ഞായറാഴ്ച പ്രവൃത്തിദിനം: വ്യാപക പ്രതിഷേധം ; കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവക പ്രതിനിധികൾ പ്രതിഷേധ ജാഥ നടത്തി
കാഞ്ഞിരപ്പള്ളി: ഗാന്ധിജയന്തി ദിനത്തിന്റെ പേരിൽ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള കുത്സിത ശ്രമത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഞായറാഴ്ച പ്രവര്ത്തിദിവസമാക്കികൊണ്ടുള്ള സർക്കാരിന്റെ ഉത്തരവിനെതിരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവക പ്രതിനിധികൾ കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റി പ്രതിഷേധജാഥ നടത്തി.
ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. കത്തീഡ്രൽ എകെസിസി യൂണിറ്റ്, എസ്എംവൈഎം, മാതൃദീപ്തി സംഘടനാംഗങ്ങൾ പ്രതിഷേധ ജാഥയിൽ പങ്കെടുത്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ , ഫാ. ജോസ് വൈപ്പംമഠം ഒഎസ്ബി, ഫാ. ഡെന്നി കുഴിപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
സ്കൂളുകളിൽ കുട്ടികളെയും അധ്യാപകരെയും വിളിച്ചുവരുത്തി ലഹരി വിമുക്ത ബോധവത്കരണം നടത്താനെന്ന പേരിൽ ക്രൈസ്തവർക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ഞായറാഴ്ചതന്നെ തെരെഞ്ഞടുത്തതു പ്രതിഷേധാർഹമാണ്. ലഹരി വിമുക്ത ക്യാമ്പിനെ പൂർണമായി അംഗീകരിക്കുകയും ഈ വലിയ വിപത്തിനെതിരായി കത്തോലിക്ക കോൺഗ്രസ് എന്നും നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ളതുമാണെന്നും കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് കെ.കെ. മൈക്കിളിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ഫാ. വർഗീസ് പരിന്തിരിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജിജി പുത്തേട്ട്, ട്രഷറർ ജയിംസുകുട്ടി ആശാരിപറമ്പിൽ, രൂപത സെക്രട്ടറി ജോസഫ് പണ്ടാരക്കളം, സാബു കൊച്ചുപുരയ്ക്കൽപറമ്പിൽ, ജിജി പുതിയിടം, റെജി കൊച്ചുകരിപ്പാപറമ്പിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, സച്ചിൻ വെട്ടിയാങ്കൽ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിൽ കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധിച്ചു. ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നത് ക്രൈസ്തവ വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് എക്കാലവും ചുക്കാൻ പിടിച്ചിട്ടുള്ളത് ക്രൈസ്തവ സമൂഹം തന്നെയാണ്. നാളെ നടത്താൻ തീരുമാനിച്ചിരിക്കുന്ന ബോധവത്കരണ കാന്പയിൻ മറ്റൊരുദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് തോമസ് ജേക്കബ്, സെക്രട്ടറി സിറിയക് മാത്യു, റോണി സെബാസ്റ്റ്യൻ, തോമസ് പി. ഡൊമിനിക്, ജോമോൻ ജോസഫ്, റോബി കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഞായറാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള സമീപകാലത്തെ ഇടപ്പെടലുകള്ക്കെതിരേ വ്യാകുലമാതാ ഫൊറോന പള്ളി പിതൃവേദി യൂണിറ്റ് പ്രതിഷേധിച്ചു. ഫൊറോന വികാരി ഫാ. ജെയിംസ് മുത്തനാട്ട് അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജെയിംസ് ആയില്ലൂർ, പിതൃവേദി പ്രസിഡന്റ് ജോയി തോമസ്, സെക്രട്ടറി ബിനു തുണ്ടത്തില്‍, ട്രഷറര്‍ ജേക്കബ് സി. കല്ലൂര്‍, വര്‍ക്കി മണക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.