടുതൽ സമയം ലഭിച്ചു. ഒരു കാര്യം കിട്ടിയാൽ അതു പഠിക്കാൻ സമയമുണ്ട്. പിണറായി വിജയനെ രാജി വയ്പ്പിച്ചിട്ടേ പോകൂ. ഇനിയും ഒരുപാട് കടലാസുകൾ പുറത്തു വരാനുണ്ട്. സമയമുണ്ട്. ഓരോന്നും പുറത്തു കൊണ്ടു വരും. എല്ലാം ചികഞ്ഞ് എടുക്കും. എംഎൽഎയായിരുന്നെങ്കിൽ കൂടുതൽ ജോലിയുണ്ടാകുമായിരുന്നു. ഇപ്പോൾ ആവശ്യത്തിന് സമയമുണ്ട്. തോൽപിച്ചതിന് ജനങ്ങളോടു നന്ദി പറയുകയാണ് ഇപ്പോൾ.
∙ തുടർച്ചയായി കേസുകൾ വരുന്നു. ശൈലി മാറ്റുമോ?
അഞ്ച്, ആറ് കേസുകള്‍ മാത്രമാണ് ഇപ്പോൾ. ആയിരം കേസുകൾ എടുത്താലും ശൈലി മാറ്റില്ല. പിണറായി എന്നല്ല നൂറു പിണറായി വിജയൻ വന്നാലും മാറ്റമുണ്ടാകില്ല.
∙ ആരോപണങ്ങൾ പിണറായി വിജയന് എതിരെ മാത്രമാണല്ലോ?
മറ്റു സിപിഎം നേതാക്കന്മാർ ഇത്ര പ്രശ്നക്കാരല്ല. വൈക്കം വിശ്വൻ അടക്കം ഭയങ്കര ബഹുമാനമുള്ള നേതാക്കന്മാർ സിപിഎമ്മിലുണ്ട്. സിപിഎമ്മിൽ വളരെ നല്ലയാളുകളുണ്ട്. പിണറായി വിജയൻ പാർട്ടി ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
∙ അച്യുതാനന്ദനോടുള്ള സ്നേഹമാണോ പിണറായിയുടെ വിരോധത്തിനു കാരണം?
വി.എസ്.അച്യുതാനന്ദനുമായുള്ള ബന്ധമാണ് ശത്രുതയുണ്ടാക്കിയത്. മതികെട്ടാനിലും തോട്ടങ്ങളിലും അടക്കം കൊണ്ടു പോയി. അതാണ് പിണറായി വിജയനുമായുള്ള അകൽച്ചയ്ക്ക് തുടക്കം.
∙ ഇപ്പോഴത്തെ പീഡനക്കേസിൽ എന്താണ് പറയാനുള്ളത്?
കേൾക്കുമ്പോൾ അറിയാം കേസിന്റെ വിശ്വാസ്യത. പീഡനക്കേസിൽ ഇതുവരെ ആർക്കെങ്കിലും ജാമ്യം കിട്ടിയിട്ടുണ്ടോ. അപ്പോൾത്തന്നെ അറിയില്ലേ കേസിന്റെ സ്ഥിതി. കോടതിക്കു പോലും സത്യം മനസ്സിലായി. തൈക്കാട് ഗെസ്റ്റ് ഹൗസിൽ പരാതിക്കാരിയും മകനും എന്റെ ഗൺമാനുമുണ്ടായിരുന്നു. പ്രചരിക്കുന്ന ഓഡിയോ പോലെയുള്ള സം