മതേതര സംസ്‌കാരത്തെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാരിന്റെ ശ്രമം-കാനം രാജേന്ദ്രൻ
കൊടുങ്ങൂർ: രാജ്യത്തിന്റെ ജനാധിപത്യ മതേതര സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യാനും മത രാജ്യമാക്കാനും കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . കൊടുങ്ങൂരിൽ സി.പി.ഐ.കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി നിർമിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതരാജ്യമാക്കാൻ സംസ്ഥാനത്ത് പുതിയ രാഷ്ടീയ സംഖ്യം രൂപീകരിക്കാൻ ബി.ജെ.പി.ശ്രമം നടത്തുന്നുണ്ട്. കേന്ദ്ര നയങ്ങൾ നടപ്പിലാക്കുന്ന ഏജന്റുമാത്രമായി ഗവർണ്ണർ പ്രവർത്തിക്കുന്നു. സാമ്പത്തിക പുരോഗതിയുടെ പാതയിലെന്ന് പറയുമ്പോഴും രാജ്യത്ത് ദാരിദ്ര്യം വർധിക്കുകയാണ്. ശ്രീലങ്കയിലും ബംഗ്ലാദേശിലും ഉള്ളതിൽ അധികം ദരിദ്രർ ഇന്ത്യയിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ. നികുതിയുടെ മുഖ്യപങ്കും കേന്ദ്രസർക്കാർ കൈക്കലാക്കുകയാണെന്നും കാനം പറഞ്ഞു.
ജില്ലാകമ്മിറ്റിയംഗം മോഹൻ ചേന്നംകുളം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി സ്വാഗതം ആശംസിച്ചു. എം.എൽ.എ.മാരായ വാഴൂർ സോമൻ, സി.കെ.ആശ, ജില്ലാസെക്രട്ടറി അഡ്വ.വി.ബി.ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.കെ.ശശിധരൻ, ഒ.പി.എ.സലാം, പി.കെ.കൃഷ്ണൻ, അഡ്വ.വി.കെ.സന്തോഷ്‌കുമാർ, ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, നേതാക്കളായ അജി കരുവാക്കൽ, രാജൻ ചെറുകാപ്പള്ളി, ഹേമലതാ പ്രേംസാഗർ, സുരേഷ് കെ.ഗോപാൽ, രാജു തെക്കേക്കര, സി.ജി.ജ്യോതിരാജ്, ശരത് മണിമല, വാവച്ചൻ വാഴൂർ എന്നിവർ പ്രസംഗിച്ചു.. പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ, ടോപ് സിംഗർ വിജയി സീതാലക്ഷ്മി എന്നിവരെ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ താളമേളങ്ങളുടേയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ കൊടുങ്ങൂരിൽ പ്രകടനവും നടന്നു.