മുണ്ടക്കയം നാട്ടുചന്ത നാലാം മാസത്തിലേയ്ക്ക്..

 October 30, 2018 

മുണ്ടക്കയം∙ തൊണ്ണൂറ് വർഷങ്ങൾക്കപ്പുറം ഓർമയായ നാട്ടുചന്ത ഇന്ന് പുതുതലമുറയ്ക്ക് അറിയില്ലെങ്കിലും അന്ന് ചന്തയ്ക്കു നൽകിയ പുത്തൻചന്ത എന്നപേരും സ്ഥലവും ഇന്നും പുതുമയോടെതന്നെ നിലനിൽക്കുന്നുണ്ട്. വർഷങ്ങൾക്കു ശേഷം നാടൻ സാധനങ്ങളുടെ വിപണനവുമായി ഫാർമേഴ്സ് ക്ലബ്ബിന്റെ നാട്ടുചന്ത വീണ്ടും സജീവമാകുമ്പോൾ പഴയകാല വ്യാപാര രീതികളും വളർച്ചയുടെ പടവുകളുമാണ് ഓർമപ്പെടുത്തലാകുന്നത്.

ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഇപ്പോൾ മുണ്ടക്കയത്തു പ്രവർത്തിക്കുന്ന നാട്ടുചന്തയിൽ നിന്ന്
നാടൻ വസ്തുക്കളുടെ വാതായനം ജനങ്ങൾക്കു മുൻപിൽ തുറന്ന പുതിയ നാട്ടുചന്തയുടെ പ്രവർത്തനം നാലാം മാസത്തിലേക്കു കടക്കുകയാണ്. പുത്തൻചന്തയുടെ പഴയ ഓർമകൾ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്താണ് പ്രതാപങ്ങൾ ഒട്ടും കുറയാതെ ഇപ്പോഴത്തെ പുത്തൻചന്ത എന്ന സ്ഥലത്ത് നാട്ടുചന്ത പ്രവർത്തനം ആരംഭിച്ചത്.

1925ന് റോബിൻസൺ എന്ന സായിപ്പാണ് പൊതുമാർക്കറ്റ് സ്ഥാപിച്ചതെന്നു ചരിത്രം പറയുന്നു. ആദ്യം റോബിൻസൺ മാർക്കറ്റ് എന്നറിയപ്പെട്ടിരുന്നത് പിന്നീട് പുത്തൻ ചന്തയായി മാറുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ കർഷക കുടിയേറ്റ മേഖലകളിൽനിന്നു പൊതുമാർക്കറ്റിലെത്തുന്ന സാധനങ്ങൾ വാങ്ങുവാൻ നാടിന്റെ നാനാ ഭാഗത്തുനിന്നും ആളുകൾ എത്തിയിരുന്നു. ഞായറാഴ്ച നടക്കുന്ന ചന്തയ്ക്കായി ശനിയാഴ്ച മുതൽ തന്നെ ആളുകൾ എത്തിയിരുന്നു.

എന്നാൽ വർഷങ്ങൾക്കുശേഷം മണിമലയാറിനു കുറുകെ പാലവും കെകെ റോഡും വന്നതോടെ വികസനം മണിമലയാറിന്റെ മറുകര കയറി ഇപ്പോൾ നിലവിലുള്ള ടൗണായി പരിവേഷം ആരംഭിച്ചു. ഇതോടെ പുത്തൻ ചന്തയുടെ പ്രതാപവും നഷ്ടമായി. വികസന മുരടിപ്പിലായിരുന്ന പുത്തൻചന്ത പ്രദേശം പക്ഷേ, ഇപ്പോൾ വികസന പാതയിലാണ്. സ്റ്റേഡിയവും കെഎസ്ആർടിസി ബസ് സ്റ്റാൻഡും ഒക്കെ ആകുന്നതോടെ പ്രദേശത്ത് ഇനിയും വികസന സാധ്യതയും നിലനിൽക്കുന്നു.

പഴമയെ ഉൾക്കൊണ്ട് പുതു പുത്തൻചന്ത ചരിത്രം മറക്കാത്ത പുതുതലമുറ പഴയ നാട്ടുചന്തയെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. എല്ലാ ഞായറാഴ്ചകളിലും കല്ലേപ്പാലം മുതൽ റോഡരികിൽ നിരനിരയായി കച്ചവടക്കാർ നിലയുറപ്പിക്കുകയും നാടൻ സാധനങ്ങൾ തേടി ജനക്കൂട്ടം എത്തുകയും ചെയ്യുന്ന കാഴ്ചയ്ക്കു വഴിയൊരുക്കിയത് ഫാർമേഴ്സ് ക്ലബ്ബാണ്. നാട്ടുചന്ത എന്ന ആശയം വളരെ നാൾക്കുശേഷം യാഥാർഥ്യമാക്കിയപ്പോൾ നാടൻ വിഭവങ്ങൾക്കു തന്നെയായിരുന്നു മുൻഗണന.

ചന്തയിൽ പശുവിനെ എത്തിച്ച് പാൽ അപ്പോൾതന്നെ കറന്നു നൽകുന്നു. ജീവനുള്ള മത്സ്യങ്ങൾ വിൽക്കുന്നതിനൊപ്പം ആവശ്യക്കാർക്ക് അപ്പോൾതന്നെ കറിവച്ചു നൽകുവാനും സംവിധാനമുണ്ട്. മത്സ്യത്തിനു പുറമേ മാംസവിൽപനയിലും നാടൻ രീതികൾ തന്നെ. കർഷകർ വിഭവങ്ങൾ നേരിട്ട് നാട്ടുചന്തയിൽ എത്തിക്കുകയും വിപണനം ചെയ്യുന്നുമുണ്ട്. ആട്, കോഴി, പശു തുടങ്ങിയവയും ചന്തയിലെ വിൽപന വസ്തുക്കളാണ്. നാടൻ വിഭവങ്ങളുടെ വിൽപന വഴി പഴമയുടെ നാടൻ വഴിയേ നാട്ടിൽ പുതുസംസ്കാരം വീണ്ടെടുക്കുക എന്നതാണ് പുതിയ നാട്ടുചന്തയുടെ ലക്ഷ്യം.

error: Content is protected !!