സ്‌പോർട്‌സ് സ്‌കൂൾ: കെട്ടിടം പണി തുടങ്ങി
കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം ഗവ. ഹൈസ്‌കൂളിൽ സ്‌പോർട്‌സ് സ്‌കൂൾ ആരംഭിക്കുന്നതിനു മുന്നോടിയായി പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചു. അക്കാദമിക് ബ്ലോക്കിന് ആവശ്യമായ കെട്ടിടം നിർമിക്കുന്നതിനുവേണ്ടി തറ നിരപ്പാക്കുന്ന ജോലികളാണ് തുടങ്ങിയത്. മൂന്നു നിലകളിലായി നിർമിക്കുന്ന ബ്ലോക്കിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. നിലവിലെ സ്‌കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നതിനു സമീപമാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നത്.
നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി അവിടെയാണ് സ്‌പോർട്‌സ് സ്‌കൂളിനുള്ള കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക. എൻ. ജയരാജ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ വിനിയോഗിച്ചാണ് ആദ്യനിലയുടെ നിർമാണം നടത്തുന്നത്. അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കാൻ മൂന്നുകോടി രൂപയുടെ പദ്ധതിക്കുള്ള എസ്റ്റിമേറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചതായി പൊതുമരാമത്ത് കെട്ടിടവിഭാഗം അധികൃതർ അറിയിച്ചു.
അഞ്ചുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി 14 ക്ലാസ് മുറികൾ, ഓഫിസ്, സ്റ്റാഫ് മുറികൾ, ലാബുകൾ, മൾട്ടിമീഡിയ റൂം, ലൈബ്രറി, റീഡിങ് റൂം എന്നിവയുൾപ്പെടുന്നതാണ് സ്‌പോർട്‌സ് സ്‌കൂൾ. കായിക അനുബന്ധ സൗകര്യങ്ങളോടു കൂടിയ സ്‌പോർട്‌സ് കോംപ്ലക്‌സിൽ കൗൺസലിങ്, മെഡിക്കൽ യൂണിറ്റുകൾക്കുള്ള സൗകര്യം ഉണ്ടായിരിക്കും.
ഇൻഡോർ ഉൾപ്പെടെ രണ്ട് വോളിബോൾ കോർട്ടുകൾ, ആറു വരികളായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവിലിയൻ, 25 മീറ്റർ നീന്തൽക്കുളം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം, മെസ് എന്നിവ അടങ്ങുന്നതാണ് സ്‌പോർട്‌സ് സ്‌കൂൾ.