വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
എരുമേലി : കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമായ വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ആയിരക്കണക്കിന് കുരുന്നുകള്‍. അറിവിലേക്കുള്ള ആരംഭം എന്നര്‍ത്ഥത്തിലാണ് വിജയദശമി ദിനത്തെ, വിദ്യാരംഭം എന്ന് വിളിക്കുന്നത്. ക്ഷേത്രങ്ങളിൽ കുട്ടികളെ എഴുത്തിനിരുത്താൻ പുലർച്ചെ മുതൽ തന്നെ രക്ഷിതാക്കളും ബന്ധുക്കളും എത്തിയിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ ഇതാദ്യമായാണ് ഇക്കുറി വിദ്യാരംഭ ചടങ്ങുകൾ നടന്നത്.
എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിഷ്ണു നമ്പൂതിരി കുഞ്ഞുങ്ങളുടെ ചൂണ്ടുവിരൽ പിടിച്ച് ആദ്യക്ഷരം കുറിപ്പിച്ചു. ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തിൽ നിറച്ച അരിയിൽ കുഞ്ഞിന്റെ വിരൽപിടിച്ച് “ഓം ഹരിശ്രീ ഗണപതയേ നമഃ എന്നും, സ്വർണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതിയാണ് വിദ്യാരംഭം കുറിക്കുന്നത്.
നവരാത്രി പൂജയുടെ അവസാന ദിവസം നടത്തുന്ന വിദ്യാരംഭത്തില്‍ കുറിക്കുന്ന, ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം, നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ കുറിക്കുന്ന അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആചാര്യന്മാര്‍ ഈ മന്ത്രത്തെ ഇങ്ങനെ വിശദീകരിക്കുന്നു. ആദ്യത്തേത് – ഹരി എന്നത് പരമാത്മാവിനെ പ്രതിനിധീകരിക്കുന്നു. ശ്രീ എന്നത് പരാശക്തിയെ അല്ലെങ്കില്‍ ഐശ്വര്യത്തിന്റെ ദേവതയെ പ്രതിനിധീകരിക്കുന്നു. ഗണപതി എന്നത് പ്രപഞ്ചത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓം എന്നത് പരാശക്തിയില്‍ നിന്ന് ഉത്ഭവിക്കുന്ന പ്രണവമന്ത്രത്തെ സൂചിപ്പിക്കുന്നു.
ചൂണ്ടുവിരലില്‍ പിടിച്ചാണ് ഗുരു ഒരു കുട്ടിയെ തന്റെ ആദ്യ അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിക്കുന്നതും, അവനെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതും. ചൂണ്ടുവിരല്‍ നമ്മുടെ അഹംബോധത്തെ പ്രതിനിധീകരിക്കുന്നു. യഥാര്‍ത്ഥ അറിവും ജ്ഞാനവും നേടുന്നതിന് അഹന്തയുടെ ഭാരം ഉപേക്ഷിക്കാനുള്ള ഒരു ദൃഢനിശ്ചയവും ഇതിനുണ്ട്.
പരമ്പരാഗതമായി കുട്ടികളുടെ നാവില്‍ തേനില്‍ മുക്കിയ സ്വര്‍ണ്ണം കൊണ്ട് ‘ഹരിശ്രീ’ എന്ന് ഗുരു ആചാര്യന്മാര്‍ എഴുതുന്നതിന് പിന്നില്‍ തത്വത്തില്‍ ഒരു നിശബ്ദ പ്രാര്‍ത്ഥനയും ഉള്‍പ്പെടുന്നു – ‘ഈ കുട്ടി പറയുന്നതെന്തും സ്വര്‍ണ്ണം പോലെ വിലമതിക്കട്ടെ’ എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. കുട്ടിക്ക് അറിവിന്റെ യാത്ര തടസ്സങ്ങളില്ലാതെ തുടരാന്‍ വിദ്യാദേവതയുടെ കൃപയേയും ഇത് വിളിച്ചോതുന്നു.
വിജയദശമി ദിനത്തില്‍ പൂജ എടുപ്പും നടന്നു. വിദ്യാർഥികൾ അവരുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും ദുർഗ്ഗാഷ്ടമി ദിവസം അമ്പലത്തിൽ പൂജയ്ക്ക് വയ്ക്കുന്നു. പൂജയ്ക്ക് ശേഷം, വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം അമ്പലത്തിൽ എത്തി ഭക്തിപൂർവ്വം പ്രാർത്ഥനയോടെ പൂജയ്ക്ക് വച്ച സാധനങ്ങൾ അവർ തിരിച്ചെടുക്കുന്നു. വിദ്യാദേവതയായ സരസ്വതിയുടെ അനുഗ്രഹം ലഭിക്കുന്നതിനുവേണ്ടിയാണ് കുട്ടികൾ അവരുടെ പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്നത്.