കല്ലേപാലത്തിൽ കാലൊന്നു തെറ്റിയാൽ…
മുണ്ടക്കയം: മുണ്ടക്കയം കല്ലേപാലത്തിലൂടെയുള്ള കാൽനടയാത്ര അപകടഭീതിയിൽ. കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാതയിൽ കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് കല്ലേപാലം.
ദേശീയപാതയായതിനാൽ നൂറുകണക്കിനു വാഹനങ്ങളാണ് ഓരോ ദിവസവും ഈ പാലത്തിലൂടെ കടന്നുപോകുന്നത്. എന്നാൽ, വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച പാലത്തിനു വീതി കുറവായതാണ് ഇപ്പോൾ ഭീഷണിയായി മാറുന്നത്. പാലത്തിനു സമാന്തരപാത വേണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
മുട്ടിയുരുമ്മി വാഹനങ്ങൾ
രണ്ടു ബസുകൾ ഒരേസമയം പാലത്തിലൂടെ കടന്നുപോകുന്പോൾ കാൽനടയാത്രികർക്കു നിൽക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. സമീപത്തെ രണ്ടു സ്കൂളിൽനിന്നായി ആയിരത്തോളം വിദ്യാർഥികളാണ് രാവിലെയും വൈകുന്നേരങ്ങളിലും പാലത്തിലൂടെ കടന്നുപോകുന്നത്. ഇതുകൂടാതെ നിരവധി നാട്ടുകാരും ഇതുവഴി കാൽനടയായി സഞ്ചരിക്കുന്നു.
സ്കൂൾ അധികൃതർ വിദ്യാർഥികളോട് പാലത്തിലൂടെ സഞ്ചരിക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് ഓർമിപ്പിക്കുന്നുണ്ട്. പലപ്പോഴും കൂട്ടമായി പാലത്തിലൂടെ പോകുന്ന വിദ്യാർഥികളെ മുട്ടിയുരുമ്മിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വലിയ അപകടസാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്.
സമാന്തര നടപ്പാത
കല്ലേപാലത്തിൽ സമാന്തര നടപ്പാത നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമായതിനാൽ രണ്ടു നിയോജക മണ്ഡലങ്ങളാണ് ഇരുകരയിലുമുള്ളത്.
ജനപ്രതിനിധികളിൽ പലരും പലതവണ സമാന്തര നടപ്പാത നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും മുന്നോട്ടുപോയിട്ടില്ല. കൂടാതെ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ജലവിതരണ വകുപ്പിന്റെയും ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെയും പൈപ്പുകളും അപകടസാധ്യ കൂട്ടുകയാണ്.
പലപ്പോഴും വിദ്യാർഥികൾ ഇതിൽ മുകളിലൂടെ കയറി നടക്കുന്നതും റോഡിലേക്കു തെന്നിവീഴുന്നതും കാണാം. പാലത്തിന്റെ തുടക്കത്തിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ പൊട്ടി വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതുമൂലം കാൽനടയാത്രികരുടെ ദേഹത്തു തെറിക്കുന്നതും പതിവാണ്. കല്ലേപാലത്തിനു സമാന്തരമായി ഒരു വശത്തുകൂടി നടപ്പാത നിർമിച്ചാൽ പ്രശ്നങ്ങൾക്കു പരിഹാരമാകും.