ഇണപിരിയാത്ത ഇരട്ട സഹോദരിമാർ ഇനി ഇരട്ട ഡോക്ടർമാർ…

എരുമേലി : രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും ഒരേപോലെയായിരിക്കുന്ന ഇരട്ട സഹോദരിമാർ ബുദ്ധിശക്തിയിലും ഒരേപോലെയാണെന്ന് തെളിയിച്ചു . എസ്എസ്എൽസി ക്കും പ്ലസ്ടു വിനും ഫുൾ എ പ്ലസ് വാങ്ങിയ ഇരുവരും, ഇപ്പോൾ മികച്ച വിജയത്തോടെ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ്‌ പാസ്സായി ഇരട്ട ഡോക്ടർമാർ ആയതോടെ വീട്ടിലേക്ക് അഭിനന്ദന പ്രവാഹമാണ് . എരുമേലി നെടുങ്കാവുവയൽ തോപ്പിൽ വീട്ടിൽ പോലീസിലെ റിട്ടയേർഡ് എഎസ്ഐ ശശി – ജെൻസി ദമ്പതികളുടെ മക്കളായ നീതുവും നീനുവും ആണ് ആ മിടുമിടുക്കികൾ ..

ഒരേ പോലെ രണ്ട് പെൺകുട്ടികൾ. ഇരുവരും ജനിച്ചത് ആറ് മിനിറ്റ് വ്യത്യാസത്തിൽ. ഒരാൾ കരഞ്ഞാൽ മറ്റേയാളും കരയും. രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും ഒരേപോലെയായത് പോലെ എല്ലാ ക്ലാസിലും തൊട്ടടുത്ത ഇരിപ്പിടത്തിൽ ഒരേ വേഷത്തിൽ ഒരുമിച്ച് പഠനത്തിലും ഒന്നായി. എസ്എസ്എൽസി ക്കും പ്ലസ്ടു വിനും ഫുൾ എ പ്ലസ്. ദാ ഇപ്പോൾ ഇരുവരും ഒന്നിച്ച് എംബിബിഎസ് പാസായിരിക്കുന്നു. വീട്ടുകാർ സന്തോഷത്തിൽ മുങ്ങിയപ്പോൾ ആഹ്ലാദത്തിന്റെ നടുവിലാണ് നാട്ടുകാരും.

അഭിനന്ദനങ്ങളുടെ പ്രവാഹമാണ് എരുമേലി നെടുങ്കാവുവയൽ തോപ്പിൽ വീട്ടിൽ. പോലീസിലെ റിട്ടയേർഡ് എഎസ്ഐ ശശി – ജെൻസി ദമ്പതികളുടെ മക്കളായ നീതുവും നീനുവും ആണ് ഇനി ഒന്നിച്ച് ഡോക്ടർമാരാകാൻ പോകുന്നത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിലായിരുന്നു ഇരുവരുടെയും എംബിബിഎസ് പഠനം. കഴിഞ്ഞ ദിവസം റിസൽട്ട് എത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ ഇരുവരും ഒരേ പോലെ മികച്ച വിജയം നേടി.

സർക്കാർ സർവീസിൽ ഡോക്ടർമാരായി സേവനം നൽകണമെന്നതാണ് ഇരുവരുടെയും ആഗ്രഹം. ഹൗസ് സർജൻസി ചെയ്യുന്നതിനൊപ്പം പി ജി ക്ക്‌ പഠിക്കാനും ആഗ്രഹമുണ്ട്. രണ്ട് പെൺകുട്ടികൾ മാത്രമാണ് ശശി – ജെൻസി ദമ്പതികളുടെ ആകെയുള്ള മക്കൾ. ഇവർ വീട്ടിൽ ഇല്ലെങ്കിൽ വീട് ആകെ നിശബ്ദമാകും. ഇരുവർക്കും ഓരോ കാര്യങ്ങളിലും ഏതാണ് ഇഷ്ടം എന്ന് ചോദിച്ചാൽ രണ്ട് പേർക്കും ഒറ്റ ഉത്തരം. മക്കളോട് ഏത് കോഴ്സിന് ചേരണമെന്ന് പറഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു. എംബിബിഎസ് തെരഞ്ഞെടുത്തത് നീതുവും നീനുവും ചേർന്നാണ്. ഒന്നിച്ച് അഡ്മിഷൻ കിട്ടാൻ ഇരുവരും പാലായിൽ കോച്ചിംഗ് ക്ലാസിൽ ചേർന്ന് പഠിച്ചത് ഗുണം ചെയ്തു. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ അങ്ങനെയാണ് മെറിറ്റ് ക്വോട്ടയിൽ അഡ്മിഷൻ ലഭിച്ചത്. ഒരേ ക്ലാസിൽ ഒന്ന് മുതൽ പഠിച്ചത് പോലെ ഇഴ പിരിയാതെ എംബിബിഎസ് പഠനവും അങ്ങനെ സാധിച്ചു. പക്ഷെ പാലക്കാട് കോളേജിൽ ഒരേ വേഷത്തിൽ ഇരുവരെയും കാണുന്നത് അദ്ധ്യാപകർക്കും സഹപാഠികൾക്കും ആശയക്കുഴപ്പമായിരുന്നു. ഇവരുടെ നിർബന്ധത്തിന് വഴങ്ങി തിരിച്ചറിയാൻ വേണ്ടി വ്യത്യസ്ത വേഷങ്ങളിൽ ആണ് ദിവസവും ഇരുവരും ക്ലാസിൽ എത്തിയിരുന്നത്.

എരുമേലി നിർമല പബ്ലിക് സ്കൂളിൽ നിന്നാണ് ഇരുവരും ഫുൾ എ പ്ലസ് നേടി എസ്എസ്എൽസി ജയിച്ചത്. തൊട്ടടുത്തുള്ള സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റിൽ ഇരുവർക്കും പ്ലസ്ടു പ്രവേശനം കിട്ടി. അവിടെയും ഫുൾ എ പ്ലസ് നേടി ജയം ആവർത്തിച്ചു. പഠിക്കുമ്പോൾ പുസ്തകത്തിന്റെ താൾ ഒരാൾ മറിക്കണമെങ്കിൽ മറ്റെയാൾ അത് വായിച്ചു പൂർത്തിയായിരിക്കണമെന്ന നിലയിലായിരുന്നു ഇരുവരുടെയും പഠനമെന്ന് മാതാപിതാക്കൾ പറഞ്ഞു. വേഷപ്പകിട്ടുകളും ആഭരണ ഭ്രമവും ഇല്ലാത്ത ലളിതമായ ജീവിതശൈലി പിന്തുടരുന്ന മക്കൾ ആണ് തങ്ങളുടെ റോൾ മോഡൽ എന്ന് മാതാപിതാക്കൾ അഭിമാനത്തോടെ പറയുന്നു. സർക്കാർ ഡോക്ടർമാരായി നാടിന് സേവനം നൽകാനുള്ള ഇരുവരുടെയും ആഗ്രഹത്തിന് വീട്ടുകാരും നാട്ടുകാരും സന്തോഷത്തോടെ പിന്തുണ പകരുകയാണ്.

error: Content is protected !!