സംരക്ഷണവേലിയില്ലാതെ ട്രാൻസ്‌ഫോമർ; അപകടം കയ്യെത്തും ദൂരത്ത്
കോരുത്തോട് ∙ കുഴിമാവ് ഗവ. സ്കൂളിനു സമീപമുള്ള വൈദ്യുതി ട്രാൻസ്ഫോമറിനു സംരക്ഷണവേലികൾ ഇല്ല. അപകടം കയ്യെത്തും ദൂരത്ത്. പ്രധാന പാതയുടെ വശത്തു നിലകൊള്ളുന്ന ട്രാൻസ്ഫോമറിൽ ഫ്യൂസുകൾ റോഡിൽനിന്നു നാലടി ഉയരത്തിലാണു സ്ഥാപിച്ചിരിക്കുന്നത്. കൊച്ചുകുട്ടികൾപോലും കൈനീട്ടിയാൽ തൊടാവുന്ന രീതിയിലായതിനാൽ അപകടസാധ്യത വർധിക്കുകയാണ്.
ഇടുക്കിത്തോടിനുള്ള ലൈനാണു ട്രാൻസ്ഫോമറിൽനിന്നു കടന്നുപോകുന്നത്. ഇടുക്കിത്തോട് 116 ലൈനിന്റെ പ്രധാന നിയന്ത്രിത സ്വിച്ചും ഇൗ ട്രാൻസ്ഫോമറിൽ തന്നെയാണു സ്ഥാപിച്ചിരിക്കുന്നത്. റോഡരികിൽ കാനയ്ക്ക് ഇരുകരകളിലായി പോസ്റ്റുകൾ സ്ഥാപിച്ചാണു കലുങ്കിനു സമീപം വർഷങ്ങൾക്കു മുൻപു ട്രാൻസ്ഫോമർ വച്ചത്.
മേഖലയിലെ മറ്റെല്ലാ ട്രാൻസ്ഫോമറുകൾക്കും ഇരുമ്പു സംരക്ഷണ വേലികൾ തീർത്തിട്ടും ഇവിടെ മാത്രം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. സ്കൂൾ കുട്ടികൾ അടക്കം യാത്ര ചെയ്യുന്ന ഇൗ റോഡിൽ ചെറിയ അശ്രദ്ധപോലും അപകടകാരണമായേക്കാം. എത്രയും വേഗം ട്രാൻസ്ഫോമറിനു ചുറ്റും സംരക്ഷണവേലികൾ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.