” പ്രയത്ന” – അമൽജ്യോതി കോളേജിന്റെ സപ്തദിന സഹവാസ ക്യാമ്പിന് മാലാഖമാരുടെ ഗ്രാമത്തിൽ തുടക്കമായി
കാഞ്ഞിരപ്പള്ളി : അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പിന് വാഴൂർ ഗ്രാമ പഞ്ചായത്ത് പരിധിയുലുള്ള ചെങ്കൽ പ്രദേശത്തെ മാലാഖമാരുടെ ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്ന ആശാനിലയം സ്പെഷ്യൽ സ്കൂളിൽ തുടക്കമായി.
ഇവിടുത്തെ കൃഷിതോട്ടം പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം മനോഹരമായ ഒരു പൂന്തോട്ടം സജ്ജമാക്കുന്നതാണ് ക്യാമ്പ് പദ്ധതിയായി നടപ്പിലാകുന്നത്. കൂടാതെ പൊൻകുനം കെ. എസ്. ആർ. ടി. സി. ബസ്റ്റാന്റും ശുചീകരിക്കും. ക്യാമ്പ് പദ്ധതിയുടെ ഉദ്ഘാടനം വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റെജി വി. പി. നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ജിജി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നല്ല സമറയാൻ, മാലാഖമാരുടെ ഗ്രാമം എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ. റോയ് വടക്കേൽ, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ബർസാർ ഫാ. റോബിൻ പട്ടരുകാലായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിൻസ് പി. സക്കറിയ, ഡോ. സണ്ണിച്ചൻ വി. ജോർജ്, വോളന്റീർ സെക്രെട്ടറിമാരായ ഷെർജിൻ, ജോബ്സി, റെബ, ആവണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി വരുന്നു. ജനുവരി രണ്ടിന് ക്യാമ്പ് സമാപിക്കും.