രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങളില്ലാതെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ

 July 28, 2018

കാഞ്ഞിരപ്പള്ളി ∙ മലയോര മേഖലയിലുണ്ടാകുന്ന അത്യാഹിതങ്ങളിൽ ഓടിയെത്തുന്ന അഗ്നിശമന സേനയ്ക്ക് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങളില്ല. ഒരു മൊബൈൽ ടാങ്കർ യൂണിറ്റും ഒരു മിനി വാട്ടർ മിസ്റ്റും ഒരു ആംബുലൻസുമാണ് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിലുള്ളത്. വെള്ളത്തിലുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങളാണു പ്രധാനമായും ഇല്ലാത്തത്.

കഴിഞ്ഞ ദിവസം മുണ്ടക്കയത്തു മണിമലയാറ്റിൽ രണ്ടു യുവാക്കൾ ഒഴുക്കിൽപെട്ടപ്പോഴും ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്ത അഗ്നിശമനസേനയ്ക്കു പുഴയിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ സേനാംഗങ്ങൾ ജീവൻ പണയംവച്ചാണു പുഴയുടെ പല ഭാഗത്തും തിരച്ചിൽ നടത്തിയത്. ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം ഇന്നലെ മണിമലയാറ്റിലൂടെ ഒഴുകിയപ്പോൾ കരയ്ക്കെത്തിക്കാൻ സ്വകാര്യ വ്യക്തിയുടെ വള്ളത്തെ ആശ്രയിക്കേണ്ടിവന്നു. 

സ്കൂബാ ഡൈവിങ് കിറ്റ് 

വെള്ളത്തിനടിയിൽ ഏറെനേരം മുങ്ങി തിരയുന്നതിന് ആവശ്യമായ സ്കൂബാ (സെൽഫ് കണ്ടെയ്ൻഡ് അണ്ടർവാട്ടർ ബ്രീത്തിങ് അപ്പാരറ്റസ്) ഒരെണ്ണം മാത്രമാണുള്ളത്. ഓക്സിജൻ സിലിണ്ടറും മാസ്കും വെള്ളത്തിനടിയിൽ പ്രകാശിപ്പിക്കുന്നതിനുള്ള വാട്ടർ ടോർച്ചുമൊക്കെ ഉൾപ്പെടുന്നതാണു സ്കൂബാ ഡൈവിങ് കിറ്റ്. എന്നാൽ, കാഞ്ഞിരപ്പള്ളി യൂണിറ്റിലെ സ്കൂബായിൽ വാട്ടർ ടോർച്ച് ഇല്ല. സിലിണ്ടറിൽ ഓക്സിജൻ നിറയ്ക്കാൻ കോട്ടയത്ത് എത്തണം. 

ഒരു യൂണിറ്റിൽ ഇത്തരം രണ്ടു സ്കൂബാകളും ഇവ ഉപയോഗിച്ചു വെള്ളത്തിൽ മുങ്ങുന്നതിനു പരിശീലനം ലഭിച്ച രണ്ടുപേരടങ്ങുന്ന ടീമെങ്കിലും വേണമെന്നാണു ചട്ടം. എന്നാൽ, കാഞ്ഞിരപ്പള്ളി യൂണിറ്റിൽ ഒരു സ്കൂബായും മുങ്ങുന്നതിനു പരിശീലനം ലഭിച്ച ഒരാളും മാത്രമാണുള്ളത്. ഒരാൾ സ്കൂബായും ധരിച്ച് ആഴക്കയങ്ങളിലും മറ്റും മുങ്ങിത്തിരയുന്നതിനിടെ അപകടം സംഭവിച്ചാൽ അയാളെ രക്ഷിക്കാൻ മറ്റൊരു മുങ്ങൽ വിദഗ്ധനും സ്കൂബായും വേണമെന്നാണു സേനയുടെ നിയമങ്ങൾ നിഷ്കർഷിച്ചിരിക്കുന്നത്. 

ഡിങ്കി 

വെള്ളത്തിലിറങ്ങി തിരച്ചിൽ നടത്തുന്നതിന് ഏറെ ഉപയോഗപ്രദമാണ് എൻജിൻ ഘടിപ്പിച്ച ഡിങ്കി. എന്നാൽ, ഇതു കാഞ്ഞിരപ്പള്ളി യൂണിറ്റിലില്ല. പുഴകളുടെ നടുവിലുള്ള ആഴക്കയങ്ങളിൽ തിരച്ചിൽ നടത്തേണ്ട സാഹചര്യം വരുമ്പോൾ മുങ്ങുന്ന സ്കൂബാ ഡൈവർമാർക്ക് എന്തെങ്കിലും അപകടമുണ്ടായാൽ കരയിലിരുന്നു രക്ഷപ്പെടുത്തുക ഏറെ ശ്രമകരമാണ്. എന്നാൽ, ഡിങ്കി ഉണ്ടെങ്കിൽ കയങ്ങൾക്കരികെയെത്തി വെള്ളത്തിനു മുകളിൽ ഇരുന്നു രക്ഷാപ്രവർത്തനം നടത്താൻ കഴിയും. കാഞ്ഞിരപ്പള്ളി യൂണിറ്റിൽ ഡിങ്കി ആവശ്യം വരുമ്പോൾ കോട്ടയത്തുനിന്നു കൊണ്ടുവരണം. കഴിഞ്ഞ ദിവസം മുണ്ടക്കയത്തു മണിമലയാറ്റിൽ ഒഴുക്കിൽപെട്ട യുവാക്കളെ തിരയാൻ കോതമംഗലത്തുനിന്നു ഡിങ്കി എത്തിക്കുകയായിരുന്നു. 

‍മൊബൈൽ ടാങ്ക് യൂണിറ്റ് 

4500 ലീറ്റർ വെള്ളവും ഏണി, കയർ, വല, ഹൈഡ്രോളിക് കട്ടറുകൾ, മരം മുറിക്കുന്ന യന്ത്രവാൾ തുടങ്ങി അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്ന ടാങ്കർ ലോറിയാണു മൊബൈൽ ടാങ്ക് യൂണിറ്റ്. കാഞ്ഞിരപ്പള്ളിയിൽ ഒരു മൊബൈൽ ടാങ്ക് യൂണിറ്റ് മാത്രമാണുള്ളത്. പ്രകൃതിക്ഷോഭങ്ങളും മറ്റും ഒരേസമയത്തു പലയിടങ്ങളിലായി ഉണ്ടാകുമ്പോൾ അവിടെയെല്ലാം ഓടിയെത്താൻ കാഞ്ഞിരപ്പള്ളിയിലെ അഗ്നിശമന സേനയ്ക്കു കഴിയുന്നില്ല. വലിയ തീപിടിത്തങ്ങളും മറ്റുമുണ്ടായാൽ തീയണയ്ക്കാൻ മറ്റു സ്ഥലങ്ങളിൽനിന്ന് അഗ്നിശമന സേന എത്തേണ്ടിവരും. കുറഞ്ഞതു രണ്ടു ടാങ്കർ യൂണിറ്റെങ്കിലും കാഞ്ഞിരപ്പള്ളിയിൽ വേണമെന്നാണ് ആവശ്യം. 

മിനി വാട്ടർ മിസ്റ്റ്

400 ലീറ്റർ വെള്ളവും 50 ലീറ്റർ പതയും ഉൾക്കൊള്ളുന്ന ടാങ്ക് ഘടിപ്പിച്ച ചെറിയ വാഹനമാണ് മിനി വാട്ടർ മിസ്റ്റ്. തീ അണയ്ക്കാനും മറ്റും ഇതിലെ പത കലർന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. മൊബൈൽ വാട്ടർ ടാങ്കറുകൾക്കു കടന്നുപോകാൻ കഴിയാത്ത, വീതി കുറഞ്ഞ വഴികളിലൂടെയും വലിയ കയറ്റങ്ങളിലൂടെയും മറ്റും ഉൾപ്രദേശങ്ങളിലേക്ക് ഇവയ്ക്ക് എത്താൻ കഴിയുമെങ്കിലും, വലിയ തീപിടിത്തമാണെങ്കിൽ അണയ്ക്കാൻ ഇതിലെ വെള്ളം തികയാതെവരും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലെ മൊബൈൽ ടാങ്കർ യൂണിറ്റ് എരുമേലിയിൽ റോഡിലെ മണ്ണും കല്ലും നീക്കാൻ പോയ സമയത്താണ് പാലമ്പ്രയിൽ റബർത്തോട്ടത്തിലെ പുകപ്പുരയ്ക്കു തീപിടിച്ചത്. മിനി വാട്ടർ മിസ്റ്റ് എത്തിയെങ്കിലും തീയണയ്ക്കാൻ കഴിഞ്ഞില്ല. പിന്നീടു മൊബൈൽ ടാങ്ക് യൂണിറ്റ് എത്തിയപ്പോഴേക്കും പുകപ്പുര ഭൂരിഭാഗവും കത്തിനശിച്ചിരുന്നു. 

നുമാറ്റിക് ബാഗ്, ഹൈഡ്രോളിക് ജാക്കി

വാഹനാപകടങ്ങളും കെട്ടിടം ഇടിഞ്ഞുവീണുണ്ടാകുന്ന അപകടം പോലുള്ളവയും സംഭവിക്കുമ്പോൾ അടിയിൽപെടുന്നവരെ രക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന നുമാറ്റിക് ബാഗ്, ഹൈഡ്രോളിക് ജാക്കി തുടങ്ങിയവയൊന്നും കാഞ്ഞിരപ്പള്ളി യൂണിറ്റിലില്ല. അപകടമുണ്ടായ കെട്ടിടാവശിഷ്ടങ്ങൾക്കും വാഹനങ്ങൾക്കും മറ്റും അടിയിലേക്കു നുമാറ്റിക് ബാഗ് കടത്തിവച്ചശേഷം കാറ്റു നിറച്ച് അത്രയും ഭാഗം ഉയർത്തി അടിയിൽപെട്ടവരെ രക്ഷിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

error: Content is protected !!