പുണ്യം പൂങ്കാവനം പദ്ധതി വിശുദ്ധിയുടെ സന്ദേശം : ആന്റോ ആന്റണി എം പി.
എരുമേലി : ശബരിമല തീർത്ഥാടന കാലത്ത് പോലിസ് നേതൃത്വം നൽകി ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പുണ്യം പൂങ്കാവനം പദ്ധതി വിശുദ്ധിയുടെ സന്ദേശമാണെന്ന് ആന്റോ ആന്റണി എം പി. പദ്ധതിയുടെ ഭാഗമായി എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ നടന്ന ശുദ്ധിസേവയും നക്ഷത്ര വനവൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റിട്ട. അസി. കമാണ്ടൻറ് ജി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി, പന്തളം രാജകൊട്ടാര പ്രതിനിധി പുണർതം തിരുനാൾ നാരായണ വർമ, പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രൻ, സിന്ധു മോഹൻ, ജോൺസി ബെന്നി, ദേവസ്വം പ്രതിനിധികളായ ആർ പ്രകാശ്, ശ്രീധര ശർമ്മ, മണിലാൽ നമ്പൂതിരി, പ്രസാദ് വർമ പന്തളം കൊട്ടാരം, രാജൻ വടകര, എം എസ് ഷിബു, ഉമാ ദേവി തുടങ്ങിയവർ പ്രസംഗിച്ചു. പുണ്യം പൂങ്കാവനം ശുചീകരണ ജോലിക്കിടെ കളഞ്ഞുകിട്ടിയ മൂന്നര പവന്റെ മാല ഉടമയെ കണ്ടെത്തി തിരിച്ചുനൽകി മാതൃകയായ പോലീസുകാരായ നവാസ്, അനീഷ്, വിശാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.