റോഡിൽ കുഴിയിൽ സ്‌കൂട്ടർ മറിഞ്ഞ് അധ്യാപികയ്ക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കത്തലാങ്കൽപ്പടിക്ക് സമീപം വളവിൽ റോഡിലെ കുഴിയിൽ ചാടി സ്‌കൂട്ടർ മറിഞ്ഞ് അധ്യാപികയ്ക്ക് പരിക്ക്. ചെറുവള്ളി മാടത്താനിക്കുന്നേൽ ബിസ്മി ജോയിക്കാണ് പരിക്കേറ്റത്. കുഴിയിൽ ചാടി സ്‌കൂട്ടർ മറിഞ്ഞതിനെ തുടർന്ന് ബിസ്മിയുടെ കാലിന്റെ പാദത്തിനും മുട്ടിനും കൈയ്ക്കും നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടോടെ വീട്ടിൽനിന്ന് സ്‌കൂളിലേക്ക് കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുവരുന്ന വഴിക്കാണ് അപകടമുണ്ടായത്. കത്തലാങ്കൽപ്പടി തടിമില്ലിന് സമീപത്തെ വളവിലെ കുഴിയിലാണ് വീണത്. സ്‌കൂട്ടർ കുഴിയിലേക്ക് വീണയുടൻ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നെന്ന് ബിസ്മി പറഞ്ഞു.
പ്രധാന പാതയായ റോഡിൽ കുഴികാരണം യാത്രബുദ്ധിമുട്ടിലായതായി ബിസ്മി പറഞ്ഞു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞദിവസം മറ്റൊരു സ്‌കൂട്ടർ യാത്രികയും ഇതിന് സമീപത്തായി വീണിരുന്നു.
റോഡ് തകർന്ന് കുഴിയായി കിടക്കുന്നതിനാൽ ഇരുവശങ്ങളിലൂടെയും വാഹനം ഓടിച്ചുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വഴിയരുകിൽ മണ്ണും ചെളിയും ഒഴുകിവന്നടിഞ്ഞ നിലയിലാണ്. കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുപോകുന്ന വഴിയിലാണ് കുഴി രൂപപ്പെട്ട് കിടക്കുന്നത്. ഈ റോഡിൽ പലയിടങ്ങളിലായി നിരവധി കുഴികളാണുള്ളത്. അഞ്ചിലിപ്പ മുതൽ മണ്ണനാനി വരെയുള്ള ഭാഗത്താണ് അപകടക്കുഴികൾ ഏറെയുമുള്ളത്. അഞ്ചിലിപ്പ, കത്തലാങ്കൽപ്പടി, മൂന്നാംമൈൽ, കാരായ്ക്കമറ്റം, വാളക്കയം എന്നിവിടങ്ങളിൽ വാഹനം ഓടിക്കാൻ കഴിയാത്ത രീതിയിലുള്ള കുഴികളാണുള്ളത്. ടാറിങ്ങ് ഇളകികിടന്ന് പൊടിശല്യവും റോഡിലുണ്ട്. രണ്ടുവർഷത്തിലേറെയായി റോഡ് തകർന്നു കിടക്കുകയാണ്. മണിമല, പഴയിടം, മണ്ണനാനി, ചെറുവള്ളി എന്നിവിടങ്ങളിൽനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണിത്. വലിയ വാഹനങ്ങളടക്കം കടന്നുപോകുന്ന റോഡിൽ ഇരുചക്രവാഹനക്കാർ ജീവൻ പണയംവെച്ച് യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്.
കാഞ്ഞിരപ്പള്ളി മുതൽ അഞ്ചിലിപ്പവരെയുള്ള ഭാഗത്തെ റോഡ് നവീകരിച്ചിരുന്നു. ബാക്കിയുള്ള മണ്ണനാനി വരെയുള്ള ഭാഗത്ത് റീ ടാറിങ് നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ റോഡിലൂടെയുള്ള കാഞ്ഞിരപ്പള്ളി-കുളത്തൂർമൂഴി റോഡ് നിർമാണത്തിന് ഇനിയും കാലതാമസമെടുക്കുമെന്നിരിക്കെ ഈ റോഡിലൂടെയുള്ള കാൽനടപോലും ദുസ്സഹമായിരിക്കുകയാണ്.