ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ച് എരുമേലി പോലീസ് സ്റ്റേഷനിലെ ആദ്യ വനിതാ എസ്. ഐ. ശാന്തി കെ. ബാബു.
മുക്കൂട്ടുതറ : എരുമേലി പോലീസ് സ്റ്റേഷനിലെ ആദ്യത്തെ വനിതാ എസ് ഐയായ ശാന്തി കെ. ബാബു മുട്ടപ്പള്ളി വാർഡിൽ നടന്ന ഗ്രാമസഭയിലെത്തി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തത്, പ്രദേശവാസികൾക്ക് ഏറെ പ്രയോജനമായി . പ്രദേശത്ത് വ്യാപകമാകുന്ന ലഹരിയുടെ വിപത്തുകൾക്ക് എതിരെ ചെയ്യേണ്ട കാര്യങ്ങൾ വളരെ ലളിതമായി വിവരിച്ചു കൊടുത്ത വനിതാ എസ് ഐ, പോലീസിനെ സമീപിക്കാൻ പേടി വേണ്ടെന്ന് പറഞ്ഞുകൊണ്ട് സ്വന്തം ഫോൺ നമ്പർ നൽകി വീട്ടമ്മമാർക്ക് ഉറപ്പ് നൽകിയാണ് എസ് ഐ ക്ലാസ് അവസാനിപ്പിച്ചത്.
ഇരുന്നൂറോളം പേർ പങ്കെടുത്ത ഗ്രാമസഭയിൽ ഏറെയും സ്ത്രീകളായിരുന്നു. ഇവർ ചോദിച്ച സംശയങ്ങൾക്ക് എസ് ഐ മറുപടി നൽകി. മുട്ടപ്പള്ളി വാർഡിൽ നടന്ന ഗ്രാമസഭയിലാണ് പോലീസിനെ ക്ഷണിച്ചു വരുത്തി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തിയത്. വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനായി മുട്ടപ്പള്ളി ഗവ. എൽ പി സ്‌കൂളിലായിരുന്നു ഗ്രാമസഭ. മേഖലയിൽ ആദ്യമായാണ് ഗ്രാമസഭയിൽ പോലീസിന്റെ ക്ലാസ് നടക്കുന്നത്.
എരുമേലിയിൽ ആദ്യമായി വനിതാ എസ് ഐ ആയ തനിക്ക് പ്രദേശത്തെ ഗ്രാമസഭയിൽ പങ്കെടുത്ത് ക്ലാസ് നൽകാനായത് ആദ്യ അനുഭവം ആണെന്ന് എസ് ഐ ശാന്തി കെ ബാബു പറഞ്ഞു. മുട്ടപ്പള്ളി പ്രദേശത്ത് കഞ്ചാവ്, അനധികൃത മദ്യ വിൽപന ഉൾപ്പടെ പലപ്പോഴായി ഒട്ടേറെ കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് വാർഡ് അംഗം എം എസ് സതീശ് പറഞ്ഞു. ഇതിനാലാണ് ലഹരിക്കെതിരെ ശരിയായ ബോധവൽക്കരണം ഗ്രാമസഭയിൽ നൽകണമെന്ന ആശയം തോന്നിയതെന്ന് മെമ്പർ പറഞ്ഞു.