റീച്ചാർജ് ചെയ്യാവുന്ന പ്രീപെയ്ഡ് ട്രാവൽകാർഡുമായി കെ.എസ്.ആർ.ടി.സി. 

: യാത്രക്കാർ ചില്ലറയുമായി വരണമെന്ന് ഇനി കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാർ വാശിപിടിക്കില്ല. പകരം പണം കൈമാറാൻ കഴിയുന്ന സ്മാർട്ട്‌ ട്രാവൽ കാർഡ് മതി. കെ.എസ്.ആർ.ടി.സി. ബസിനുള്ളിലെ ടിക്കറ്റ് വിൽപ്പനയും ഓൺലൈൻ പണമിടപാടിലേക്ക് മാറുകയാണ്. ഇതിനായി രണ്ടുലക്ഷം സ്മാർട്ട് കാർഡുകൾ തയ്യാറായി. 

ആദ്യഘട്ടത്തിൽ തിരുവനന്തപുരം സിറ്റിബസുകളിലെ യാത്രക്കാർക്കാണ് ട്രാവൽ കാർഡുകൾ നൽകുക. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന 400 കാർഡുകൾക്കുപുറമേ 5000 കാർഡുകൾ ഉടൻ വിതരണംചെയ്യും. സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ ബസുകളിലെ യാത്രക്കാർക്കാകും ഈ സൗകര്യം. തുടർന്ന്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെ മറ്റുബസുകളിലേക്കും വ്യാപിപ്പിക്കും. ഏറെവൈകാതെ മറ്റുജില്ലകളിലേക്കും സ്മാർട്ട് കാർഡെത്തും. 

പുതിയതലമുറ ടിക്കറ്റ് മെഷീനുകളിൽ ഉപയോഗിക്കാൻകഴിയുന്ന ആർ.എഫ്.ഐ.ഡി. കാർഡുകളാണിവ. ടിക്കറ്റ് മെഷീനുകളുടെ വിതരണം പൂർത്തിയായിക്കഴിഞ്ഞതിനാൽ കാർഡ് വിതരണത്തിന് വലിയ താമസമുണ്ടാകില്ല. ടിക്കറ്റ് മെഷീനുകളിലെ സോഫ്റ്റ്‌വേർ അപ്‌ഡേറ്റ് ചെയ്താൽ കാർഡുകൾ ഉപയോഗിക്കാനാകും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്.

2017-ൽ ഏർപ്പെടുത്തിയ ട്രാവൽ കാർഡുകൾ വിജയകരമായെങ്കിലും ഒരുവർഷം കഴിഞ്ഞപ്പോൾ സാങ്കേതികപ്രശ്നങ്ങൾകാരണം പിൻവലിച്ചിരുന്നു. അന്നത്തെ പോരായ്മകൾ തരണംചെയ്യാൻ കഴിയുന്നവയാണ് പുതിയകാർഡുകൾ.

സ്മാർട്ട് കാർഡ്

മുൻകൂർപണം നൽകി റീച്ചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവ. ബസിലും സ്റ്റേഷനുകളിലും റീച്ചാർജ് ചെയ്യാൻ സൗകര്യം.

ബാലൻസറിയാൻ

കാർഡുപയോഗിച്ച് ടിക്കറ്റെടുക്കുമ്പോൾ കാർഡിലെ ബാലൻസ് തുകയും ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. കണ്ടക്ടറുടെ സഹായംതേടി ടിക്കറ്റ് മെഷീനിലൂടെയും ബാലൻസ് പരിശോധിക്കാം.

കാർഡിന് ഫീ ഇല്ല

കാർഡ് സൗജന്യമായിട്ടാണ് നൽകുന്നത്. ചാർജ് ചെയ്യുന്ന മുഴുവൻ തുകയ്ക്കും ടിക്കറ്റെടുക്കാനാകും. നിലവിൽ 100 രൂപയ്ക്ക് സ്മാർട്ട് ട്രാവൽകാർഡ് വാങ്ങുന്നവർക്ക് 150 രൂപയുടെ യാത്ര അനുവദിക്കുന്നുണ്ട്. 2000 രൂപയ്ക്കുവരെ ചാർജുചെയ്യാം. 250 രൂപയ്ക്കുമുകളിൽ ചാർജുചെയ്യുന്നവർക്ക് 10 ശതമാനം ഇളവും ലഭിക്കും. ഒരുവർഷമാണ് ചാർജിങ്ങിന്റെ കാലാവധി. ഈ കാലയളവിൽ ഉപയോഗിച്ചിട്ടില്ലെങ്കിൽ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യേണ്ടിവരും. 

ആർക്കും ഉപയോഗിക്കാം

ഉടമതന്നെ കാർഡ് ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ കൈമാറാം.

error: Content is protected !!