കരിമ്പുകയത്തും പൂതക്കുഴിയിലും ആറ്റുതീരത്തെ പുറമ്പോക്കിലൂടെ വാക് വേ നിർമ്മിക്കും. ; ഡോ. എൻ ജയരാജ് എംഎൽഎ
കാഞ്ഞിരപ്പള്ളി : പൊതുജങ്ങൾക്കു സുരക്ഷിതമായ വ്യായാമത്തിനായി കരിമ്പുകയത്തും പൂതക്കുഴിയിലും ആറ്റുതീരത്തെ പുറമ്പോക്കിലൂടെ വാക് വേ നിർമ്മിക്കുമെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ ഡോ. എൻ ജയരാജ് പറഞ്ഞു .
ജീവിതശൈലീ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർ ഇന്നേറെയാണ്. അവർക്ക് സ്ഥിരമായ വ്യായാമം അത്യാവശ്യമാണ് . തെരുവുനായ്ക്കളുടെ ശല്യം മൂലം വ്യായാമത്തിനായി റോഡുകളിലൂടെ നടക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിൽ, സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടുപിടിക്കണ്ടത് വളരെ പ്രധാനമാണ്. അതിനായി കരിമ്പുകയം ചെക് ഡാമിന്റെ അരികിൽ ആറ്റുതീരത്തുകൂടി വാളക്കയത്തേക്ക് ഒരു വാക് വേ നിർമ്മിക്കുന്നതിനുള്ള ആലോചനയിലാണ്. അതുപോലെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ആറ്റുതീരത്ത് ഒരു കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന പുറമ്പോക്കു ഭൂമിയിൽ കൂടി വാക് വേ നിർമ്മിച്ചാൽ ജനങ്ങൾക്ക് വ്യായാമത്തിനായി സുരക്ഷിതമായി നടക്കുവാൻ ഏറെ പ്രയോജനപ്പെടും. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ സീനിയർ സിറ്റിസൺസ് ഫോറം രജതജൂബിലി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റ് ബാബു പൂതക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.