മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു; ഗൂഢാലോചനയെന്ന് ബാങ്ക് വൈസ് ചെയർമാൻ ഷോൺ ജോർജ്

പൂഞ്ഞാർ : മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്.
തിരിച്ചറിയൽ കാർഡ് വിതരണത്തിൽ ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷൻ ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിയത്. ഓഹരി ഉടമയായ സെബാസ്റ്റ്യൻ ജോസഫ് പരാതി നൽകിയതിനെ തുടർന്ന് ജോയിന്റ് രജിസ്ട്രാർ അന്വേഷണം നടത്തിയിരുന്നു.

മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മാറ്റിവെച്ച സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബാങ്ക് ചെയർമാൻ കെ.എഫ്. കുര്യനും ജില്ലാ പഞ്ചായത്ത് അംഗവും ബാങ്ക് വൈസ് ചെയർമാനുമായ ഷോൺ ജോർജും ആരോപിച്ചു. സഹകരണ മേഖലയിൽ നല്ല രീതിയിൽ പ്രവർത്തിക്കുകയും കേരളത്തിലെ തന്നെ മികച്ച ബാങ്കെന്ന് പേരെടുത്തിട്ടുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന് നേരേ നടക്കുന്ന കൈയേറ്റശ്രമം നിയമപരമായും ജനാധിപത്യ രീതിയിലും ചെറുക്കുമെന്നും ഇരുവരും പറഞ്ഞു.

മീനച്ചിൽ ഈസ്റ്റ് ബാങ്ക് തിരഞ്ഞെടുപ്പ് റദ്ദുചെയ്ത സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് സ്വാഗതാർഹമാണെന്ന് എൽ.ഡി.എഫ്. കൺവീനർ രമേഷ് ബി. വെട്ടിമറ്റം അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ തിരിച്ചറിയൽ കാർഡ് ബാങ്ക് ഹെഡ് ഓഫീസ് മുഖാന്തരം നൽകണമെന്ന നിയമം മറികടന്നാണ് കാർഡ് വിതരണം നടത്തിയതെന്നും കൺവീനർ പറഞ്ഞു.

error: Content is protected !!