70 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച വനിതാ കാര്‍ഷിക വിപണനകേന്ദ്രം അടഞ്ഞുകിടക്കുന്നു
കാഞ്ഞിരപ്പള്ളി: രണ്ടുവര്‍ഷം മുന്‍പ് 70 ലക്ഷം രൂപ ചിലവഴിച്ചു വനിതകള്‍ക്കായി നിര്‍മിച്ച കാര്‍ഷിക വിപണനകേന്ദ്രം ഉപയോഗശൂന്യം. കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനു സമീപത്ത് പഞ്ചായത്തിന്റെ സ്ഥലത്ത് നിര്‍മിച്ച 16 കടമുറികളാണ് കരാറെടുത്തവര്‍ക്ക് തുറന്നു നല്‍കാത്തതിനാല്‍ നശിക്കുന്നത്. വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുവാൻ അവസരം നൽകുക, ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിച്ച് മികച്ച വില ലഭ്യമാക്കുക, വനിതാ സംരംഭകരെ കണ്ടെത്തുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നെ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തുടങ്ങിയത്.
2015-ല്‍ യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്താണ് 70 ലക്ഷം രൂപ ചിലവഴിച്ച് ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവിടെ സ്ഥിതിചെയ്തിരുന്ന മത്സ്യ, മാംസച്ചന്ത പൊളിച്ചു നീക്കിയാണ് കെട്ടിടം നിര്‍മിച്ചത്. മുഴുവന്‍ കടമുറികളും നിര്‍മാണം നടക്കുന്ന സമയത്ത് തന്നെ ലേലത്തില്‍ പോയിരുന്നു. റോഡ് കോണ്‍ക്രീറ്റിങ് ഉള്‍പ്പെടെ കടമുറികളുടെ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാക്കിയെങ്കിലും ഇനിയും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയിട്ടില്ല. ഇതുമൂലം പഞ്ചായത്തിന് ലഭിക്കുമായിരുന്ന രണ്ടുവര്‍ഷത്തെ വാടകയും നഷ്ടമായി.
എന്നാൽ ആദ്യലേലത്തില്‍ മുറികളുടെ തുക കുറഞ്ഞു പോയതിനാൽ 20-ന് ഉച്ചകഴിഞ്ഞ് രണ്ടിന് റീ ടെന്‍ഡര്‍ നടക്കുമെന്നും,. വൈദ്യുതി ലഭ്യമാക്കുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും, അതിനുശേഷം കടമുറികള്‍ വനിതാ സംരംഭകര്‍ക്ക് നൽകുമെന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അറിയിച്ചു.