നവീകരിച്ചിട്ടും പാറത്തോട്-പിണ്ണാക്കനാട് റോഡ് തകർന്ന നിലയിൽ ; വിജിലൻസ് പരിശോധന നടത്തി
കാഞ്ഞിരപ്പള്ളി: നിർമാണം പൂർത്തിയായി അഞ്ച് മാസം തികയുംമുൻപേ ടാറിങ് ഇളകി കുഴികളായി പാറത്തോട്-പിണ്ണാക്കനാട് റോഡ് മാറിയതോടെ നാട്ടുകാർ ശകത്മായ പ്രതിഷേധവുമായി രംഗത്തുവന്നു.
നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡിന്റെ മൂന്ന് കിലോമീറ്റർ ഭാഗം തകർന്ന് കിടക്കുകയാണ്. വെള്ളിയാഴ്ച വിജിലൻസ് ഒാപ്പറേഷൻ സരൽ രാസ്തയുടെ ഭാഗമായി റോഡിൽ പരിശോധന നടത്തി.
കെ.കെ. റോഡിൽ പാറത്തോട്‌നിന്ന് തിരിഞ്ഞ് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ പിണ്ണാക്കനാട് എത്തുന്ന റോഡാണിത്. ഈ റോഡിന്റെ മൂന്ന് കിലോമീറ്റർ 30 മീറ്റർ ദൂരം റീടാറിങ് നടത്തിയിട്ട് നാല് മാസം കഴിഞ്ഞതേയുള്ളൂ. ഇതിനിടെ അറ്റകുറ്റപ്പണികളും നടത്തി.
ഇപ്പോൾ പലയിടങ്ങളിലും കുണ്ടും കുഴിയുമായി കിടക്കുന്ന നിലയിലാണ്. റോഡിന്റെ പരിപാലന കാലാവധി 2023 നവംബർ എട്ട് വരെയാണ്.
വർഷങ്ങളായി തകർന്നുകിടന്ന റോഡ് നാട്ടുകാരുടെയും യാത്രക്കാരുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് റീ ടാറിങ് നടത്തിയത്. എന്നാൽ, ഇപ്പോൾ പഴയതിലും മോശമായ അവസ്ഥയിലാണ് പ്രദേശവാസികൾ പറയുന്നു.