പരിസ്ഥിതിലോല മേഖല: വിജ്ഞാപനം ചോദ്യം ചെയ്യുന്ന ഹർജിയിൽ നോട്ടീസ്
കേരളത്തിലെ പരിസ്ഥിതിലോല മേഖല നിശ്ചയിച്ച് കേരള ബയോ ഡൈവേഴ്‌സിറ്റി ബോർഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനടക്കം നോട്ടീസ്.
കരട് വിജ്ഞാപനം അന്തിമമാക്കുന്നത് കോടതിയുടെ ഉത്തരവിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
ഇടുക്കി സ്വദേശി അജിത് കുമാർ, പത്തനംതിട്ട സ്വദേശി ആർ. പ്രദീപ് കുമാർ എന്നിവരാണ് ഹർജിക്കാർ. ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നതിന് ഭിന്നമായ വിവരങ്ങളാണ് കരട് വിജ്ഞാപനത്തിലുള്ളതെന്ന് ഹർജിയിൽ പറയുന്നു. വെബ്സൈറ്റിലെ പല വിവരങ്ങളും അവ്യക്തമാണ്.
ഏതൊക്കെ മേഖലയാണ് പരിസ്ഥിതിലോല മേഖലയിൽ വരുക എന്നതിൽ വ്യക്തതയില്ല. ഏതൊക്കെ വില്ലേജ് ഇത്തരം മേഖലയിൽ വരുമെന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഈ അവ്യക്തതയില്ലെന്നും ഹർജിയിൽ പറയുന്നു.
വിജ്ഞാപനം പ്രാദേശിക ഭാഷയിൽ പത്ര മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കണമെന്നതടക്കമുള്ള ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജ്ഞാപനം അന്തിമമാക്കുന്നത് തടയണമെന്നാണ് ഇടക്കാല ആവശ്യം.