കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പേവിഷ പ്രതിരോധ യജ്ഞം; ആദ്യ ദിനം 161 നായ്കൾക്ക് കുത്തിവെപ്പെടുത്തു
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിൽ വളർത്തു നായകൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ആരംഭിച്ചു. രണ്ട് ക്യാമ്പുകളിലായി 161 നായ്കൾക്ക് തിങ്കളാഴ്ച കുത്തിവെയ്‌പ്പെടുത്തു.
കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ നടത്തിയ ക്യാമ്പിൽ 37 നായ്കൾക്കും കൊരട്ടിയിൽ നടത്തിയ ക്യാമ്പിൽ 124 നായ്കൾക്കും കുത്തിവെയ്പ് എടുത്തു. വളർത്തു നായകൾക്ക് ലൈസൻസ് എടുക്കുന്നതിനുള്ള അപേക്ഷാഫോറം ക്യാമ്പുകളിൽ വിതരണം ചെയ്യും.
പൂരിപ്പിച്ച അപേക്ഷ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കി 10 രൂപ ഫീസ് അടച്ച് ലൈസൻസ് വാങ്ങേണ്ടതാണ്. ഒരു വർഷത്തിനുള്ളിൽ വാക്‌സിനേഷൻ എടുത്ത നായ്ക്കളെ വീണ്ടും കുത്തിവയ്‌ക്കേണ്ടതില്ല. ലൈസൻസ് എടുക്കാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഒന്പതുമുതൽ 12 വരെ പനിച്ചേപ്പള്ളി ഗവ. എൽ.പി.സ്‌കൂൾ ഗ്രൗണ്ടിലും 22-ന് രാവിലെ ഒൻപതുമുതൽ 12-വരെ ആനക്കല്ല് ജി.എൽ.പി.എസ്. ഗ്രൗണ്ടിലും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലുവരെ കാളകെട്ടി മൃഗാശുപത്രി സബ് സെന്ററിലും ക്യാമ്പ് നടത്തും.
23-ന് രാവിലെ ഒന്പതുമുതൽ 12-വരെ മണ്ണാറക്കയം ജനതാ ക്ലബ്ബിലും രണ്ടുമുതൽ നാലുവരെ ഞള്ളമറ്റം വി.ഇ.ഒ.ഓഫീസ് പരിസരത്തും 24-ന് രാവിലെ ഒൻപതുമുതൽ 12-വരെ തമ്പലക്കാട് എൻ.എസ്.എസ്. യു.പി.സ്‌കൂൾ ഗ്രൗണ്ടിലും രണ്ടുമുതൽ നാലുവരെ തൊണ്ടുവേലി അങ്കണവാടിക്കു സമീപവും 26-ന് രാവിലെ ഒന്പതുമുതൽ 12-വരെ വിഴിക്കിത്തോട് പി.എച്ച്.സി. ഗ്രൗണ്ടിലും രണ്ടുമുതൽ നാലുവരെ കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂൾ സ്റ്റേഡിയത്തിലും 27-ന് രാവിലെ ഒന്പതുമുതൽ 12-വരെ തമ്പലക്കാട് പി.എച്ച്.സി. സബ് സെന്റിലും വാക്‌സിനേഷൻ ക്യാമ്പ് നടക്കും.
വാഴൂരിൽ വാക്‌സിനേഷൻ ക്യാമ്പ്
വാഴൂർ: പഞ്ചായത്തിൽ ചൊവ്വാഴ്ച മുതൽ നായകൾക്കുള്ള വാക്‌സിനേഷൻ ക്യാമ്പ് ആരംഭിക്കും. 10 മുതൽ 11.30 വരെ കൃഷിഭവൻ പരിസരം, 12 മുതൽ 1.30 വരെ പെൻഷൻഭവന് സമീപം. 22-ന് രാവിലെ 10 മുതൽ 11.30 വരെ തകിടി ഹൈസ്‌കൂൾ ജങ്ഷൻ. 24-ന് 10 മുതൽ 11 വരെ ചാമംപതാൽ മിനി സ്റ്റേഡിയം. എല്ലാ ദിവസവും 10 മുതൽ ഒന്നുവരെ മൃഗാശുപത്രിയിലും വാക്‌സിനേഷൻ നടക്കും.
വളർത്ത് നായകളെ തുറന്ന് വിടുന്നതായി പരാതി
കാഞ്ഞിരപ്പള്ളി: പൂതക്കുഴിയിൽ വളർത്തു നായകളെ തുറന്നുവിടുന്നത് പരിസരവാസികൾക്ക് ദുരിതമാകുന്നു. പ്രദേശത്ത് പന്ത്രണ്ടോളം നായ്ക്കളെ പൂട്ടിയിടാതെ അഴിച്ചു വിട്ടിരിക്കുന്നതിനെതിരേ പരിസരവാസികൾ പോലീസിൽ പരാതി നൽകി. നായകൾ സമീപവാസികളായ ആളുകളുടെ വീടുകളിലും പരിസരങ്ങളിലും എത്തി ആളുകളെ കടിക്കാനായി ഓടിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസം ഒൻപത് വയസ്സുള്ള കുട്ടിക്ക് നേരെ നായ ഓടിയടുത്തിരുന്നുവെന്നും പരാതിയിൽ പറയുന്നു.