അമ്മുക്കുട്ടിയുടെ ഫോൺ മടക്കിത്തരണമെന്ന് പി.സി. ജോർജ്
അമ്മുക്കുട്ടി ടോം ആൻഡ് ജെറി കാണാൻ ഇപ്പോൾ തന്റെ ഫോണാണെടുക്കുന്നത്. കുഞ്ഞിന്റെ ഫോൺ പോലീസ് മടക്കിത്തന്നാൽ നന്നായിരുന്നു. പി.സി. ജോർജ് തന്റെ കൊച്ചുമകളുടെ സങ്കടം മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചു.
ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ മകളാണ് അമ്മുക്കുട്ടി. ഷോണിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് ജോർജിന്റെ വീട്ടിൽ പരിശോധന നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്. അക്കൂട്ടത്തിലാണ് കുഞ്ഞിന്റെ ഫോണും കൊണ്ടുപോയത്.
കോട്ടയം പ്രസ് ക്ലബ്ബിൽ ഗവർണർ-മുഖ്യമന്ത്രി തർക്കത്തിൽ തന്റെ അഭിപ്രായം പറയാനാണ് ജോർജ് പത്രസമ്മേളനം വിളിച്ചത്. അപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പോലീസ് വന്നിട്ട് ഒന്നും കാണാൻ കഴിഞ്ഞില്ല.
വീട്ടിൽ ബിരിയാണി ചെമ്പും നിക്ഷേപവും ഇല്ല. ആകെയുള്ളത് കാർന്നോന്മാര് തന്ന പഴയ ചെമ്പാണ്- ജോർജ് പറഞ്ഞു. അൽപ്പം ദയയുണ്ടെങ്കിൽ, അമ്മുക്കുട്ടീടെ ഫോൺ മടക്കിത്തരണേ പിണറായീയെന്നും ജോർജ് ആവശ്യപ്പെട്ടു.