കാഞ്ഞിരപ്പള്ളിയിലെ പ്രശ്നനങ്ങൾ മാറ്റമില്ലാതെ തുടരുന്നു

കാഞ്ഞിരപ്പള്ളി ∙ കടന്നുപോകുന്ന 2017ൽ കാഞ്ഞിരപ്പള്ളിക്കു കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ 2017ലും സ്ഥിതി തുടർന്നു. മുൻവർഷങ്ങളിലെപ്പോലെ ബൈപാസ് നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല. മിനി ബൈപാസ് പൂർത്തീകരിച്ചില്ല. എെഎച്ച്ആർഡി കോളജിനും ഫയർ സ്റ്റേഷനും സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാനായില്ല. ഇവയ്ക്കെല്ലാം മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെ 2018ലേക്കു പ്രവേശിക്കുകയാണു കാഞ്ഞിരപ്പള്ളി. ബൈപാസ് നഗരത്തിന്റെ നിത്യശാപമായ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കാൻ 2011ലാണ് സർക്കാർ ഫാസ്റ്റ് ട്രാക്കിൽ പെടുത്തി ബൈപാസ് നിർമിക്കാൻ നടപടികൾ ആരംഭിച്ചത്.

അലൈൻമൈന്റ് നിശ്ചയിച്ച്, സർവേ നടപടികൾ പൂർത്തിയാക്കി അതിരുകൾ നിശ്ചയിച്ചു കല്ലുകളും സ്ഥാപിച്ചു. സ്ഥലമേറ്റെടുപ്പു നടപടികൾ തുടങ്ങുന്നതിനിടെയാണ് സ്ഥലമുടമകളിൽ ഒരാൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇതോടെ ബൈപാസ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നു. കോടതി നടപടികൾ പൂർത്തിയാക്കി ബൈപാസ് നിർമാണത്തിന് അനുമതി നൽകിയെങ്കിലും തുടർനടപടികൾ മന്ദഗതിയിലാണ്.

ഇപ്പോൾ വീണ്ടും സാധ്യതാ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. കെകെ റോഡിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫിസ് പടിക്കൽനിന്നു മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും കുറുകെ പാലം നിർമിച്ച് ടൗൺ ഹാളിനു സമീപത്തുകൂടി ഫാബീസ് ഓഡിറ്റോറിയത്തിന് അരികിലൂടെ പൂതക്കുഴിയിൽ കെകെ റോഡിൽ പ്രവേശിക്കുന്നതാണ് 1.65 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട ബൈപാസ്.

വാലും തലയുമില്ലാത്ത മിനി ബൈപാസ് 2012ൽ നിർമാണം ആരംഭിച്ച മിനി ബൈപാസ് എങ്ങുമെത്താതെ കിടക്കുകയാണ്. പാതിവഴിയിൽ നിർമാണം നിലച്ച മിനി ബൈപാസിൽ കാടുകയറി മൂടി. ചിറ്റാർ പുഴയുടെ ഒരു വശവും പുഴയോടു ചേർന്നുള്ള പുറമ്പോക്കും കെട്ടിയെടുത്താണു മിനി ബൈപാസ് നിർമാണം ആരംഭിച്ചത്. പൂർണമായ രൂപരേഖ ഇല്ലാത്തതാണ് പദ്ധതി പാതിവഴിയിൽ നിലയ്ക്കാൻ കാരണം. പേട്ടക്കവലയിൽനിന്ന് ആരംഭിച്ച് ചിറ്റാർ പുഴയോരത്തുകൂടി ടൗൺ ഹാളിനു സമീപം കുരിശുങ്കൽ ജംക്‌ഷനിൽ മണിമല റോഡിൽ എത്തുന്നതാണു പദ്ധതി.

ആറു മീറ്റർ വീതിയിൽ 800 മീറ്ററോളം ദൂരമാണു പദ്ധതിയിൽ റോഡിനുള്ളത്. എന്നാൽ, നടുഭാഗത്തുനിന്ന് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ഇരുവശങ്ങളിൽ എവിടെയും എത്തിയിട്ടില്ല. ബൈപാസിന്റെ ഇരുവശവും ദേശീയപാതയിൽ പ്രവേശിക്കണമെങ്കിൽ ഇനിയും കടമ്പകളേറെയാണു കടക്കാനുള്ളത്. പേട്ടക്കവലയിൽ ദേശീയപാതയിൽ പ്രവേശിക്കണമെങ്കിൽ പഞ്ചായത്ത് വക കംഫർട്ട് സ്റ്റേഷൻ പൊളിച്ചു മാറ്റണം.

മണിമല റോഡിൽ പ്രവേശിക്കണമെങ്കിൽ ചിറ്റാർ പുഴയ്ക്കു കുറുകെ പാലം നിർമിക്കണം. ഒരു കോടി ഇരുപതു ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ചിറ്റാർ പുഴയുടെ ഓരം കെട്ടിയെടുക്കുക മാത്രമാണു ചെയ്തത്. സ്കൂളിൽ പ്രവർത്തിക്കുന്ന കോളജ് 2010ൽ പേട്ട ഗവ. ഹൈസ്കൂളിലെ അഞ്ചു മുറികളിലായി പ്രവർത്തനം ആരംഭിച്ച ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിന് ഇതുവരെ സ്ഥലം കണ്ടെത്തി നൽകാനായിട്ടില്ല. 2011–12 അധ്യയനവർഷം പുതിയ ബാച്ചിനു പ്രവേശനം നൽകാനുള്ള സൗകര്യമില്ലാതെ വന്നതോടെ സ്കൂളിന്റെ മൂന്നു മുറികൾകൂടി കോളജിനുവേണ്ടി താൽക്കാലികമായി നൽകി.

പിന്നീടുള്ള വർഷങ്ങളിൽ ഇതും തികയാതെവന്നതോടെ ഒരു കിലോമീറ്റർ അകലെ സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം വാടകയ്ക്കെടുത്ത് കുറച്ചു ക്ലാസുകൾ മാറ്റി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐഎച്ച്ആർഡി കോളജിനുവേണ്ടി എട്ടു വർഷമായിട്ടും സ്ഥലസൗകര്യങ്ങൾ കണ്ടെത്തി നൽകാൻ കഴിഞ്ഞിട്ടില്ല. ബിഎസ്‌സി ഇലക്ട്രോണിക്സ്, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണു കോളജിലുള്ളത്. കോളജിനു സൗകര്യപ്രദമായ കെട്ടിടം കണ്ടെത്തി നൽകാമെന്നു ജനപ്രതിനിധികൾ വാഗ്ദാനം നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല.

സ്ഥിതി തുടർന്നാൽ കോളജിന്റെ അഫിലിയേഷൻ നഷ്ടപ്പെടും. മാലിന്യ സംസ്കരണം മാലിന്യ സംസ്കരണത്തിനു യാതൊരു സംവിധാനവുമില്ലാത്ത നഗരമാണു കാഞ്ഞിരപ്പള്ളി. നഗരമാലിന്യങ്ങൾ പേറാൻ ടൗണിലൂടെ ഒഴുകുന്ന ചിറ്റാർ പുഴ എന്നും വിധിക്കപ്പെട്ടിരിക്കുന്നു. ഇൻസിനറേറ്റർ സ്ഥാപിക്കാൻ 2016–17 വർഷത്തെ ഗ്രാമപഞ്ചായത്ത് ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ, സ്ഥലം കണ്ടെത്താൻ കഴിയാതെവന്നതിനാൽ പദ്ധതി നടപ്പായില്ല.

മാസങ്ങൾ മുമ്പുവരെ ടൗൺ ഹാൾ വളപ്പിലായിരുന്നു മാലിന്യ നിക്ഷേപം. പഞ്ചായത്ത് ടൗണിൽനിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത് ടൗൺ ഹാൾ പരിസരത്തും ചിറ്റാർ പുഴയോരത്തുമായിരുന്നു. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നു മനുഷ്യാവകാശ കമ്മിഷൻ ടൗൺ ഹാൾ വളപ്പിലെ മാലിന്യ നിക്ഷേപം കർശനമായി തടഞ്ഞ് ഉത്തരവിട്ടു. ഇതോടെ പഞ്ചായത്ത് നടത്തിവന്ന മാലിന്യനീക്കം നിലച്ചു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നു പുറന്തള്ളുന്ന പ്രോഫിറ്റബിൾ വേസ്റ്റ് വ്യാപാരികൾതന്നെ നിർമാർജനം ചെയ്യണമെന്നു നിർദേശിച്ചു പഞ്ചായത്തും തലയൂരി. ഇതോടെ മാലിന്യനിക്ഷേപം ചിറ്റാർ പുഴയിലും സമീപ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ പാതയോരങ്ങളിലും പറമ്പുകളിലുമായി.

ജൈവമാലിന്യങ്ങൾ തരംതിരിച്ചു നിർമാർജനം ചെയ്യുന്നതിനായി ടൗൺ ഹാൾ വളപ്പിൽ സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റും പ്രവർത്തിക്കുന്നില്ല. പൊതു മാർക്കറ്റ് അപ്രത്യക്ഷമായി നവീകരിക്കാനെന്നു പറഞ്ഞു കാഞ്ഞിരപ്പള്ളി ടൗണിലെ മാർക്കറ്റ് അടച്ചുപൂട്ടിയിട്ട് ഏഴു വർഷത്തോളമായി. 2011 ജൂൺ 15നാണ് മൽസ്യ – മാംസ മാർക്കറ്റ് അടച്ചുപൂട്ടിയത്. പുനരുദ്ധാരണത്തിനു തുക വകയിരുത്തിയിട്ടുണ്ടെന്ന് അന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞെങ്കിലും നവീകരണം നടന്നില്ല.

ഇതോടെ മൽസ്യ – മാംസ വ്യാപാരങ്ങൾ വീണ്ടും ടൗണിലും പാതയോരങ്ങളിലുമായി. പിന്നീട് ഇവിടെ വനിതകൾക്കുവേണ്ടി കാർഷിക ഉൽപന്ന വിപണന കേന്ദ്രം തുടങ്ങാൻ മാർക്കറ്റ് പൊളിച്ച് 70 ലക്ഷത്തിലേറെ രൂപ മുടക്കി ഇരുനിലകളിലായി 16 കടമുറികൾ നിർമിച്ചു. 2015ൽ ഉദ്ഘാടനം കഴിഞ്ഞു കടകൾ ലേലം ചെയ്തു നൽകി. എന്നാൽ, ഇതുവരെ വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ടില്ലാത്തതിനാൽ ഇവിടെ സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. ഇതോടെ നിലവിൽ മാർക്കറ്റുമില്ല, വിപണന കേന്ദ്രവുമില്ല എന്ന അവസ്ഥയാണ്. നിലവിളിച്ച് ഫയർ സ്റ്റേഷൻ 1990ൽ ആരംഭിച്ചപ്പോൾമുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷനിൽ മതിയായ സൗകര്യങ്ങളില്ല.

വേനൽക്കാലത്തു സ്റ്റേഷൻ വളപ്പിലെ കിണർ വറ്റും. ഒരു സമയത്തു 15 ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന സ്റ്റേഷനിൽ കുടിക്കാൻ വെള്ളം വീട്ടിൽനിന്നു കൊണ്ടുവരണം. കുളിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കും അകലെനിന്നു വെള്ളം കോരി കൊണ്ടുവരണം. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ ചിറക്കടവ് പഞ്ചായത്തിൽപെട്ട മണ്ണാർക്കയം അമ്പലം ഭാഗത്തുള്ള സ്ഥലം ഫയർ സ്റ്റേഷനായി കണ്ടെത്തിയിട്ടു വർഷങ്ങളായി. കാഞ്ഞിരപ്പള്ളി – മണിമല റോഡിന്റെ പുറമ്പോക്കിൽ 20.70 സെന്റ് സ്ഥലമാണ് അളന്നു തിരിച്ചു സ്കെച്ച് തയാറാക്കിയിട്ടുള്ളത്. എന്നാൽ തുടർനടപടികളുണ്ടായില്ല.

പൊലീസ് സ്റ്റേഷനും സ്വന്തം കെട്ടിടമില്ല സ്വന്തമായി കെട്ടിടവും സ്ഥലവുമില്ലാത്ത കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനു കെട്ടിടം നിർമിക്കാൻ റവന്യു വകുപ്പ് ഉപയോഗാനുമതിയോടെ സ്ഥലം നൽകിയെങ്കിലും സ്റ്റേഷൻ നിർമാണം ഇതുവരെ തുടങ്ങാനായിട്ടില്ല. 2013 സെപ്റ്റംബർ മൂന്നിനാണ് ഭൂമി അനുവദിച്ചു നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചത്. നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന പഴയ താലൂക്ക് ഓഫിസ് കെട്ടിടത്തിന്റെ സമീപത്തെ 4.45 ആർ (10.99 സെന്റ്) ഭൂമി കഴിഞ്ഞ ജൂണിൽ ആഭ്യന്തരവകുപ്പിനു കൈമാറി.

കാഞ്ഞിരപ്പള്ളിയിൽ പൊലീസ് സ്റ്റേഷൻ തുടങ്ങിയതു വാടകക്കെട്ടിടത്തിലായിരുന്നു. പിന്നീടു പഴയ പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കു മാറ്റി. ശോച്യാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ സീലിങ് തകർന്ന് എസ്എെയുടെ മുറിയിൽ വീണു. തുടർന്നാണ് താലൂക്ക് ഓഫിസ് പ്രവർത്തിച്ചുവന്ന കെട്ടിടത്തിലേക്കു പൊലീസ് സ്റ്റേഷൻ മാറ്റിയത്.

error: Content is protected !!