ജീവൻ കയ്യിലെടുത്ത് കല്ലേപ്പാലത്തിലൂടെ…
മുണ്ടക്കയം ∙ ദേശീയപാതയിൽ കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കല്ലേപ്പാലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് അപകടസാധ്യത കൂട്ടുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള വീതി കുറഞ്ഞ പാലത്തിൽ കാൽനടയാത്രക്കാരാണ് ഏറെ വലയുന്നത്. രണ്ടു വാഹനം അടുപ്പിച്ച് കടന്നുപോയാൽ കാൽനടയാത്രക്കാർ പാലത്തിന്റെ കൈവരികളിൽ ചേർന്ന് അമരുന്ന സ്ഥിതിയാണ്. പാലത്തിനു സമാന്തരമായി നടപ്പാലം നിർമിക്കണം എന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കം ഉണ്ട്.
2 ജില്ലകളുടെ അതിർത്തി ആയതിനാൽ പൂഞ്ഞാർ, പീരുമേട് നിയോജക മണ്ഡലങ്ങളുടെയും അതിർത്തിയാണു പാലം. മുൻകാലങ്ങളിൽ എല്ലാ ജനപ്രതിനിധികളും സമാന്തരപാലം എന്ന പദ്ധതി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെ പ്രാഥമികനടപടി പോലും ആയിട്ടില്ല. സമീപത്തെ സ്കൂൾ കുട്ടികൾ അടക്കം ഏതു സമയവും കാൽനടയാത്രക്കാരുടെ തിരക്കുള്ള പാലത്തിൽ ജല അതോറിറ്റിയുടെ പൈപ്പും യാത്രക്കാർക്കു വിലങ്ങുതടിയായി.
പാലത്തിന്റെ വശത്തായി കിടക്കുന്ന പൈപ്പിനു മുകളിൽ കയറിനിന്നാണു പലപ്പോഴും കാൽനടയാത്രക്കാർ വാഹനങ്ങൾ പോകുമ്പോൾ രക്ഷ നേടുന്നത്. ഇൗ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും പതിവാണ്. പാലത്തിന്റെ സമീപനപാതയോടു ചേർന്നുള്ള ഭാഗത്തു കാടുകൾ വളർന്നുനിൽക്കുന്നതും യാത്രക്കാർക്കു വിനയായി. പലപ്പോഴും നാട്ടുകാരാണു കാടുകൾ വെട്ടിനീക്കുന്നത്. ജില്ലാ അതിർത്തി ആയതിനാൽ തന്നെ കാൽനടയാത്രക്കാർക്ക് ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കാൻ പദ്ധതികൾ വേണമെന്നാണു ജനങ്ങളുടെ ആവശ്യം.