വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം കുത്തനെ കൂട്ടി

ലളിതമായ നിബന്ധനകളോടെ ഉയര്‍ന്ന തുക നഷ്ടപരിഹാരം ഉറപ്പാക്കുന്ന തരത്തില്‍ സംസ്ഥാനത്തു പുതിയ വിള ഇൻഷുറൻസ് പദ്ധതി ജൂലൈ 2017 മുതൽ നിലവില്‍വന്നു.

തെങ്ങ്, കമുക്, റബർ, കശുമാവ്, വാഴ (ഏത്തൻ, ഞാലിപ്പൂവൻ, കപ്പ, മറ്റിനങ്ങൾ), മരച്ചീനി, കൈതച്ചക്ക, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, കാപ്പി, തേയില, കൊക്കോ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പൂ, വെറ്റില, പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ (ചേന, മധുരക്കിഴങ്ങ്) കരിമ്പ്, പുകയില, നെല്ല് എന്നീ വിളകൾക്ക് വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം / ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും വന്യജീവി ആക്രമണവും മൂലം ഉണ്ടാകുന്ന കൃഷിനാശത്തിനാണ് നഷ്ടപരിഹാരം.

അംഗത്വം: സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്നവർക്ക് പദ്ധതിയിൽ അംഗമാകാം. നെൽകൃഷിക്കു ഗ്രൂപ്പ് ഫാമിങ് നിലവിലുള്ള പാടശേഖരങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സമിതികൾക്ക് സെക്രട്ടറിയുടെയോ പ്രസിഡന്റിന്റെയോ പേരിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലും ഗ്രൂപ്പ് ഫാമിങ് ഇല്ലാത്തിടങ്ങളിൽ വ്യക്തികള്‍ക്കും പദ്ധതിയില്‍ ചേരാം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഇൻഷുർ ചെയ്ത പാടശേഖരങ്ങളിൽ ഒരാളുടെ പാടത്തിൽ മാത്രം നാശമുണ്ടായാലും അതിനു നഷ്ടപരിഹാരം നൽകും.

പ്രീമിയം: പദ്ധതിയിൽ ചേരുന്ന കർഷകർ സർക്കാർ യഥാകാലം നിശ്ചയിക്കുന്ന പ്രീമിയം തുക അടയ്ക്കണം. ഈ തുക മടക്കിക്കൊടുക്കുന്നതല്ല. പ്രീമിയം തുക അടച്ച ദിവസം മുതൽ ഏഴു ദിവസങ്ങൾക്കു ശേഷമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ.

പദ്ധതി നടത്തിപ്പ്: പഞ്ചായത്തുകളിലെ കൃഷിഭവൻ ഉള്‍പ്പെടെ കൃഷിവകുപ്പിന്റെ ഓഫിസുകൾ വഴിയാണു പദ്ധതി നടപ്പാക്കുക. പദ്ധതിയിൽ അംഗമാകാൻ നിശ്ചിതഫോമിൽ സ്ഥലത്തെ കൃഷിഭവനിൽ അപേക്ഷ നൽകണം. കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് പ്രീമിയം തിട്ടപ്പെടുത്തും. കൃഷിഭവനിൽനിന്നു തിട്ടപ്പെടുത്തി നിശ്ചയിച്ച പ്രീമിയം തുക ഇതിനായി നിയോഗിച്ച ഏജന്റ് വഴിയോ നേരിട്ടോ സ്ഥലത്തെ സഹകരണ ബാങ്കിലോ ഗ്രാമീണ ബാങ്കിലോ അടയ്ക്കണം. കർഷകനോ ഏജന്റോ പ്രീമിയം അടച്ച് രസീത് കൃഷിഭവനിൽ ഏൽപിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ കർഷകനു പോളിസി നൽകും.

വിള ഇൻഷുറൻസ് ഫണ്ട്: സംസ്ഥാന സർക്കാർ യഥാകാലം നൽകുന്ന വിഹിതം, അംഗങ്ങളായ കർഷകരിൽനിന്നു ലഭിക്കുന്ന പ്രീമിയം, ഫണ്ടിൽ നിക്ഷേപിച്ച തുകയുടെ പലിശ എന്നിവയടങ്ങുന്നതാണ് ഇൻഷുറൻസ് ഫണ്ട്.

നഷ്ടപരിഹാരം: ഒരു കൃഷിഭൂമിയിൽ ഒരു വിള ഭാഗികമായി ഇൻഷുർ ചെയ്യാനാവില്ല. ഉൽപാദനക്ഷമത കുറഞ്ഞതും പ്രായമേറിയതുമായ വൃക്ഷവിളകൾ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ പാടില്ല. വിളകൾക്ക് ഉണ്ടാകുന്ന പൂർണനാശത്തിനു മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. ഭാഗികനഷ്ടം പരിഗണിക്കുകയില്ല. എന്നാല്‍ നാശനഷ്ടമുണ്ടായ വിളകള്‍ക്കു ലഭിക്കാവുന്ന വില നഷ്ടപരിഹാരത്തിൽനിന്നു കുറവു ചെയ്യുന്നതല്ല. അത്യാഹിതമുണ്ടാകുമ്പോൾ നാശനഷ്ടം പരമാവധി കുറയ്ക്കുന്നതിന് കർഷകർ ആവുന്നത്ര ശ്രമിക്കേണ്ടതുണ്ട്.

സർക്കാർ യഥാകാലം നിശ്ചയിക്കുന്ന നിരക്കില്‍ നിബന്ധനകൾക്കു വിധേയമായാണു നഷ്ടപരിഹാരത്തുക നിര്‍ണയിക്കുക. ഇഞ്ചി, മഞ്ഞൾ, നിലക്കടല, എള്ള്, പച്ചക്കറികൾ, പയറുവർഗങ്ങൾ, മരച്ചീനി, മറ്റു കിഴങ്ങുവർഗങ്ങൾ, ഏലം, വെറ്റില എന്നിവയ്ക്ക് ഇൻഷുർ ചെയ്ത വിസ്തൃതിയുടെ പത്തു ശതമാനമെങ്കിലും നാശനഷ്ടമുണ്ടായാലേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. മറ്റു വിളകൾക്ക് വ്യവസ്ഥകൾക്കു വിധേയമായി നഷ്ടപരിഹാരം നൽകും. ഹ്രസ്വകാല വിളകളുടെ ഇൻഷുറൻസ് കാലയളവ് പ്രീമിയം അടച്ച ദിവസം മുതൽ വിളവെടുപ്പ് തുടങ്ങുന്നതു വരെയാണ്.

നഷ്ടപരിഹാരം നേടാന്‍: അത്യാഹിതം ഉണ്ടായി 15 ദിവസത്തിനുള്ളിൽ നിർദിഷ്ട ഫോറത്തിൽ കൃഷിഭവനിൽ അപേക്ഷ നൽകണം. കൃഷിഭവൻ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതുവരെ നാശനഷ്ടം സംഭവിച്ച വിള അതേപടി നിലനിർത്തേണ്ടതാണ്. കൃഷിഭവനിൽ അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം തിട്ടപ്പെടുത്തി അതിന്റെ പകർപ്പ് പ്രിൻസിപ്പൽ കൃഷി ഓഫിസർക്കു നൽകണം. നഷ്ടപരിഹാരം കർഷകന്റെ ബാങ്ക് അക്കൗണ്ട് വഴി നേരിട്ടു കൈമാറും.

പദ്ധതി ഒറ്റനോട്ടത്തില്‍

വിള – ഇൻഷുർ ചെയ്യാൻ വേണ്ട വിളയുടെ ഏറ്റവും കുറഞ്ഞ എണ്ണം / വിസ്തീർണം – വിള ഇൻഷുർ ചെയ്യാൻ വേണ്ട പ്രായം – അടയ്ക്കേണ്ട പ്രീമിയം – നഷ്ടപരിഹാര തോത് (പഴയനിരക്ക് ബ്രാക്കറ്റിൽ)

നെല്ല് – 0.10 ഹെക്ടർ – നട്ട് അല്ലെങ്കിൽ വിതച്ച് 15 ദിവസം കഴിഞ്ഞ് 45 ദിവസം വരെ – 0.10 ഹെക്ടറിന് 25 രൂപ – 45 ദിവസത്തിനകമുള്ള വിളകൾക്ക് ഹെക്ടറിന് 15,000 രൂപ (7500), 45 ദിവസത്തിന് ശേഷമുള്ള വിളകൾക്ക് ഹെക്ടറിന് 35,000 രൂപ (12,500).

തെങ്ങ് – 10 എണ്ണം – ഒരാണ്ടിൽ കുറഞ്ഞത് 30 നാളികേരമെങ്കിലും കായ്ഫലം നൽകുന്ന തെങ്ങുകൾ – തെങ്ങൊന്നിന് 2 രൂപ ഒരു വർഷത്തേക്ക്. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ തെങ്ങൊന്നിന് 5 രൂപ – തെങ്ങൊന്നിന് 2000 രൂപ (1000 രൂപ)

കമുക് – 10 മരങ്ങൾ – കായ്ഫലമുള്ളത് – ഒരു മരത്തിന് ഒരു വർഷത്തേക്ക് 1.50 രൂപ. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ മരമൊന്നിന് 3 രൂപ – ഒരു മരത്തിന് 200 രൂപ (100)

റബർ – 25 എണ്ണം – കറയെടുക്കുന്ന മരങ്ങൾ – ഒരു മരത്തിന് ഒരു വർഷത്തേക്ക് 3 രൂപ. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 7.50 രൂപ – ഒരു മരത്തിന് 1,000 രൂപ (500)

കശുമാവ് – 5 മരങ്ങൾ – കായ്ഫലമുള്ളത് – ഒരു മരത്തിന് ഒരു വർഷത്തേക്ക് 3 രൂപ. 3 വർഷത്തേക്ക് 7.50 രൂപ – ഒരു മരത്തിന് 750 രൂപ (200)

വാഴ

എ. ഏത്തൻ, കപ്പ ബി. ഞാലിപ്പൂവൻ ‌‌സി. മറ്റിനങ്ങൾ – 10 എണ്ണം – നട്ട് ഒരു മാസം മുതൽ അഞ്ചു മാസം വരെ – ഒരു വാഴയ്ക്ക് 3 രൂപ – എ. കുലയ്ക്കാത്തതിന് 150 രൂപ (20) ബി. കുലയ്ക്കാത്തതിന് 100 രൂപ. സി. കുലയ്ക്കാത്തതിന് 50 രൂപ എ. കുലച്ചതിന് 300 (50) ബി. കുലച്ചതിന് 200 രൂപ സി. കുലച്ചതിന് 75 രൂപ

മരച്ചീനി – 0.02 ഹെക്ടർ – നട്ടു കഴിഞ്ഞ് ഒരു മാസത്തിനുശേഷം അഞ്ചു മാസം വരെ – 0.02 ഹെക്ടറിന് 3 രൂപ – ഹെക്ടർ ഒന്നിന് 10,000 രൂപ (5000)

കൈതച്ചക്ക – 0.02 ഹെക്ടർ – നട്ടു കഴിഞ്ഞ് ഒരു മാസത്തിനു ശേഷവും ആറു മാസത്തിനകവും – 0.02 ഹെക്ടറിന് 37.50 രൂപ – ഹെക്ടർ ഒന്നിന് 50,000 രൂപ (25,000)

കുരുമുളക് – 15 താങ്ങുമരങ്ങളിൽ ഉള്ളവ – കായ്ച്ച് തുടങ്ങിയവ – ഒരു താങ്ങുമരത്തിലുള്ളതിന് ഒരു വർഷത്തേക്ക് 1.50 രൂപ. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 3 രൂപ – ഓരോ താങ്ങുമരത്തിലും ഉള്ളതിന് 200 രൂപ വീതം (40)

ഏലം – 1 ഹെക്ടർ – കായ്ഫലമുള്ളത് – ഒരു വർഷത്തേക്ക് ഹെക്ടറിന് 1500 രൂപ. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 3750 രൂപ – ഹെക്ടർ ഒന്നിന് 60,000 രൂപ (30,000)

ഇഞ്ചി – 0.02 ഹെക്ടർ – നട്ട് ഒരു മാസം കഴിഞ്ഞ് അഞ്ചു മാസം വരെ – 0.02 ഹെക്ടറിന് 15 രൂപ – ഹെക്ടർ ഒന്നിന് 80,000 രൂപ

മഞ്ഞൾ – 0.02 ഹെക്ടർ – നട്ട് ഒരു മാസം കഴിഞ്ഞ് മൂന്നു മാസം വരെ – 0.02 ഹെക്ടറിന് 15 രൂപ – ഹെക്ടർ ഒന്നിന് 60,000 രൂപ

കാപ്പി – 10 മരങ്ങൾ – കായ്ഫലമുള്ളത് – ഒരു ചെടിക്ക് ഒരു വർഷത്തേക്ക് 1.50 രൂപ. മൂന്നു വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 3 രൂപ – ഒരു മരത്തിന് 350 രൂപ (75)

തേയില – ഒരു ഹെക്ടർ – ഇലയെടുത്തു തുടങ്ങിയ ചെടികൾ – ഹെക്ടർ ഒന്നിന് ഒരു വർഷത്തേക്ക് 1500 രൂപ. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 3750 രൂപ.

ഹെക്ടർ ഒന്നിന് 70,000 രൂപ. ഇൻഷുർ ചെയ്തതിന്റെ 10 ശതമാനമോ രണ്ടു ഹെക്ടറോ ഏതാണ് കുറവ് അതിന് നഷ്ടപരിഹാരം നൽകും.

കൊക്കോ – 5 എണ്ണം – കായ്ഫലമുള്ളത് – 1.50 രൂപ ഒരു മരത്തിന് ഒരു വർഷത്തേക്ക്. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 3 രൂപ – ഒരു മരത്തിന് 300 രൂപ (35)

നിലക്കടല – 0.1 ഹെക്ടർ – നട്ടു കഴിഞ്ഞ് ഒരു മാസത്തിനുശേഷം രണ്ടു മാസത്തിനു മുൻപ് – 0.1 ഹെക്ടറിന് 37.50 രൂപ – ഹെക്ടർ ഒന്നിന് 12,000 രൂപ

എള്ള് – 0.1 ഹെക്ടർ – വിതച്ച് ഒരാഴ്ച കഴിഞ്ഞ് ഒരു മാസം വരെ – 0.1 ഹെക്ടറിന് 37.50 രൂപ – ഹെക്ടർ ഒന്നിന് 12,500 രൂപ

പച്ചക്കറി(പന്തലുള്ളവയും പന്തലില്ലാത്തവയും) – 0.04 ഹെക്ടർ – നട്ട് ഒരാഴ്ച കഴിഞ്ഞ് ഒരു മാസം വരെ – 10 സെന്റിന് 10 രൂപ – പന്തലില്ലാത്തവ ഹെക്ടർ ഒന്നിന് 25,000 രൂപ (15,000) പന്തലുള്ളവയ്ക്ക് ഹെക്ടർ ഒന്നിന് 40,000 രൂപ (25,000)

ജാതി – 5 എണ്ണം – കായ്ഫലമുള്ളത് – ഒരു വർഷത്തേക്ക് ഒരു മരത്തിന് 3 രൂപ. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 7.50 രൂപ – 3000 രൂപ ഒരു മരത്തിന്

ഗ്രാമ്പൂ – 5 എണ്ണം – കായ്ഫലമുള്ളത് – ഒരു വർഷത്തേക്ക് ഒരു മരത്തിന് 3 രൂപ. 3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 7.50 – 1000 രൂപ ഒരു മരത്തിന്

വെറ്റില – ഒരു സെന്റ് – വിളവെടുപ്പ് ആരംഭിച്ചത് – ഒരു വർഷത്തേക്ക് സെന്റൊന്നിന് 7.50 രൂപ – സെന്റൊന്നിന് 1,000 രൂപ

പയർവർഗങ്ങൾ – 0.10 ഹെക്ടർ – നട്ട് രണ്ടാഴ്ച കഴിഞ്ഞ് 1.5 മാസം വരെ – 0.10 ഹെക്ടറിന് 19 രൂപ – ഹെക്ടറിന് 10,000 രൂപ

കിഴങ്ങുവർഗങ്ങൾ (ചേന, മധുരക്കിഴങ്ങ്) 0.02 ഹെക്ടർ – നട്ട് ഒരു മാസം കഴിഞ്ഞ് മൂന്നു മാസം വരെ – 7.50 രൂപ ചേന 4.50 രൂപ മധുരക്കിഴങ്ങ് – ചേന ഹെക്ടറിന് 35,000 രൂപ (25,000) മധുരക്കിഴങ്ങ് ഹെക്ടറൊന്നിന് 15,000 രൂപ (10,000)

കരിമ്പ് – 0.10 ഹെക്ടർ – നട്ട് ഒരു മാസം കഴിഞ്ഞ് മൂന്നു മാസം വരെ – 0.10 ഹെക്ടറിന് 90 രൂപ – ഹെക്ടറൊന്നിന് 50,000 രൂപ

പുകയില – 0.02 ഹെക്ടർ – നട്ട് രണ്ടാഴ്ച കഴിഞ്ഞ് രണ്ടു മാസം വരെ – 0.02 ഹെക്ടറിന് 3 രൂപ – ഹെക്ടറൊന്നിന് 20,000 രൂപ

കീട, രോഗബാധയാണെങ്കില്‍ കൃഷിഭവനിൽ അറിയിച്ച് വേണ്ട പ്രതിരോധ നടപടികൾ എടുത്തശേഷവും നഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാര തുകയ്ക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ.

വൃക്ഷവിളകള്‍ക്കു പ്രത്യേക സംരക്ഷണം

തെങ്ങ്, കമുക്, റബർ, കശുമാവ്, കുരുമുളക് എന്നീ വൃക്ഷവിളകൾ വിളവെടുത്തു തുടങ്ങുന്നതിനു മുന്‍പ് നശിക്കുന്നപക്ഷം പ്രത്യേക സംരക്ഷണമുണ്ട്.

വിള – ഇൻഷുർ ചെയ്യാൻ വേണ്ട ഏറ്റവും കുറഞ്ഞ എണ്ണം / വിസ്തീർണം – ഇൻഷുർ ചെയ്യാൻ വേണ്ട പ്രായം – പ്രീമിയം – നഷ്ടപരിഹാരം

തെങ്ങ് – 10 എണ്ണം – നട്ട് ഒരു മാസം മുതൽ ഏഴു വർഷം വരെ – ഒരെണ്ണത്തിന് ഒരു വർഷത്തേക്ക് ഒരു രൂപ, 3 വർഷത്തേക്ക് ഒരുമിച്ചടച്ചാൽ 2 രൂപ – ആദ്യത്തെ 3 വർഷത്തേക്ക് ഒരെണ്ണത്തിന് 200 രൂപ. 3 വർഷത്തിനുമേൽ 7 വർഷം വരെ ഒരെണ്ണത്തിന് 400 രൂപ

കമുക് – 10 എണ്ണം – നട്ട് ഒരു മാസം മുതൽ ആറു വർഷം വരെ – 3 വർഷത്തേക്ക് ഒരെണ്ണത്തിന് 1.50 രൂപ വീതം – 3 വർഷം വരെ ഒരെണ്ണത്തിന് 50 രൂപ. മൂന്നു വർഷത്തിനുമേൽ ഏഴു വർഷം വരെ ഒരെണ്ണത്തിന് 80 രൂപ

റബർ – 25 എണ്ണം – നട്ട് ഒരു മാസം മുതൽ ഏഴു വർഷം വരെ – 3 വർഷത്തേക്ക് ഒരെണ്ണത്തിന് 1.50 രൂപ വീതം – 3 വർഷം വരെ ഒരെണ്ണത്തിന് 200 രൂപ. മൂന്നു വർഷത്തിനുമേൽ ഏഴു വർഷം വരെ ഒരെണ്ണത്തിന് 600 രൂപ

കശുമാവ് – 5 എണ്ണം – നട്ട് ഒരു മാസം മുതൽ മൂന്നു വർഷം വരെ – 3 വർഷത്തേക്ക് 5 എണ്ണത്തിന് 4.50 രൂപ – മൂന്നു വർഷം വരെ ഒരെണ്ണത്തിന് 100 രൂപ

കുരുമുളക് – 15 താങ്ങുമരങ്ങളിലുള്ളവ – നട്ട് ഒരു മാസം മുതൽ നാലു വർഷം വരെ – 15 താങ്ങുമരങ്ങളിലുള്ളതിന് ഒരു വർഷത്തേക്ക് 7.50 രൂപ. 3 വർഷത്തെ ഒന്നിച്ചടച്ചാൽ 15 രൂപ – ആദ്യത്തെ രണ്ടു വർഷം ഒരു താങ്ങുമരത്തിലുള്ളതിന് 50 രൂപ. രണ്ടു വർഷം മുതൽ നാലു വർഷം വരെ 100 രൂപ.

പദ്ധതിയിൽ ചേരുന്നതിനുള്ള അപേക്ഷാ ഫോം– മാതൃക

1. അപേക്ഷകന്റെ പേരും വിലാസവും
2. കൃഷിഭവന്റെ പേര്
3. കൃഷിഭൂമിയുടെ വിസ്തൃതിയും സർവേ നമ്പറും
4. കൃഷി ഭൂമി സ്വന്തമോ പാട്ടത്തിനോ
5. കൃഷി ചെയ്തിട്ടുള്ള വിളകളുടെ പേര്/എണ്ണം/ വിസ്തൃതി
6. വിളകളുടെ പ്രായം
7. കഴിഞ്ഞ മൂന്നു കൊല്ലങ്ങളിലെ ഉൽപാദനം (വർഷം തിരിച്ച്)
8. കർഷകന്റെ വാർഷിക വരുമാനം
9. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കൃഷിഭൂമിയുടെ വിസ്തീർണം / എണ്ണം

മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്റെ അറിവിലും വിശ്വാസത്തിലും സത്യമാണെന്ന് ബോധിപ്പിക്കുന്നു. ഞാൻ വിള ഇൻഷുറൻസ് പദ്ധതിയുടെ വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി പ്രവർത്തിച്ചുകൊള്ളാമെന്ന് സമ്മതിച്ചിരിക്കുന്നു. ഇതിനു വിപരീതമായി പ്രവർത്തിച്ച് സർക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടാക്കുന്ന പക്ഷം ആ തുക പലിശയോടുകൂടി എന്നിൽനിന്ന് ഈടാക്കുന്നതിന് ഞാൻ പരിപൂർണമായി സമ്മതിച്ച് ഒപ്പിട്ടിരിക്കുന്നു.

സ്ഥലം:
തീയതി:
കൃഷിക്കാരന്റെ ഒപ്പ്

നഷ്ടപരിഹാരത്തുക അവകാശപ്പെടുന്നതിനുള്ള അപേക്ഷാഫോം– മാതൃക

1. കർഷകന്റെ പേരും വിലാസവും
2. റജിസ്റ്റർ നമ്പർ
3. പ്രീമിയം അടച്ച തുകയും വിശദാംശങ്ങളും
4. വിളനാശമുണ്ടായ തീയതി
5. വിളനാശത്തിന്റെ സ്വഭാവം
6. നാശനഷ്ടത്തിന്റെ വിവരങ്ങൾ
7. നാശനഷ്ടമുണ്ടാകുമ്പോഴുള്ള വിളകളുടെ പ്രായം /ഘട്ടം
8. വിളനാശം ഉണ്ടായപ്പോൾ നാശനഷ്ടം കുറയ്ക്കാൻ കൈക്കൊണ്ട നടപടികൾ
9. വിളനാശപ്രകാരം ലഭിക്കേണ്ട തുക വിള തിരിച്ച്
10. ബാങ്ക് അക്കൗണ്ട് നമ്പർ
11. ആധാർ നമ്പർ

സ്ഥലം:
തീയതി:
അപേക്ഷകന്റെ ഒപ്പ്

error: Content is protected !!