ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് അടച്ചു; കാഞ്ഞിരപ്പള്ളിയിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കി.

ദേശീയപാതയിൽ നിന്നു ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡിലെ പ്രവേശനകവാടം അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെയാണ് ടൗണിൽ ഗതാഗത നിയന്ത്രണം നടപ്പാക്കിയത്. ചൊവ്വാഴ്ച ദേശീയപാത വിഭാഗത്തിന്റെ അനുമതി ലഭിച്ചതോടെ അന്ന് രാത്രിയിൽ തന്നെ റോഡിലെ കുഴികൾ കോൺക്രീറ്റിട്ട് അടച്ചു. കോൺക്രീറ്റ് ഉറയ്ക്കാൻ 7 ദിവസത്തേക്ക് ഇതുവഴി ഗതാഗതം നിരോധിച്ചു.

കെ.കെ. റോഡിൽനിന്ന് വരുന്ന ബസ്സുകൾ, കുരിശുങ്കൽ കവലയിൽ നിന്നും തിരിഞ്ഞു, തമ്പലക്കാട് റോഡ് – പുത്തനങ്ങാടി റോഡിലൂടെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് ഗതാഗത പരിഷ്‌കരണം നടപ്പിലാക്കിയിരിക്കുന്നത് . മിക്ക ബസ്സുകളും ആ രീതിയിൽ യാത്ര ക്രമീകരിച്ചുവെങ്കിലും, ദീർഘദൂര ബസുകൾ പലതും സ്റ്റാൻഡിൽ കയറാതെ പോയത് സ്റ്റാൻഡിൽ ബസ് കാത്തു നിന്നവരെ ബുദ്ധിമുട്ടിലാക്കി. എല്ലാ ബസുകളും സ്റ്റാൻഡിൽ കയറുന്നത് ഉറപ്പാക്കാൻ അടിയന്തിര നടപടി വേണമെന്ന് ആവശ്യമുയർന്നു.

തമ്പലക്കാട് റോഡിലെ ഗ്രോട്ടോ ഭാഗം മുതൽ കുരിശുകവല വരെ വൺവേ നിർദേശിച്ചെങ്കിലും ഇരുവശങ്ങളിലേക്കും വാഹനങ്ങൾ ഓടുന്നുണ്ടായിരുന്നു.

എരുമേലി ഈരാറ്റുപേട്ട ഭാഗത്ത് നിന്നും എത്തുന്ന ബസുകൾ പേട്ടക്കവല കഴിഞ്ഞാൽ സിവിൽ സ്റ്റേഷന്റെ ഗേറ്റിന്റെ എതിർവശത്ത് നിർത്തി ആളെ ഇറക്കണമെന്നായിരുന്നു സമിതി നിർദേശിച്ചത്. എന്നാൽ ബസുകൾ സ്റ്റാൻഡിനു മുൻവശത്ത് ദേശീയ പാതയിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തത് റോഡിൽ പലപ്പോഴും ബ്ലോക്കുണ്ടാക്കി .

error: Content is protected !!