ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം സിനിമയ്ക്ക് എരുമേലിയിൽ തുടക്കമായി ..

എരുമേലി : പ്രസിദ്ധ സിനിമാ താരം ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം എന്ന സിനിമയ്ക്ക് എരുമേലിയിൽ തുടക്കമായി . ശബരിമല തീർത്ഥാടന കാലം പ്രമേയമാക്കി അടുത്ത സിനിമ, പമ്പ, ശബരിമല പ്രദേശങ്ങളിലായാണ് ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത് . . ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നടന്നു. പൂജക്ക് ശേഷം ഗണപതിഭഗവാന് തേങ്ങയുടച്ച് മധുരം വിതരണം ചെയ്തതിനു ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. .

ശബരിമല തീർത്ഥാടനം മുഖ്യ പ്രമേയമാക്കി ലാൽ ജോസ് സംവിധാനം ചെയ്ത നാൽപ്പത്തിഒന്ന് എന്ന ചിത്രം മുമ്പ് എരുമേലിയിൽ ഷൂട്ട് ചെയ്തിരുന്നു. പേട്ടതുള്ളൽ ഉൾപ്പടെ എരുമേലി ടൗണും ക്ഷേത്രങ്ങളും മസ്ജിദും ടൗൺ പരിസരങ്ങളും ഈ ചിത്രത്തിൽ സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞയിടെ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ ജോജി എരുമേലിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിലാണ് ഷൂട്ട്‌ ചെയ്തത്.

മാളികപ്പുറം എന്ന പുതിയ ചിത്രം ശബരിമലയെ ആണ് പ്രധാനമായും പ്രമേയമാക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം എരുമേലി ക്ഷേത്രത്തിൽ വെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവഹിച്ചു. പന്തളം രാജകുടുംബത്തെ പ്രതിനിധീകരിച്ച് രാജകുടുംബാംഗങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സന്ദർശിക്കാനും എത്തിയിരുന്നു. ശ്രീ അയ്യപ്പൻറെ ചരിത്രമുൾപ്പെടുന്ന പ്രമേയം പ്രതിപാദിക്കുന്ന ചിത്രമാണെന്നറിഞ്ഞാണ് എത്തിയതെന്ന് ഇവർ പറഞ്ഞു.

ടൈറ്റിൽ റോൾ ആയ മാളികപ്പുറത്തിന്റെ വേഷം ചെയ്യുന്നത് ദേവനന്ദ എന്ന കുട്ടിയാണ്. ആന്റോ ജോസഫ് ആണ് സംവിധായകൻ. പത്താം വളവ്, നൈറ്റ്‌ ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ തിരക്കഥ. ഇന്ദ്രൻസ്, മനോജ്‌ കെ ജയൻ, സൈജു കുറുപ്പ്, രമേശ്‌ പിഷാരടി തുടങ്ങിയവർ പ്രധാന വേഷമിടുന്നുണ്ട്. ക്യാമറ – വിഷ്ണു നാരായണൻ, സംഗീതം – രഞ്ജിൻ രാജ്, ഗാനങ്ങൾ – സന്തോഷ്‌ വർമ എന്നിവരാണ്.

error: Content is protected !!