തുടക്കം ഒടുക്കം .. തുടങ്ങിയിട്ട് പത്ത് വർഷം കഴിഞ്ഞിട്ടും അനക്കമില്ലാതെ കാഞ്ഞിരപ്പളളി മിനി ബൈപ്പാസ്
കാഞ്ഞിരപ്പള്ളി: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച കാഞ്ഞിരപ്പള്ളി മിനി ബൈപ്പാസ്, നീണ്ട പത്തുവർഷം കഴിഞ്ഞിട്ടും തുടങ്ങിയ സ്ഥിതിയിൽ തന്നെ .. പത്ത് വർഷം മുൻപ് ആരംഭിച്ച പദ്ധതിയുടെ പാതി നിർമാണം നടത്തിയ അവശേഷിപ്പുകൾ മാത്രമാണ് ചിറ്റാർ പുഴയോരത്ത് ബാക്കിയായുള്ളത്. കെ.കെ. റോഡിൽ കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി കൊണ്ടുവന്നതാണ് പദ്ധതി. യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് 2011-ൽ പദ്ധതി തയ്യാറാക്കി 2012-ലാണ് മിനി ബൈപ്പാസിന്റെ നിർമാണം ആരംഭിച്ചത്.
അഞ്ച് ഘട്ടങ്ങളിലായി 1.10 കോടി രൂപ നിർമാണ പ്രവർത്തങ്ങൾക്കായി ചെലവാക്കി. പേട്ടക്കവലയിൽ നിന്ന് ആരംഭിച്ച് ചിറ്റാർ പുഴയോരത്ത് കൂടി ടൗൺഹാൾ പരിസരത്ത് എത്തുന്നതാണ് പദ്ധതി. ശബരിമല തീർഥാടന പാത, കിഴക്കൻ മലയോര വിനോദ സഞ്ചാരപാത എന്നിവ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി പട്ടണത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയായിരുന്നു മിനി ബൈപാസ്.
ഇരുവശങ്ങളും തുറന്നില്ല
മിനി ബൈപ്പാസിനായി പ്രവേശിക്കുന്നയിടമായ പേട്ടക്കവലയിലും ചെന്ന് കയറുന്ന ഭാഗമായ ടൗൺ ഹാൾ പരിസരവും ഇതുവരെ തുറന്നിട്ടില്ല. ബൈപാസ് റോഡ് കടന്ന് പോകുന്നതിനായി ഒരു കിലോമീറ്ററോളം ചിറ്റാർ പുഴയോരം കെട്ടിയെടുക്കുക മാത്രമാണ് ചെയ്തത്. എൽ.ഡി.എഫ്. ഭരണസമിതി പഞ്ചായത്ത് ഭരണം ഏറ്റെടുത്തതോടെ നിർമാണത്തിൽ അഴിമതിയാരോപിച്ച് നിർമാണം നിർത്തി വെച്ചു.
അഴിമതിയില്ലെന്ന് വിജിലൻസ്
ബൈപ്പാസ് നിർമാണത്തിൽ അഴിമതി ആരോപിച്ച് സ്വകാര്യവ്യക്തി വിജിലൻസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വിജിലൻസ് അന്വേഷിച്ച് അഴിമതി നടന്നിട്ടില്ലെന്ന് കണ്ടത്തിയിരുന്നു. എന്നാൽ, ആ അന്വേഷണത്തിൽ തൃപ്തികരമല്ലന്നായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം. പീന്നീട് ഗ്രാമപ്പഞ്ചായത്ത് ബജറ്റുകളിൽ നിന്നടക്കം മിനിബൈപ്പാസിനെ ഒഴിവാക്കിയിരുന്നു. മിനി ബൈപ്പാസ് യാഥാർഥ്യമായാൽ ചെറുവാഹനങ്ങൾ പട്ടണത്തിൽ കയറാതെ കുരിശുങ്കൽ ജങ്ഷനിലെത്താൻ കഴിയും. ഇതോടെ പേട്ടക്കവല മുതൽ കുരിശുങ്കൽ വരെയുള്ള കുരുക്കിന് പരിഹാരമാകും.