മണ്ഡലകാലത്തിന് രണ്ടുമാസം; ഒരുക്കം എങ്ങുമെത്തിയില്ല നിർബന്ധിത വെർച്വൽ ക്യൂവിന്റെ കാര്യത്തിൽ അഭിപ്രായ െഎക്യമില്ല 

ശബരിമല മണ്ഡലകാലത്തിന് രണ്ടുമാസംമാത്രം ബാക്കിനിൽക്കേ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. സാധാരണ ഏപ്രിൽ മാസത്തോടുകൂടി നടക്കുന്ന അവലോകന യോഗം ഇത്തവണ നടന്നത് കഴിഞ്ഞ ദിവസമാണ്. 

ദേവസ്വം ബോർഡിന് പുറമേ മരാമത്ത്, ജലസേചനം, വനം, ഗതാഗതം, പോലീസ്, ആരോഗ്യം തുടങ്ങിയ സർക്കാർ വകുപ്പുകളാണ് മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. ഇനിയും ബന്ധപ്പെട്ട വകുപ്പുകളുടെ ഒരുക്കം തുടങ്ങിയിട്ടില്ല. 

കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തു. എന്നാൽ ഒരുക്കം എന്നു തുടങ്ങണമെന്ന കാര്യം തീരുമാനമായില്ല. ഫലത്തിൽ അടുത്ത അവലോകന യോഗം വരെ കാത്തിരിക്കേണ്ടിവരും. 

ഹൈക്കോടതി നിശ്ചയിച്ചിട്ടുള്ള ശബരിമലയിലേക്കുള്ള 17 പാതകളുടെ അറ്റകുറ്റപ്പണിയും തുടങ്ങിയിട്ടില്ല. ചില റോഡുകളിൽ ആരംഭിച്ചത് മണ്ഡലകാലത്തിന് മുന്നെ പൂർത്തിയാകുന്ന ലക്ഷണമില്ല. രണ്ടര വർഷം മുമ്പ് ആരംഭിച്ച മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയിൽ ളാഹ ഭാഗത്ത് റോഡ് തകർന്നുകിടക്കുകയാണ്. കഴിഞ്ഞ മണ്ഡലകാലത്തോടെ അടച്ച കാനനപാത ഇതുവരെ തുറന്നിട്ടില്ല. നിലയ്ക്കൽ, പമ്പ, ആശുപത്രികളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തേണ്ടതുണ്ട്. 

വെർച്വൽ ക്യൂവിന്റെ കാര്യത്തിൽ ദേവസ്വം ബോർഡും സർക്കാരും രണ്ടു തട്ടിലാണ്. നിർബന്ധിത വെർച്വൽ ക്യൂ ഒഴിവാക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്.

കാനനക്ഷേത്രമായതിനാൽ സുരക്ഷ പ്രധാനമാണെന്ന പോലീസിന്റെ ഉറച്ചവാദമാണ് ഇതിന് കാരണം. നിർബന്ധമായി ബുക്ക് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ ആഗ്രഹം. എന്നാൽ ഇക്കാര്യം പരസ്യമായി പറയാൻ ബോർഡ് പ്രസിഡന്റോ അംഗങ്ങളോ തയ്യാറല്ല. അയ്യപ്പസേവാസംഘം അടക്കമുള്ള സംഘടനകളാണ് വെർച്വൽ ക്യൂവിനെ എതിർക്കുന്നത്. 

നീലിമലപ്പാത പൊളിച്ചിട്ടിട്ട് ആറുമാസം 

: നവീകരണത്തിന്റെ പേരിൽ നീലിമലപ്പാത കുത്തിപ്പൊളിച്ചിട്ടിട്ട് ആറുമാസം കഴിഞ്ഞു. കാലാവസ്ഥ, മഴ തുടങ്ങിയ കാരണങ്ങളെ പഴിച്ച് പണി പൂർത്തിയാക്കിയിട്ടില്ല. നീലിമലപ്പാത തുടങ്ങുന്ന ഭാഗം മുതൽ മരക്കൂട്ടം വരെയുള്ള ഭാഗത്ത് കല്ല് പാകുന്നതിനായാണ് മുമ്പുണ്ടായിരുന്ന പാതയും കൈവരികളും പൊളിച്ചത്. അപ്പാച്ചിമേടിന് താഴേക്കുള്ള ഭാഗം വരെയാണ് ഇപ്പോൾ ജോലികൾ പുരോഗമിക്കുന്നത്. ഇവിടെ മുമ്പുണ്ടായിരുന്ന കല്ലും കൈവരിയും പടികളും പൊളിച്ചതോടെ മലകയറാൻ ഭക്തർ ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞ ഒരുവർഷം മാത്രം ഇൗ ഭാഗത്ത് അറുപതിലധികം പേർ കുഴഞ്ഞുവീണെന്നാണ് അയ്യപ്പസേവാസംഘത്തിന്റെ കണക്ക്. പാതയ്ക്ക് സമീപവശത്ത് ആംബുലൻസിനായി നിർമിച്ച ഓഫ് ലൈൻ റോഡ് ഗുണകരമല്ലെന്നും വാദമുണ്ട്.

error: Content is protected !!