കാനനപാതയിലൂടെ ഭക്തർക്ക് യാത്രനുമതി 17 മുതൽ മാത്രം, നേരത്തേയെത്തിയത് തർക്കത്തിനിടയാക്കി..

കണമല : എരുമേലിയിൽ നിന്നും ശബരിമലയിലേക്കുള്ള പരമ്പരാഗത വന പാതയിൽ ചൊവ്വാഴ്ച മലയാളികളായ ഒരു സംഘം അയ്യപ്പ ഭക്തർ എത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു. 17 മുതൽ മാത്രമാണ് പാതയിലൂടെ തീർത്ഥാടന യാത്ര അനുവദിക്കുകയെന്ന് വനപാലകർ പറഞ്ഞിട്ടും ഭക്തർ വഴങ്ങാതെ വന്നതോടെ ഒടുവിൽ യാത്രക്ക് അനുമതി നൽകുകയായിരുന്നു. ഭക്തരുടെ കൂടെ വനപാലകർ സുരക്ഷയ്ക്കായി അനുഗമിച്ചാണ് യാത്ര അനുവദിച്ചതെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൻ വി ജയൻ പറഞ്ഞു.

വനപാതയുടെ പ്രവേശന ഭാഗമായ കോയിക്കക്കാവ് ഭാഗത്ത് ഇന്നലെയാണ് സംഭവം. അഴുത – കാളകെട്ടി ഇടത്താവളം വരെ വനപാലകർ പിന്തുടർന്നു. തുടർന്ന് അഴുത നദിയിൽ സ്നാനം നടത്തിയ തീർത്ഥാടക സംഘം വന പാതയിലൂടെ ശബരിമലയിലേക്ക്‌ യാത്ര തുടർന്നെങ്കിലും വനപാലകർ ഇടപെട്ട് മുക്കുഴി ഇടത്താവളത്തിൽ ഇവർക്ക് താങ്ങാൻ ക്യാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു. കടകളും വെളിച്ചവും കുടിവെള്ളവും ചികിത്സയും ഉൾപ്പടെ സൗകര്യങ്ങൾ വന പാതയിൽ അടുത്ത ദിവസം മുതലാണ് പൂർണ തോതിൽ സജ്ജമാവുകയെന്നും അതുകൊണ്ടാണ് 17 വരെ യാത്രയ്ക്ക് അനുമതി നൽകാത്തതെന്നും വനം വകുപ്പ് പറയുന്നു.

കഴിഞ്ഞ നാല് വർഷമായി കാനന പാതയിൽ തീർത്ഥാടക യാത്ര നിലച്ച സ്ഥിതിയിലായിരുന്നു. ഇത്തവണയാണ് പൂർണ അനുമതി നൽകിയിട്ടുള്ളതെങ്കിലും രാത്രിയിൽ യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വന്യ മൃഗ സാന്നിധ്യം മുൻനിർത്തിയാണ് രാത്രി യാത്ര വിലക്കിയിരിക്കുന്നത്. അടുത്ത ദിവസം മുതൽ കടകൾ പ്രവർത്തനം തുടങ്ങുന്നതോടെ സുരക്ഷ ഉറപ്പാകും. ഇന്നലെ അഴുത ഇടത്താവളത്തിൽ വെച്ച് അയ്യപ്പ ഭക്ത സംഘത്തെ സന്ദർശിച്ചെന്നും വനപാതയിലെ യാത്രയുടെ മുൻകരുതലും ജാഗ്രതയും വിവരിച്ച് ബോധവൽക്കരണം നടത്തിയെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.17 മുതൽ പാതയിൽ തീർത്ഥാടന യാത്ര പകൽ സമയം അനുവദിക്കും. ഇടവിട്ട് പട്രോളിംഗ് ഉണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു. അതേസമയം ഇന്നലെ തീർത്ഥാടകർ വന പാതയിൽ എത്തിയത് സംബന്ധിച്ച് തെറ്റായ പ്രചരണം ഉണ്ടായെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തെറ്റിദ്ധാരണ പകരുന്ന നിലയിൽ വാർത്ത പ്രചരിക്കപ്പെട്ടത് പരക്കെ ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് നാട്ടുകാർ പറഞ്ഞു.

error: Content is protected !!