കെഎസ്ഇബി ഫ്യൂസ് ഊരി ; കൃഷി ഓഫിസ് പ്രവർത്തനം നിലച്ചു ; പിരിവെടുത്ത് എരുമേലി കൃഷി ഭവന്റെ വൈദ്യുതി ബില്ലടച്ച് യൂത്ത് കോൺഗ്രസ്.

എരുമേലി : പ്ലക്കാർഡും ബക്കറ്റുമായി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് കൃഷി ഓഫിസിന്റെ വൈദ്യുതി ചാർജ് അടച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ . ബിൽ അടയ്ക്കാതെ എൽഡിഎഫ് പഞ്ചായത്ത്‌ ഭരണസമിതി അനാസ്ഥ കാട്ടിയതിൽ പ്രതിഷേധിച്ചായിരുന്നു പിരിവെടുക്കൽ . വൈദ്യുതി ബിൽ തുകയായ 705 രൂപ അടയ്ക്കാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് എരുമേലി കൃഷി ഭവന്റെ വൈദ്യുതി കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചത്.

ഒരു വർഷമായി വൈദ്യുതി തുക പഞ്ചായത്ത്‌ അടയ്ക്കുന്നില്ലെന്നും തങ്ങൾ സ്വന്തം പണം മുടക്കി ബിൽ അടയ്ക്കുകയായിരുന്നെന്നും കൃഷി ഓഫിസിലെ ജീവനക്കാർ പറയുന്നു. ഒരു വർഷമായി കൃഷി ഭവന് ഫണ്ടുകൾ പഞ്ചായത്ത്‌ നൽകുന്നില്ലെന്നും പരാതിയുണ്ട്. ഇത്തവണയും ബിൽ കിട്ടിയപ്പോൾ പഞ്ചായത്തിൽ അറിയിച്ചിട്ടും പണമടച്ചില്ല. ഇതോടെ പണം ഇനി അടയ്‌ക്കേണ്ടന്ന് ജീവനക്കാർ തീരുമാനിച്ചതോടെ കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരുകയായിരുന്നു.

വൈദ്യുതി മുടങ്ങിയതോടെ കൃഷി ഓഫിസ് പ്രവർത്തനം മുടങ്ങി. ഇക്കാര്യം അറിയിച്ച് പഞ്ചായത്ത്‌ അധികൃതർക്ക്‌ കൃഷി വകുപ്പിൽ നിന്ന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ പഞ്ചായത്ത്‌ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവർ കോൾ അറ്റൻഡ് ചെയ്തില്ലെന്ന് കൃഷി ഓഫിസർ പറഞ്ഞു. സംഭവം വാർത്ത ആയതോടെ ഇന്നലെ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി ഭാരവാഹികൾ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ പേട്ടക്കവല വരെ കടകളിൽ നിന്നും നാട്ടുകാരിൽ നിന്നും പിരിവെടുത്ത് ബിൽ അടച്ചു. ഇതോടെ വൈകുന്നേരം വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് കൃഷി ഭവന്റെ വൈദ്യുതി ബില്ലുകൾ പഞ്ചായത്ത്‌ അടയ്ക്കാതിരുന്നത്. പ്രളയത്തിൽ വെള്ളം കയറി നശിച്ച കൃഷി ഭവനിലെ ഉപകരണങ്ങൾ മാറ്റി പുതിയത് നൽകണമെന്ന ആവശ്യത്തിലും നടപടി സ്വീകരിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ വെള്ളം കയറി കൃഷി ഓഫിസിന് വലിയ തോതിലാണ് നാശ നഷ്‌ടങ്ങൾ നേരിട്ടത്. കമ്പ്യൂട്ടറുകൾ , ഫയലുകൾ, ലാപ്ടോപ്പ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫർണിച്ചറുകൾ തുടങ്ങിയവയെല്ലാം നശിച്ചുപോയിരുന്നു. നിസാര തുകയുടെ വൈദ്യുതി ബിൽ പോലും അടയ്ക്കാൻ തയ്യാറാകാത്ത നിലയിൽ എൽഡിഎഫി ന്റെ പഞ്ചായത്ത്‌ ഭരണം പരാജയമായി മാറിയെന്നും തമ്മിലടിയാണ് ഭരണത്തിലെന്നും യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് പി ഡി ദിഗീഷ്, ബിജു വഴിപ്പറമ്പിൽ ഏണസ്റ്റ്, മനു ഒഴക്കനാട്, സിജി മുക്കാലി, എം എസ് രാജേഷ്, അലൻ ബോബൻ, അഖിൽ, കണ്ണൻ തുടങ്ങിയവർ പിരിവെടുക്കുന്നതിന് നേതൃത്വം നൽകി.

error: Content is protected !!