ജോണിന് പ്രായം വെറുമൊരു നമ്പര്‍; അത്ലറ്റിക്സിൽ തിളങ്ങി 92കാരൻ
കാഞ്ഞിരപ്പള്ളി പാറത്തോട് മട്ടയ്ക്കല്‍ പി.എസ്. ജോണിന് പ്രായമെന്നത് ഒരു സംഖ്യ മാത്രമാണ്.
92-ാം വയസിലും നൂറുമീറ്റര്‍ സ്പ്രിന്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 21 സെക്കൻഡ്. സീനിയര്‍ സിറ്റിസണ്‍ ആയതിനുശേഷം പങ്കെടുത്ത അത്ലറ്റിക് മത്സരങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ചു. അന്താരാഷ്ട്ര, ദേശീയ, സംസ്ഥാനതല മത്സരങ്ങളില്‍നിന്നായി 158 മെഡലുകള്‍ കരസ്ഥമാക്കി. ഇതില്‍ ഭൂരിഭാഗവും സ്വര്‍ണ്ണമെഡലുകള്‍.
2016ല്‍ ഏഷ്യയുടെ ബെസ്റ്റ് അത്ലറ്റ് അവാര്‍ഡ്, ഹര്‍ഡില്‍സില്‍ പുതിയ ഏഷ്യന്‍ റിക്കാര്‍ഡ്, ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യാഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ദേശീയ-സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകള്‍ ഇങ്ങനെ നീളുന്നു നേടിയെടുത്ത നേട്ടങ്ങളുടെ പട്ടിക.
ഇഷ്ടപ്പെട്ട ഇനം ഹര്ഡില്സാണെങ്കിലും ലോംഗ് ജംപ്, റേസ് ഇനങ്ങളിലും മത്സരിക്കും. ഈ നേട്ടങ്ങളെല്ലാം കീഴടക്കിയത് 87-ാം വയസില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരാളാണെന്ന പ്രത്യേകതയുമുണ്ട്. ബെസ്റ്റ് സ്പോര്‍ട്സ്മാന്‍ വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണിപ്പോള്‍.
ജീവിതത്തില്‍ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടേണ്ടത് വാര്ധക്യമാണെന്ന് പി.എസ്. ജോണ്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ സ്പോര്‍ട്സ് ഇനങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂളില്‍ അധ്യാപകനായതോടെ സ്പോര്‍ട്സ് ജീവിതത്തിന് ഇടവേള എടുക്കുകയായിരുന്നു.
സ്കൂളില്‍നിന്ന് വിരമിച്ചതിന് ശേഷമാണ് സജീവ കായികജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 2019 ല്‍ കായികദിനത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനോടനുബന്ധിച്ച് പ്രധാനമന്ത്രിയില്‍നിന്ന് ആദരവ് ഏറ്റുവാങ്ങിയിരുന്നു. അതിരാവിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് ഗ്രൗണ്ടില്‍ രണ്ടു മണിക്കൂറിലധികം നീളുന്ന പരിശീലനത്തില്‍നിന്നാണ് അത്ലറ്റിന്റെ ഒരു ദിവസം ആരംഭിക്കുന്നത്.
പരിശീലനം കഴിഞ്ഞാല്‍ സ്വന്തം കൃഷിയിടത്തില്‍ പണികളിലേര്‍പ്പെടും. നാടന്‍ ഭക്ഷണമാണ് ഏറെ ഇഷ്ടം. സ്പോര്‍ട്സും കൃഷിയും കഴിഞ്ഞാല്‍ ഇഷ്ട വിനോദം വായനയാണ്.
ഭാര്യ അന്നമ്മ ജോണിനും മകന് റോയ് മട്ടയ്ക്കലിനും കുടുംബത്തോടുമൊപ്പമാണ് താമസം. മകള്‍ സിന്ധു സേവ്യര്‍.
ഇന്ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല വയോജനദിനാഘോഷ ചടങ്ങില്‍ മന്ത്രി ആര്. ബിന്ദുവില്‍നിന്ന് ബെസ്റ്റ് സ്പോര്‍ട്സ്മാന്‍ വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന അവാര്‍ഡ് ഇദ്ദേഹം ഏറ്റുവാങ്ങും.