പാറത്തോട് സർവീസ് സഹകരണബാങ്കിലെ എൽ.ഡി.എഫ്. ഭരണസമിതി അംഗങ്ങൾ രാജിവെച്ചു
പാറത്തോട്: സർവീസ് സഹകരണബാങ്കിലെ എൽ.ഡി.എഫ്. ഭരണസമിതി അംഗങ്ങൾ രാജിവെച്ചു. പതിനൊന്നംഗ ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയാണ് ഭരണിസമിതി രാജിവെച്ചത്.
നേരത്തെ യു.ഡി.എഫിലെ ഒരംഗത്തിന്റെ അംഗത്വം നഷ്ടപ്പെടുകയും എൽ.ഡി.എഫിലെ ഒരംഗം രാജിവെക്കുകയും ചെയ്തതോടെ ഭരണസമിതി അംഗങ്ങളുടെ എണ്ണം ഒൻപതായി ചുരുങ്ങി. ഇതോടെ എൽ.ഡി.എഫിന് നാലും യു.ഡി.എഫിന് അഞ്ചും അംഗങ്ങളായി.
ഭരണസമിതിയംഗങ്ങളായ ബാങ്ക് പ്രസിഡന്റ് കെ.ജെ. തോമസ് കട്ടയ്ക്കൽ, അഡ്വ. എൻ.ജെ. കുര്യാക്കോസ്, കെ.പി. സുജീലൻ, പ്രിൻസ് ജോസഫ് വെട്ടത്ത് എന്നിവരാണ് രാജിവെച്ചത്.
ഭരണകാര്യത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഭരണകാര്യങ്ങൾക്ക് എതിരുനിൽക്കുന്ന രീതിയിൽ പ്രതിപക്ഷത്തെ ഒരംഗം പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിസന്ധിയുണ്ടായത്.
ഇയാൾക്കെതിരേ ബാങ്കിലെ രണ്ട് വനിതാ ജിവനക്കാരെ അപമാനിച്ചതായും പരാതി ഉയർന്നിരുന്നു. ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും ധനസ്ഥിതിക്കും ഭംഗംവരുത്തുന്ന പ്രവർത്തനങ്ങളാണ് ഈ ഡയറക്ടർ ബോർഡംഗം നടത്തിയതെന്ന് ഭരണസമിതി ആരോപിച്ചു.
ബാങ്കിലെ ചില ജീവനക്കാർ നടത്തിയ ക്രമക്കേടുകൾ ഭരണസമിതി കണ്ടെത്തിരുന്നു. അംഗബലം കൂടുതലെന്ന കാരണത്തിൽ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായത്. നിലവിൽ 41 കോടി രൂപ നിക്ഷേപവും 34 കോടി രൂപ വായ്പയുമായി ബാങ്ക് നിലനിൽക്കുന്നത്.
താലൂക്കിലെ മികച്ച സഹകരണ ബാങ്കായി തുടർന്നും നിലനിർത്തുവാൻ ഇടതുപക്ഷ സഹകരണമുന്നണി സഹകാരികളുടെയും നിക്ഷേപകരുടെയും ജനങ്ങളുടെയും ഒപ്പമുണ്ടാകുമെന്ന് കെ.ജെ. തോമസ് കട്ടയ്ക്കൽ, അഡ്വ. എൻ.ജെ. കുര്യാക്കോസ്, കെ.പി. സുജലൻ, പ്രിൻസ് ജോസഫ് വെട്ടത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സാമ്പത്തികനഷ്ടത്തിൽനിന്ന് പ്രസിഡന്റിന് ഒഴിഞ്ഞുമാറാനാകില്ല
കാഞ്ഞിരപ്പള്ളി: പാറത്തോട് സർവീസ് സഹകരണബാങ്ക് രണ്ട് വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപ നഷ്ടത്തിലായതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ബാങ്ക് പ്രസിഡന്റ് കെ.ജെ. തോമസ് കട്ടയ്ക്കലിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബാങ്ക് ഭരണസമിതി യു.ഡി.എഫ്. അംഗങ്ങൾ അറയിച്ചു. ഈ ഭരണസമിതി അധികാരമേൽക്കുമ്പോൾ ബാങ്ക് 15 ലക്ഷം രൂപ ലാഭത്തിലായിരുന്നു. ബോർഡ് അംഗങ്ങളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെ ഇടതുഭരണസമിതിയംഗങ്ങളും ഒരുപറ്റം ജീവനക്കാരും ചേർന്ന് ബാങ്കിനെ പ്രതിസന്ധിയിലാക്കി. ഇതിൽ നിന്ന് രക്ഷപ്പെടുന്നതിനും സഹകാരികളെ തെറ്റിദ്ധരിപ്പിക്കുന്നതിനും ബോധപൂർവം നടത്തിയ ഒളിച്ചോട്ടമാണ് പ്രസിഡന്റും എൽ.ഡി.എഫിലെ മറ്റ് മൂന്ന് അംഗങ്ങളും നടത്തിയ രാജി.
കേരള കോൺഗ്രസ് (എം) നേതാക്കളായ മുൻ ബാങ്ക് പ്രസിഡന്റും മുൻ ബോർഡംഗവുമായവർ ഒന്നരക്കോടിയിലേറെ രൂപ ബാങ്കിൽനിന്ന് വായ്പയെടുത്ത് തിരിച്ചടവിൽ വീഴ്ച വരുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. പുറത്താക്കിയ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് യു.ഡി.എഫ്. അംഗങ്ങൾ ആവശ്യപ്പെട്ടു എന്നത് വാസ്ത വിരുദ്ധമാണെന്നും ബോർഡ് വൈസ് പ്രസിഡന്റ് റീനാമോൾ അംഗങ്ങളായ ഷാമോൻ, മറിയാമ്മ ജോസഫ്, ജലാൽ പൂതക്കുഴി, സിസിലിക്കുട്ടി ജേക്കബ്ബ് എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.