തെരുവുനായകൾക്ക് അഭയകേന്ദ്രങ്ങൾ; അപ്രായോഗികതകൾ ഒട്ടേറെ 

: തെരുവുനായകൾക്കും ഉപേക്ഷിക്കപ്പെട്ട നായകൾക്കുമായുള്ള അഭയകേന്ദ്രങ്ങളുടെ നടത്തിപ്പിന് ദുരന്തനിവാരണനിയമം പ്രയോഗിച്ച് കെട്ടിടങ്ങൾ ഏറ്റെടുത്താലും നടത്തിപ്പിന് പ്രായോഗികപ്രശ്നങ്ങളേറെ. നായകളെ അവയുടെ ആവാസവ്യവസ്ഥയിൽനിന്നു മാറ്റുമ്പോഴുണ്ടാകുന്ന പ്രശ്നമാണ് പ്രധാനം. 

ഒരുസ്ഥലത്ത് സ്ഥിരമാകുന്ന നായകളുടെ കൂട്ടത്തിലേക്ക്‌ മറ്റൊരുകൂട്ടം എത്തുന്നത് അവ അംഗീകരിക്കില്ല. അതിനാൽ, അഭയകേന്ദ്രങ്ങളിൽ നായകളുടെ ഏറ്റുമുട്ടൽ ഉറപ്പാണ്. ആവാസമേഖല പ്രധാനമായതിനാലാണ് നായകളുടെ ജനനനിയന്ത്രണത്തിനുള്ള എ.ബി.സി. പ്രോഗ്രാമിനുശേഷം അവയെ പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുവിടുന്നത്. അഭയകേന്ദ്രങ്ങളിൽ നായകളെ കൂട്ടത്തോടെയിടുന്നത് കേന്ദ്രചട്ടത്തിനുവിരുദ്ധമാണെന്നും മൃഗഡോക്ടർമാർ പറയുന്നു. 

പട്ടിപിടിക്കാനില്ല, ‘കല്യാണം മുടങ്ങും’

നായകളെ പിടിക്കാൻ ആളെക്കിട്ടാത്തതും പ്രശ്നമാണ്. ‘പട്ടിപിടിത്തക്കാരനെ’ന്നു പേരുവീണാൽ കല്യാണംവരെ മുടങ്ങുമെന്നാണ് യുവാക്കൾ പറയുന്നത്. വർഷങ്ങൾക്കുമുമ്പ് കൊല്ലംജില്ലയിൽ എ.ബി.സി.യുടെ ഭാഗമായി നായ്ക്കളെ ശാസ്ത്രീയമായി പിടികൂടാൻ പത്തുപേർക്ക് പരിശീലനം നൽകിയെങ്കിലും ഒരാൾമാത്രമാണ് ശേഷിച്ചത്. പിന്നീട് എംപ്ലോയ്‌മെൻ് എക്സ്‌ചേഞ്ച് നൽകിയ പട്ടികയിൽനിന്ന്‌ ആരുംവന്നില്ല. 

നായകൾക്കുപിന്നാലെ പായാൻ നല്ല കായികക്ഷമത വേണം. ചിലതിനെ പിടികൂടാൻ വെളുപ്പിനുതന്നെ നിരത്തിലിറങ്ങുകയും വേണം. ഇത് കുടുംബശ്രീക്കാർക്ക് കഴിയുമോ എന്നതാണ് ചോദ്യം. 300 രൂപ പട്ടിയെ പിടിക്കുന്നവർക്കും 200 രൂപ ഇവയെ കൊണ്ടുവരുന്നതിനുള്ള ചെലവായും നൽകുമെന്നാണ് സർക്കാർ പറയുന്നത്. 

പ്രായോഗികമല്ല

എ.ബി.സി.ക്ക് വിധേയമാക്കുന്ന നായകളെ അതത് പഞ്ചായത്തുകളിൽ താത്കാലികകേന്ദ്രമൊരുക്കി പിടിച്ചുകൊണ്ടുവന്ന സ്ഥലങ്ങളിൽത്തന്നെ തുറന്നുവിടുകയാണ് വേണ്ടതെന്ന് മൃഗസംരക്ഷണവകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ ഡോ. ബി. ബാഹുലേയൻ പറഞ്ഞു. ആവാസമേഖല മാറിയാൽ ഏറ്റുമുട്ടാൻ സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!