രാഹുൽഗാന്ധിയുടെ പദയാത്ര ഇന്ത്യയുടെ രാഷ്ട്രീയഗതി മാറ്റിമറിക്കും- ആന്റോ ആന്റണി എം.പി.
കാഞ്ഞിരപ്പള്ളി: രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പിന്തുണ മതേതര ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്ന സൂചനയാണെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദയാത്ര ഇന്ത്യയുടെ രാഷ്ട്രീയഗതി മാറ്റിമറിക്കുമെന്നും ആന്റോ ആന്റണി എം.പി. പറഞ്ഞു.
പദയാത്ര ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ എത്തുമ്പോൾ നിയോജകമണ്ഡലത്തിൽനിന്നും 3000-പ്രവർത്തകരെ പങ്കെടുപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു. കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി. നിർവാഹകസമിതിയംഗം ജോഷി ഫിലിപ്പ്, കെ.പി.സി.സി. അംഗങ്ങളായ തോമസ് കല്ലാടൻ, ജാൻസ് കുന്നപ്പള്ളി, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.എ.ഷെമീർ, റോണി കെ. ബേബി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.