ജലവിതരണക്കുഴൽ പൊട്ടി; റോഡ് കുഴിക്കാൻ അനുമതിയില്ല എരുമേലി ടൗണിന് സമീപം ധർമശാസ്താ ക്ഷേത്രത്തിന് അടുത്തുള്ള പ്രദേശങ്ങളിൽ അഞ്ച് ദിവസമായി വെള്ളമില്ല
എരുമേലി: ചുറ്റിനും മഴവെള്ളം. പക്ഷേ കുടിവെള്ളമില്ല. എരുമേലി ടൗണിന് സമീപം ധർമശാസ്താ ക്ഷേത്രത്തിന് അടുത്തുള്ള പ്രദേശങ്ങളിലാണ് അഞ്ച് ദിവസമായി ജലവിതരണം മുടങ്ങിയിരിക്കുന്നത്. ആയിരത്തോളം ഗാർഹിക-വാണിജ്യ ഉപയോക്താക്കൾ പ്രതിസന്ധിയിൽ. മഴക്കാലത്തും ടാങ്കർ ലോറികളിൽ കുടിവെള്ളം വിലയ്‌ക്ക് വാങ്ങേണ്ട അവസ്ഥ. എരുമേലി കെ.എസ്.ആർ.ടി.സി. ജങ്ഷന് സമീപം ലക്ഷംവീട് ഭാഗത്ത് എരുമേലി ചേനപ്പാടി റോഡിന്റെ മധ്യഭാഗത്താണ് ജലവിതരണക്കുഴൽ പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ പ്രദേശത്തേക്കുള്ള ജലവിതരണ ലൈൻ പൂട്ടി.
പരിഹരിക്കുന്നതിന് റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണം.പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയില്ലെന്നാണ് ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ജലവിതരണ വകുപ്പ് അനുമതി ആവശ്യപ്പെട്ടതെന്നും നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച അനുമതി നൽകുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു. ഒരുമണിക്കൂർ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നം അഞ്ച് ദിവസമായി പരിഹാരമില്ലാതെ തുടരുന്നതിന്റെ പൊരുളറിയാതെ പണംമുടക്കി കുടിവെള്ളം വാങ്ങുകയാണ് നികുതിയടയ്‌ക്കുന്ന ജനങ്ങൾ. ലക്ഷംവീട് ഭാഗത്ത് പൊട്ടിയത് പതിറ്റാണ്ടുകൾ പഴക്കമുളള സിമന്റ് പൈപ്പ്. എരുമേലി കുടിവെള്ള പദ്ധതിയിൽ പുതിയ പൈപ്പുകളിട്ട് ജലവിതരണം ആരംഭിച്ചെങ്കിലും ലക്ഷംവീട് ഭാഗത്തെ ജലവിതരണക്കുഴലുകൾ മാറിയില്ല. വെള്ളത്തിന്റെ മർദം താങ്ങാനാകാതെ നിരവധി തവണയാണ് പൈപ്പ് പൊട്ടുന്നത്.