60-ഗ്രാം കഞ്ചാവുമായി പിടിയിൽ
എരുമേലി: കൊലപാതകവും കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ കഞ്ചാവുമായി വീണ്ടും പിടിയിൽ.
എരുമേലി കനകപ്പലം പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ്(63) ആണ് പിടിയിലായത്. ഇയാളുടെ ഓട്ടോറിക്ഷയിൽനിന്ന് 60 ഗ്രാം കഞ്ചാവും എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
അഞ്ച് പൊതികളായാണ് വാഹനത്തിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എരുമേലി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലക്കേസിൽ ഏതാനും വർഷങ്ങൾ മുമ്പ് ശിക്ഷ കഴിഞ്ഞിറങ്ങിയ ആളാണ്.
ഇതിനുശേഷം നാലുതവണ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ച വീണ്ടും പിടിയിലായെങ്കിലും കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങി. ഇയാളുടെ ഫോൺകോളുകൾ അടിസ്ഥാനമാക്കി അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.