നൂറ്റിയാറിന്റെ നിറവിലും ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ കുഞ്ഞുപെണ്ണ്
മുണ്ടക്കയം: പുഞ്ചവയല്‍, പാക്കാനം കാവനാല്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് ഇന്നു നാട്ടിലെ താരം. കഴിഞ്ഞദിവസം മുരിക്കുംവയലിൽ മുഖ്യമന്ത്രി പങ്കെടുത്ത ശ്രീശബരീശ കോളജിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നൂറ്റിയാറുകാരിയായ കുഞ്ഞുപെണ്ണിനെ പുറംലോകം കൂടുതലായി അറിയുന്നത്. അന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെ പൂച്ചെണ്ടുനൽകി സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു.
വയസ് നൂറ്റിയാറ് പിന്നിട്ടെങ്കിലും ഇപ്പോഴും കൃഷിപ്പണിയിലും വീട്ടുജോലിയിലുമെല്ലാം കുഞ്ഞുപെണ്ണ് സജീവമാണ്. പൂഞ്ഞാര്‍ മുത്തോട്ടെ വീട്ടില്‍ കൊച്ചുപെണ്ണ്-കടത്ത ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയ മകളായ കുഞ്ഞുപെണ്ണ് 17ാം വയസിലാണ് പൂഞ്ഞാറില്‍നിന്നു പുഞ്ചവയല്‍ പാക്കാനത്തെ കാവനാല്‍ കുടുംബത്തിലെ നാരായണന്റെ ജീവിതസഖിയായി കടന്നുവരുന്നത്. പഴയകാലത്ത് പട്ടിണിയും കഷ്ടപ്പാടുമായിരുന്നെന്ന് പറയുന്ന കുഞ്ഞുപെണ്ണിന് പഴയ കാര്യങ്ങളെല്ലാം ഇപ്പോഴും നല്ലപോലെ ഓർമയുണ്ട്.
വിവാഹത്തെക്കുറിച്ച് ചോദിച്ചാൽ കുഞ്ഞുപെണ്ണിന് ഇപ്പോഴും നാണമാണ്. വണ്ടിയും വള്ളവുമൊന്നുമില്ലാതിരുന്ന കാലം. വിവാഹം കഴിഞ്ഞ് പൂഞ്ഞാറിൽനിന്നു കാൽനടയായാണ് നാട്ടുകാരും വരനും വധുവുമെല്ലാം പുഞ്ചവയലിലെ വീട്ടിൽ എത്തുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വനമായിരുന്നു. കാട്ടില്‍നിന്നു കൂട്ടമായി എത്തുന്ന ആനകളെ ഭര്‍ത്താവു നാരായണനും മറ്റുള്ളവരും ചേര്‍ന്നു പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ഓടിക്കുമായിരുന്നു. എന്നാൽ ഇന്ന് അതിൽക്കൂടുതൽ ആനശല്യമാണ്. പേടിച്ചിട്ട് വീട്ടിൽ കിടന്നുറങ്ങുവാൻ പോലും പറ്റുന്നില്ലെന്നും ഈ മുത്തശി പറയുന്നു. അല്‍പ്പം കേള്‍വിക്കുറവൊഴിച്ചാല്‍ കുഞ്ഞുപെണ്ണിനു കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
കരുണാകരന്, തങ്കമ്മ, അയ്യപ്പന് എന്നിവരാണ് മക്കൾ. ഇതില്‍ കരുണാകരന് എരുമേലി പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കിടപ്പുരോഗിയായ മകന്റെയും തന്റെയും പേരിൽ പട്ടയമില്ലാത്ത ഒന്നര ഏക്കർ ഭൂമിയുണ്ടെന്ന കാരണത്താൽ ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ നിന്നുപോയ സങ്കടത്തിലാണ് ഈ മുത്തശി.