യുവാവിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത കേസില്‍ നാലു പേര് പിടിയില്‍
ഈരാറ്റുപേട്ട: യുവാവിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത കേസില്‍ നാലു പേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ കണിയാംകുന്നേല്‍ മുഹമ്മദ് മുനീര്‍ (24), വഞ്ചാങ്കല്‍ ആഷിദ് (22), ഈലക്കയം ചിയാലില്‍ സുല്‍ഫിക്കര്‍ (30), ഈലക്കയം കന്നുപറമ്പില്‍ അജ്മല്‍ ഷാ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട സ്വദേശി തന്റെ കാര്‍ വില്‍ക്കാനുണ്ടെന്ന് ഫേസ് ബുക്കില്‍ പരസ്യം ചെയ്തതിനെത്തുടര്‍ന്ന് പ്രതികളില്‍ ഒരാളായ ആഷിദ് പരസ്യം കൊടുത്ത ആളെ വിളിച്ച് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ താത്പര്യം അറിയിച്ചു. ഇതിനായി കാര്‍ കാഞ്ഞിരപ്പള്ളിയില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. വാഹന ഉടമ തന്റെ ബന്ധുവായ യുവാവിന്റെ പക്കൽ കാർ കൊടുത്തുവിട്ടു. കാര്‍ കാഞ്ഞിരപ്പള്ളിയില്‍ കൊണ്ടുവന്നപ്പോള്‍ ആഷിദും മുനീറും ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ എന്ന വ്യാജേന കാർ ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ എത്തിയപ്പോള്‍ അജ്മല്‍ ഷായെയും സുല്ഫിക്കറിനെയും കാറില്‍ ഉണ്ടായിരുന്നവര്‍ വിളിച്ചു വരുത്തി. നാലുപേരും ചേര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് വാഹനവുമായി കടന്നു കളയുകയായിരുന്നു.
യുവാവിന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണസംഘം നാലുപേരെയും ഈരാറ്റുപേട്ടയുടെ വിവിധ സ്ഥലങ്ങളില്‍നിന്നു പിടികൂടുകയായിരുന്നു. ഒളിപ്പിച്ച നിലയില്‍ കാറും കണ്ടെടുത്തു. പ്രതികളായ ആഷിദിനും അജ്മലിനും ഈരാറ്റുപേട്ടയില്‍ നിരവധി കേസുകളുണ്ട്. എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, എസ്ഐമാരായ വി.വി. വിഷ്ണു, എം. സുജിലേഷ്, എഎസ്ഐ ഇക്ബാല്‍, സിപിഒ ശരത് കൃഷ്ണദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.