സൽമാന്റെ സ്വർണക്കുതിപ്പിന് വിസിൽ മുഴങ്ങിയത് കൂട്ടിക്കൽ ഗ്രാമത്തിൽനിന്ന്

October 30, 2018 

കൂട്ടിക്കൽ ∙ സംസ്ഥാന കായിക മേളയിലെ സൽമാന്റെ സ്വർണനേട്ടത്തിൽ തിളങ്ങുകയാണു കൂട്ടിക്കൽ ഗ്രാമം. തിരുവനന്തപുരം ജില്ലയ്ക്കാണ് സൽമാൻ സ്വർണം നേടിക്കൊടുത്തതെങ്കിലും ജന്മനാടായ കൂട്ടിക്കൽ ഗ്രാമത്തിന്റെ ആഹ്ലാദത്തിന് അതിരുകളില്ല. സ്കൂൾ കായികമേളയിൽ മൂവായിരം മീറ്റർ ഓട്ടത്തിൽ മേളയിലെ ആദ്യ സ്വർണവും അയ്യായിരം മീറ്ററിൽ രണ്ടാം സ്വർണവും നേടിയ സൽമാൻഫാറൂഖ് തേൻപുഴ മഠത്തിൽ സക്കീർ–ഷബ്ന ദമ്പതികളുടെ മകനാണ്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണു സൽമാൻ സ്കൂൾ കായിക മേളയിൽ ആദ്യ സ്വർണം നേടിയത്. കായിക കേരളത്തിന്റെയും ജില്ലയുടെയും അഭിമാനമായിരുന്ന കോരുത്തോട് സികെഎം ഹൈസ്കൂളിൽ നിന്നാണ് സൽമാന്റെ കായിക മുന്നേറ്റത്തിന്റെ തുടക്കം. എട്ടാംക്ലാസിനുശേഷം തിരുവനന്തപുരം സായിയിലേയ്ക്കു ചേക്കേറിയ സൽമാൻ കഴിഞ്ഞ വർഷം പാലായിൽ നടന്ന സംസ്ഥാന കായിക മേളയിലും മൂവായിരം മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു.

സൗത്ത് സോൺ നാഷനൽ മീറ്റിലും സംസ്ഥാന ജൂനിയർ മീറ്റലും സ്വർണമെഡൽ ജേതാവാണു സൽമാൻ. പിതാവ് സക്കീറും പഴയ കായിക താരമായിരുന്നെങ്കിലും തനിക്കു നേടാൻ കഴിയാതെ പോയ നേട്ടം മകൻ നേടുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹം. ദേശീയമേളയിലും സൽമാൻ നേട്ടം കൈവരിക്കുമെന്നു കൂട്ടിക്കൽ ഗ്രാമത്തിന് ഉറപ്പുണ്ട്. സംസ്ഥാന കായിക മേളയുടെ ട്രാക്കിൽനിന്നും നാട്ടിലേയ്ക്കു തിരിച്ചെന്ന നാടിന്റെ സുവർണ താരത്തിനു വൻ സ്വീകരണം ഒരുക്കുവാനുള്ള തയാറെടുപ്പിലാണു ഗ്രാമം.

error: Content is protected !!