ഇനി ജോസ് കെ. മാണി

 October 14, 2020

കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന രാഷ്ട്രീയ അതികായന്റെ തണലിലല്ല ഇന്ന് മകന്‍ ജോസ് കെ. മാണി. കെ.എം. മാണിയുടെ പൈതൃകം അടിത്തറയായുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്ന പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനുള്ള ചുമതല ജോസ് കെ. മാണിക്കുണ്ടുതാനും. ആ ചുമതല നിര്‍വഹിക്കുമ്പോള്‍ തെറ്റുകളും വീഴ്ചകളും ഉണ്ടാവാന്‍ പാടില്ല. മുന്നണി രാഷ്ട്രീയം ഏറെ പക്വത ആര്‍ജിച്ചു വളര്‍ന്നു കഴിഞ്ഞ കേരളത്തില്‍ യു.ഡി.എഫ്. – എല്‍.ഡി.എഫ്. എന്ന രണ്ടു ചേരികള്‍ തുല്യശക്തികളായി പരസ്പരം നോക്കി നില്‍ക്കുകയും ഇവയ്ക്കിടയില്‍ പുതിയ ഇടം തേടി വളരാന്‍ ബി.ജെ.പി. സഖ്യം വെമ്പി നില്‍ക്കുകയും ചെയ്യുമ്പോള്‍ കേരള കോണ്‍ഗ്രസ്(എം) പോലെയൊരു പാര്‍ട്ടിക്ക് ഒരു മുന്നണി വിട്ട് മറ്റൊരു മുന്നണിയിലേക്ക് മാറാനുള്ള തീരുമാനം അത്ര പെട്ടെന്നെടുക്കാനാവില്ല തന്നെ.

കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മാത്രമല്ല, സ്വന്തം രാഷ്ട്രീയത്തെയും ഭാവിയെയും ഏറെ ബാധിക്കുന്ന നിര്‍ണായകമായൊരു തീരുമാനമാണ് ഇപ്പോള്‍ ജോസ് കെ. മാണി സ്വീകരിച്ചിരിക്കുന്നത്. 1982 മുതല്‍ ഐക്യ ജനാധിപത്യമുന്നണിയുടെ അവിഭാജ്യഘടകമായിരുന്ന കേരള കോണ്ഡഗ്രസ് മാണി വിഭാഗം മുന്നണി വിട്ടിരിക്കുന്നു. ഇടതു മുന്നണിയിലേക്ക് തിരിയുകയാണെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.

1980-ല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തോടൊപ്പം ഇടതു മുന്നണിയില്‍ ചേര്‍ന്ന കെ.എം. മാണി, ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ അംഗവുമായിരുന്നു. ആന്റണി വിഭാഗം തിരിച്ച് കോണ്‍ഗ്രസിലേയ്ക്കു മടങ്ങുകയും ഇടതു മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തപ്പോള്‍ മാണി മന്ത്രിസ്ഥാനം രാജിവെക്കുകയും ഇടതു മുന്നണി വിട്ട് യു.ഡി.എഫിലെത്തുകയും ചെയ്തു. അന്നു മുതല്‍ യു.ഡി.എഫിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളാണ് മാണി.

1964-ലാണ് കേരള കോണ്‍ഗ്രസ് രൂപം കൊണ്ടത്. അതും എന്‍.എസ്.എസ്. സ്ഥാപകന്‍ സാക്ഷാല്‍ മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ. പാര്‍ട്ടിക്കു കേരള കോണ്‍ഗ്രസ് എന്നു നാമകരണം ചെയ്തതും മന്നമായിരുന്നു. 1965-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 133 സീറ്റില്‍ ഒറ്റയ്ക്കു മത്സരിച്ച് കേരള കോണ്‍ഗ്രസ് നേടിയത് 25 സീറ്റ്. കെ.എം. മാണി പാലായില്‍നിന്ന് നിയമസഭാംഗമായി. പിന്നീട് തുടര്‍ച്ചയായി 54 വര്‍ഷമാണ് മാണി പാലായെ പ്രതിനിധീകരിച്ചത്.

ക്രമേണ കേരള കോണ്‍ഗ്രസ് രാഷ്ട്രീയം മാണിയുടെ കൈകളിലേയ്ക്കൊതുങ്ങി. നേതൃത്വം കൈയില്‍ നിലനിര്‍ത്താന്‍ മാണി പാര്‍ട്ടിക്കുള്ളില്‍ പല തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി. തനിക്കെതിരെ തല പൊക്കുന്നവരെയൊക്കെ വെട്ടിവീഴ്ത്തി. പലപ്പോഴും പാര്‍ട്ടി പിളര്‍ന്നു. ആവശ്യം വന്നപ്പോള്‍ വേറിട്ടു നിന്ന കേരള കോണ്‍ഗ്രസ് കക്ഷികളെ മാണി തന്നെ കൂട്ടിയോജിപ്പിക്കുകയും ചെയ്തു. 

ഇടതുമുന്നണിയില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ മന്ത്രിയായിക്കഴിഞ്ഞിരുന്ന പി.ജെ. ജോസഫിനെയും കൂട്ടരെയും യു.ഡി.എഫിലേയ്ക്കു കൊണ്ടുവരാനും സ്വന്തം പാര്‍ട്ടിയില്‍ ലയിപ്പിച്ച് പാര്‍ട്ടി വലുതാക്കാനും മാണിക്കു കഴിഞ്ഞു. 2011-ല്‍ രണ്ടു സീറ്റ് ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. അധികാരത്തിലെത്തുകയും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാവുകയും ചെയ്തത് മാണിയുടെ ഈ നീക്കം കൊണ്ടായിരുന്നുവെന്ന കാര്യം ഓര്‍ക്കുക. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തലപ്പത്തുനിന്ന് മാണി പല കളികളും കളിച്ചു. എപ്പോഴും സ്വന്തം  പാര്‍ട്ടിയുടെയും സ്വന്തം വ്യക്തിത്വത്തിന്റെയും പ്രസക്തി ഊട്ടി ഉറപ്പിച്ചു. 1982 മുതല്‍ യു.ഡി.എഫിന്റെ തലപ്പത്തു തന്നെ മാണി നിലയുറപ്പിച്ചു നിന്നു.

1994-95 കാലത്ത് ആന്റണി പക്ഷവും തിരുത്തല്‍വാദികളും മുഖ്യമന്ത്രി കെ. കരുണാകരനെതിരെ തിരിഞ്ഞപ്പോള്‍ പോരിനു നേതൃത്വം കൊടുത്ത ഉമ്മന്‍ചാണ്ടി കെ.എം.മാണിയെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും ആര്‍. ബാലകൃഷ്ണപിള്ള, ടി.എം.ജേക്കബ് തുടങ്ങിയ നേതാക്കളെയും കൂടെ കൂട്ടി. യു.ഡി.എഫ്. നേതൃത്വം കരുണാകരന്റെ കൈയില്‍നിന്ന് ഉമ്മന്‍ചാണ്ടിയിലെത്തുകയായിരുന്നു. 1995 മാര്‍ച്ച് 18-ന് കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 22-ാം തീയതി എ.കെ. ആന്റണി മുഖ്യമന്ത്രിയായി. യു.ഡി.എഫ്. നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ കൈയിലുമായി. അന്നുമുതല്‍ ഉമ്മന്‍ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നീ ത്രിമൂര്‍ത്തികളാണ് യു.ഡി.എഫ്. രാഷ്ട്രീയം നിയന്ത്രിച്ചത്. 2016-ല്‍ ഉമ്മന്‍ചാണ്ടി ഭരണം തീരും വരെ.

ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബാര്‍ കോഴ കേസില്‍പെട്ടു കുരുക്കിലായപ്പോള്‍ സംശയിച്ചത് ചില കോണ്‍ഗ്രസ് നേതാക്കളെയായിരുന്നു. അന്നുതന്നെ കെ.എം. മാണിയും അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസും യു.ഡി.എഫില്‍നിന്ന് അകലാന്‍ തുടങ്ങിയിരുന്നു. പിന്നീട് ചരല്‍ക്കുന്നില്‍ യോഗം ചേര്‍ന്ന് യു.ഡി.എഫ്. വിട്ടിറങ്ങാന്‍ മാണിയും നേതൃത്വവും തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പാലായിലെത്തി അനുനയിപ്പിച്ചാണ് മാണിയെ തിരികെ മുന്നണിയിലേക്ക് കൊണ്ടുവന്നത്.

മാണിയുടെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസില്‍ പി.ജെ. ജോസഫും ജോസ് കെ. മാണിയും തമ്മിലുള്ള തര്‍ക്കം മുറുകി. പാലായില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിസ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ അട്ടിമറി വിജയം നേടി.

പാലയിലെ പരാജയം ജോസ് കെ. മാണിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. യു.ഡി.എഫ്. നേതൃത്വത്തില്‍ കെ.എം. മാണിക്കുണ്ടായിരുന്ന ഉന്നതമായ സ്ഥാനം ജോസ് കെ. മാണിക്കു കിട്ടിയില്ല. പി.ജെ. ജോസഫാവട്ടെ യു.ഡി.എഫിന്റെ മുന്‍നിര നേതാവായി ഉയരുകയും ചെയ്തു. രണ്ട് എം.എല്‍.എമാരും ഒരു രാജ്യസഭാംഗവും ഒരു ലോക്‌സഭാംഗവുമുള്ള ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയില്‍നിന്നു പുറത്താക്കുന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദവും ഇതിനു പിന്നിലുണ്ടായിരുന്നു. മുന്നണിയില്‍നിന്നു പുറത്താവുന്നതോടെ ജോസ് കെ. മാണിക്കു വിലപേശാനുള്ള ശക്തി നഷ്ടപ്പെടുമെന്നും യു.ഡി.എഫ്. നേതൃത്വം കണക്കുകൂട്ടി.

പക്ഷെ യു.ഡി.എഫിന്റെ കണക്കുകൂട്ടലൊക്കെയും തെറ്റിച്ച് ജോസ് കെ. മാണി ശക്തമായ രാഷ്ട്രീയ നിലപാടു പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തിലെ പൊരിയുന്ന വെയിലിലേയ്ക്ക് എടുത്തുചാടിയിരിക്കുന്നു. യു.ഡി.എഫ്. വിടാനും ഇടതു മുന്നണിയിലേയ്ക്കു തിരിയാനുമുള്ള പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ച ജോസ് കെ. മാണി ഒരു വലിയ പരീക്ഷണത്തിനൊരുമ്പെടുകയാണ്. കുറെ ദിവസങ്ങളായി സി.പി.എമ്മിന്റെ പല തട്ടിലുള്ള നേതാക്കളുമായും സംസാരിച്ച പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിനും കിട്ടേണ്ട സീറ്റുകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമാണ് ഈ പ്രഖ്യാപനം. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായകഘട്ടമാവും.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരുപോലെ പ്രധാനമാണ്. ഐക്യ ജനാധിപത്യ മുന്നണിക്ക് ഭരണം തിരിച്ചുപിടിച്ചേ മതിയാവു. രാജ്യത്ത് മറ്റെങ്ങും ഭരണത്തിലില്ലാത്ത സി.പി.എമ്മിന് കേരളത്തില്‍ ഭരണത്തുടര്‍ച്ച അനിവാര്യവുമാണ്. നിര്‍ണായകമായ ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയിലേക്കു കടന്നു ചെല്ലുന്നതെന്നു കാണണം. അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ തല ഉയര്‍ത്തി നിന്ന കെ.എം. മാണിയുടെ തണലും തലോടലുമില്ലാതെ പാര്‍ട്ടിയെ പുതിയ വഴിയിലേയ്ക്കു നയിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ജോസ് കെ. മാണിക്കു മുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ശക്തമായ തീരുമാനത്തിലൂടെ ജോസ് കെ. മാണി സംസ്ഥാനത്തെ മുന്‍നിര നേതാക്കളിലൊരാളായി മാറുകയാണ്.

error: Content is protected !!